Saturday, February 6, 2010

തീവ്രവാദങ്ങള്‍ പലവിധം!

സംഘടിച്ച് ശക്തരാകുവിന്‍ എന്ന് ഉദ്ഘോഷിച്ച നമ്മുടെ നേതാക്കള്‍ ഇന്നത്തെ സംഘടകളുടേ അവസ്ഥകളും മുദ്രാവാക്യങ്ങളും പ്രവര്‍ത്തനങ്ങളും കണ്ടാല്‍ ലജ്ജിച്ച് നാട് വിട്ടേനെ. നാലാളു കൂടിയാല്‍ ഇന്ന് ഒരു സംഘടനയായി. മറ്റ് സംഘടനകളില്‍ നിന്നും വ്യത്യസ്ഥമായി ഒരു മുദ്രാവാക്യം കണ്ടെത്താന്‍ കഴിഞ്ഞാല്‍ സംഘടന ഹിറ്റായി. ഇനി അധവാ മുദ്രാവാക്യം ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ നേരെ അക്രമത്തിലേക്ക് തിരിയുക. ഒന്നോ രണ്ടോ ആളെ പട്ടാപകലോ പുലര്‍ച്ചയോ വെട്ടിക്കൊല്ലുക.ബോംബ് ഭീഷണികള്‍ മുഴക്കുക തുടങ്ങീ ചെറിയ സത്പ്രവര്‍ത്തികള്‍ ചെയ്താല്‍ തീര്‍ച്ചയായും നാട്ടിലെ വാര്‍ത്താ ചാനലുകള്‍ ഒരു ഫീച്ചറും എക്ക്ലൂസീവ് കഥകളും ദിവസങ്ങളോളം വിളമ്പി ശ്രദ്ധ നേടാന്‍ വളരെയധികം സഹായിക്കും.പിന്നെ എന്ത് തോന്ന്യാസം ചെയ്താലും ആ സംഘടനയുടെ വീര ക്യത്യം എന്ന നിലയില്‍ ചാനലുകാര്‍ ഫ്ലാഷ് ന്യൂസ് മുതല്‍ ന്യൂസ് ഹവര്‍ ചര്‍ച്ചകള്‍ വരെ ചെയ്ത് ആത്മ നിര്‍വ്യതിയടയും.

ജനാധിപത്യ രാജ്യത്ത് എന്ത് തെമ്മാടിത്തരവും ആവാമെന്ന് ഇതിനോടകം പല സംഘടനകളും തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. എല്ലാം പരിപാവനമായ ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഓരൊ പൌരനും അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.ചോദ്യം ചെയ്യപ്പെടാന്‍ ഇവിടെ ഒരു ശക്തിക്കും ആവാത്ത വിധം വളര്‍ന്നു പന്തലിക്കുന്ന ഇത്തരം സംഘടനകളുമായി സമരസപ്പെട്ട് പോകുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇലക്ഷനില്‍ നാലു വോട്ടിനു വേണ്ടി എല്ലാം കണ്ടില്ലെന്ന് നടിക്കുന്നു. ഈ മൌന സമ്മതം പല സംഘടനകളും ഒരു അനുഗ്രഹമായി എടുത്ത് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു.ഇങ്ങനെ മുക്കിനു മുക്കിനു സംഘടകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഗ്രഹാശിസ്സുകളോടെ തഴച്ച് വളര്‍ന്ന് പിന്നീട് സമൂഹത്തിനു തന്നെ ഭീഷണിയാകുന്ന ഒരു പ്രവണതയാണ് ഇന്ന് കണ്ട് വരുന്നത്.പ്രാദേശിക വിഘടന വാദങ്ങളും മണ്ണിന്റെ വാദങ്ങളുമെല്ലാം ഇത്തരം സംഘടനകള്‍ ഉന്നയിക്കുമ്പോള്‍ അതിനെ ഒരു അളവു വരെ സംരക്ഷിക്കേണ്ടി വരുന്നതും ഇവിടത്തെ മുഖ്യധാരാ രാ‍ഷ്ട്രീയ പാര്‍ട്ടികളാണെന്നത് അത്യന്തം ഖേദകരമാണ്.


മറാത്താ വാദത്തെ അനുകൂലിച്ച് കൊണ്ട് മഹാരഷ്ട്രയിലെ ടാക്സി ഡ്രൈവര്‍മാര്‍ മറാത്തി നിര്‍ബന്ധ ഭാഷയായി പ്രഖ്യാപിച്ച് പിന്നീട് അതില്‍ നിന്നും പിന്നോട്ട് പോവുകയും ചെയ്ത കോംഗ്രസ്സും ഉള്ളിന്റെ ഉള്ളില്‍ മറാത്താ വാദത്തെ അനുകൂലിക്കുന്നു എന്നത് വ്യക്തമാണ്.ഇവിടേയും ഒരു മ്യദുഹിന്ദുത്വ സമീപനം പോലെ കോംഗ്രസിന്റെ ഒരു മ്യദുമറാത്താ സമീപനം.ഒരു സംസ്ഥാനത്ത് അന്യ സംസ്ഥാനക്കാര്‍ താമസിക്കാന്‍ പാടില്ലെന്ന് ഭീഷണിമുഴക്കുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുമ്പോള്‍ “തീവ്രവാദങ്ങള്‍“ ഇവിടെ നമ്മള്‍ നിര്‍വചിക്കപ്പെടേണ്ടതുണ്ട്.ഭീഷണിപ്പെടുത്തലും, ബഹിഷ്കരണങ്ങളും അക്രമണങ്ങളും തങ്ങളെ എതിര്‍ക്കുന്നവര്‍ നേരിടേണ്ടി വരുന്നു.ഇന്ത്യ എന്റെ രാജ്യമാണ് എന്നതിനു പകരം മഹാരാഷ്ട്ര എന്റെ രാജ്യമാണ് എന്ന് പറയുന്നതിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുമ്പോള്‍ നിയമങ്ങള്‍ കേവലം നോക്കുകുത്തികളാവുന്ന ദയനീയമായ കാഴ്ചകളാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്.പ്രാദേശിക വാദങ്ങളും മണ്ണിന്റെ വാദങ്ങളും ഏതറ്റം വരെ പോകും എന്നത് നായര്‍ക്ക് ആശങ്കയുണ്ടാക്കുന്നു.

നാലാള്‍ സംഘടിച്ച് ഒരു ആത്മഹത്യാ ഭീഷണി മുഴക്കിയാല്‍ നാട്ടിലെ സര്‍ക്കാറുകളെ വരുതിയില്‍ കൊണ്ട് വരാമെന്ന് പല സംഘടനകളും തെളിയിച്ചിട്ടുണ്ട്.മരണം വെരെ നിരാഹാരം അനുഷ്ടിക്കാന്‍ തയാറായാല്‍ ഒരു സംസ്ഥാനം തന്നെ രൂപീകരിച്ച് നല്‍കിയേക്കാം എന്ന മ്യദു സമീപനമാണ് ഭരണാധികാരികള്‍ക്ക്.ആത്മഹത്യാ സ്കോടുകള്‍ തീര്‍ത്ത് സമരം ചെയ്യുന്ന സമരമുറകള്‍ ഇന്ന് ഒരു ഫാഷനായിരിക്കുന്നു.അതിലൂടെയും അക്രമണത്തിലൂടേയും കാര്യങ്ങള്‍ നേടിയെടുക്കാം എന്ന് വന്നിരിക്കുന്നു.സംഘടനയുടെ കീഴിലായത് കൊണ്ട് ആത്മഹത്യാശ്രമത്തിനു കേസില്ല ഒരു നിയമ നടപടികളും ഇല്ല.ഇത്തരം സംഘടനകള്‍ ഇന്ന് എല്ലാ സമൂഹത്തിലും ഒരു സമൂഹിക വിപത്ത് പോലെ വളര്‍ന്ന് പന്തലിച്ചിരിക്കുന്നു.ഏറ്റവും ഒടുവില്‍ ഇതാ ജയറാം എന്ന നടന്റെ വീട് ആക്രമിക്കുന്നത് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ജയറാം തമിഴ് സ്ത്രീകളെ ആക്ഷേപിച്ചു പോലും.അക്രമം ചെയ്തത് തമിഴരാണെന്നത് കൊണ്ട് അല്‍പ്പം ബുദ്ധികുറവിന്റെ കാരണമാണെന്ന് നായര്‍ കരുതുന്നു. കാരണം സ്നേഹിച്ചാല്‍ സിനിമാ നടികള്‍ക്കും അവരുടെ അടിവസ്ത്രങ്ങള്‍ക്കും വരെ അമ്പലം പണിത് പൂജകള്‍ മുടങ്ങാതെ നടത്തുന്ന ഒരു പ്രാക്യത സമ്പ്രദായം അവിടെ നിലനില്‍ക്കുന്നു.ഇതൊക്കെ കണ്ട് കഷ്ടം എന്നല്ലാതെ നായര്‍ എന്ത് പറയാന്‍!

ജയറാം ഒരു മലയാളിയായത് കൊണ്ടാണ് നായര്‍ക്ക് ഒരു ജയറാം പ്രേമമെന്ന് ആരും സംശയിക്കേണ്ട. ഒരു വീട് അക്രമിക്കാനും പെട്രോള്‍ ബോമ്പെറിഞ്ഞ് കത്തിക്കാന്‍ ശ്രമിച്ചതും രണ്ട് സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ അതിക്രമം നടത്തിയതിന്റേയും ഈ പന്ന നായിന്റെ മക്കളുടെ മുദ്രാവാക്യവും തമ്മില്‍ എന്താണ് ഒരു പൊരുത്തം എന്ന് നായര്‍ ആലോചിച്ച് പോവുകയാണു. തമിഴ് സ്ത്രീകളെ ആക്ഷേപിച്ചു എന്ന് പറയുന്ന ഈ നാറികള്‍ പെട്രോള്‍ ബോംബെറിഞ്ഞ് കത്തിക്കാന്‍ ശ്രമിച്ചതും ഇവര്‍ അതിക്ഷേപിച്ചു എന്നു പറയുന്ന ആ വേലക്കാരിയെയല്ലെ? ഇതാണ് പുതിയ തീവ്രവാദങ്ങളുടെ തന്തയില്ലായ്മകള്‍!എന്ത് തോന്യാസവും ചെയ്യാം.പേരിനൊരു അറസ്റ്റ് നടന്നാലും നേതാക്കള്‍ ഇടപെട്ട് എത്രയും വേഗം പുറത്ത് വരാം. വീണ്ടും അടുത്ത വിഷയമുണ്ടാക്കി ആക്രമണം തുടരാം. സംഘടനയ്ക്ക് അനുദിനം അണികളും പിന്‍ ബലവും കൂടും.ഏത് കേസില്‍ പെട്ടാലും അതില്‍ നിന്നും ഊരിക്കൊണ്ടു വരാന്‍ നേതാക്കളുള്ളപ്പോള്‍ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേച്ചില്‍ പുറങ്ങള്‍ തേടുകയാണ്.

ഇന്നത്തെ ചുറ്റുപാടില്‍ തീവ്രവാദവും ഭീകരവാദവും വിഘടന വാദവുമെല്ലാം കൂടുതല്‍ നിര്‍വചനങ്ങള്‍ ആവശ്യപ്പെടുന്നു.തീവ്രവാദത്തിന്റെ അളവു കോല്‍ എന്തെന്ന് നാം ഒരു പുനര്‍ വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. ഒരു പൌരന്റെ സ്വൌര ജീവിതം തകര്‍ക്കുന്ന ഏത് പ്രവര്‍ത്തനവും ഭീകര പ്രവര്‍ത്തനമായി കണക്കാക്കണം.ഇവിടെ സംഘടനകളുണ്ടാക്കി സാമാന്യ ബുദ്ധിക്ക് നിരയ്ക്കാത്ത മുദ്രാവാക്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ അതേ സംഘടനകള്‍ വളരുന്ന മണ്ണില്‍ വ്യക്തികളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ജനാധിപത്യത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ട് എന്ന ഒരു മുന്‍ വിധിയിലാണ് കാര്യങ്ങളുടെ പോക്ക് എന്ന് വരുകില്‍ ഇവിടെ വ്യക്തികള്‍ പ്രതികരിക്കുന്ന ഒരു കാലം അതി വിദൂരമല്ല.അത്തരം പ്രവര്‍ത്തനങ്ങളെ മാത്രം ഭീകര പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നതിനു മുമ്പ് അതിനു ഹേതുവാകുന്ന ഇത്തരം സംഘടനകളെ നിരോധിക്കാനോ,അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭീകരപ്രവര്‍ത്തങ്ങളായി കണക്കാക്കി ഫലപ്രദമായി തടയാനോ ഭരണാധികാരികള്‍ തയാറാകണം.അല്ലെങ്കില്‍ നമ്മുടെ രാജ്യത്ത് കൂടുതല്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കും, അപ്പോഴും നമ്മള്‍ ഭീകര പ്രവര്‍ത്തനങ്ങളുടെ നിര്‍വചനം അന്വേഷിക്കുകയായിരിക്കും...

എന്നാ നായരങ്ങട്....

Tuesday, February 2, 2010

കൊച്ചിന്‍ ഹനീഫയെ ചാനലുകാര്‍ അന്തരിപ്പിച്ചു!


അല്ലെങ്കിലും ഈ ചാനലുകാരൊന്നും ഒരിക്കലും നന്നാവാന്‍ പോണില്ല. എത്ര അബദ്ധം പറ്റിയാലും പിന്നേയും പിന്നേയും ഒരു ഉളുപ്പുമില്ലാതെ ഇങ്ങനെ വാര്‍ത്തകള്‍ ഒണ്ടാക്കി ചര്‍ദ്ദിച്ച് കോണ്ടേയിരിക്കും. എന്നാലും പറ്റിപ്പോയ തെറ്റിനെ ഏറ്റ് പറഞ്ഞ് ഖേദിക്കാനോ അല്ലെങ്കില്‍ വാര്‍ത്ത തെറ്റായിരുന്നു എന്ന് പറയാനോ ഈ പന്ന കഴുവേറി മക്കള്‍ തയ്യാറാവുന്നില്ല എന്നത് മഹാ കഷ്ടം തന്നെ! ഇവരൊക്കെ പറയുന്നതൊക്കെ തൊണ്ട തൊടാതെപാവം പ്രേക്ഷകര്‍ വിഴുങ്ങിക്കോണം എന്നാണ് ഈ ചാനല്‍ പുങ്കുവന്മാരുടേ അഹംഗാരം. ഇവരെയൊക്കെ മുക്കാലിയില്‍ കെട്ടി അടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കൊച്ചിന്‍ ഹനീഫ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കിടക്കുകയാണു എന്നത് സത്യം തന്നെ. എന്നാല്‍ ഏതോ വിരുതന്‍ ഒപ്പിച്ച ഒരു നുണ ചാനലില്‍ കൂടി വിളമ്പുന്നതിനു മുന്‍പ് ആ വാര്‍ത്തയുടെ നിജ സ്ഥിതി പോലും അന്വേഷിക്കാത്ത ഈ ചാനലുകള്‍ എന്താണു പിന്നെ നേരോടെ വിളമ്പുന്നത്? ഇത് പോലെ തന്നെയല്ലെ എല്ലാ വാര്‍ത്തകളും ഇവര്‍ നമുക്കിടയിലേക്ക് അനുദിനം നല്‍കിക്കൊണ്ടിരിക്കുന്നത്. ഒരു വാര്‍ത്ത ആദ്യം കാണിച്ച് എക്സ്ക്ലൂസീവ് ഫ്ലാഷ് ന്യൂസിനു വേണ്ടി ഇത്രയും തരം താണ പ്രവര്‍ത്തികളില്‍ നിന്നും ഇനിയെങ്കിലും ചാനലുകാര്‍ പിന്‍മാറണമെന്ന് നായര്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

കൈരളിയുടെ പീപ്പിള്‍ വാര്‍ത്ത പാവം അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനെ ഫോണില്‍ വിളിച്ച് കൊച്ചിന്‍ ഹനീഫയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കിച്ചു. പാവം ഇന്നച്ചന്‍ ഇപ്പോള്‍ ചാനലുകാരെ വിളിച്ച് നിര്‍ത്താതെ തെറിപറയുന്നുണ്ടാകും. ഏഷ്യാനെറ്റാകട്ടെ ഫ്ലാഷ് ന്യൂസ് കൊടുത്ത് ആര്‍മ്മാദിച്ചപ്പോള്‍ ആ വാര്‍ത്ത സത്യമല്ല എന്ന് മനസ്സിലാക്കി വേറെ ഒരു ഫ്ലാഷ് ന്യൂസ് ഒപ്പിച്ച് തടിയൂരി. ജീവന്‍ ടി വി യാണ് കൊച്ചിന്‍ ഹനീഫയുടെ നില അതീവ ഗുരുതരം എന്ന് പറഞ്ഞ് ഫ്ലാഷ് ന്യൂസ് കൊടുത്തത്.എന്തായാലും ഇത് വല്ലാത്തൊരു ചെയ്തായിപ്പോയി!

കൊച്ചിന്‍ ഹനീഫയെ ഇഷ്ടപ്പെടുന്ന ഒരുപാട് ആരാധകര്‍ക്കുണ്ടായ മനോവിഷമം ഈ ചാനലുകാര്‍ മനസ്സിലാക്കുന്നുണ്ടോ? അത് പോലെ ബന്ധുക്കളുടെ അവസ്ഥ. ഇത്തരം വാര്‍ത്തകള്‍ പുഴുങ്ങുമ്പോള്‍ അല്‍പ്പമെങ്കിലും വേവുണ്ടോ എന്ന് നോക്കിയാല്‍ അത് കാണുന്ന പാവം ജനങ്ങളോടെങ്കിലും നിങ്ങള്‍ക്കല്‍പ്പം നീതി പുലര്‍ത്താം. അല്ലെങ്കിലും നീതിയും ന്യായവുമൊന്നും നിങ്ങള്‍ക്ക് പറഞ്ഞിട്ടില്ലല്ലോ. ആദ്യം വിളമ്പണം. ഒന്നാമനാണെന്ന് വീമ്പിളക്കണം അതും പരസ്യം പോലെ ഉളുപ്പില്ലതെ വിളിച്ച് പറയണം! ഇതൊക്കെ പരസ്യവരുമാനത്തിനാണെന്ന് നായര്‍ മനസ്സിലാക്കുന്നു. എന്നാലും മറ്റുള്ളവരുടെ ശവം തിന്ന് ഇങ്ങനെ മാനം കെട്ട് പണമുണ്ടാക്കുന്നതിലും നല്ലത് വല്ല ചത്തവരുടേയും .....ന്‍ പോകുന്നതാണ്.

എത്ര പറഞ്ഞിട്ടെന്താ കാര്യം? ചങ്കരന്‍ ഇപ്പോഴും തെങ്ങിമ്മെ തന്നെ.ഇവരൊക്കെ എന്ന് തിരുത്തും ആവോ?
എന്നാ നായരങ്ങട്......

ഇപ്പോള്‍കണ്ടത്! ചാനലുകാര്‍ തെറ്റായ വിവരം അറിഞ്ഞത് കൊണ്ടാണത്രെ അന്തരിച്ചു എന്ന വാര്‍ത്ത കൊടുത്തതെന്ന് പോലും. അതില്‍ ഇപ്പോള്‍ ഖേദം വന്നത് പോലും! അപ്പോ നായരൊന്ന് ചോദിക്കട്ടെ, ഈ വക വാര്‍ത്തകള്‍ ആരെങ്കിലുമൊക്കെ വിളിച്ച് പറഞ്ഞാല്‍ ഉടനെ ഫ്ലാഷ്ന്യൂസാക്കുമോ? വാര്‍ത്ത സത്യമാണോ അല്ലയോ എന്ന് അന്വേഷിക്കാനുള്ള വകുപ്പൊന്നും ഇല്ലെ? ആ ആര്‍ക്കറിയാം!

എന്നാ വീണ്ടും നായരങ്ങട്....