Tuesday, March 30, 2010

സ്മാര്‍ട്ട് സിറ്റി ചെന്നി വക ഒന്ന് ചാണ്ടി വക ഒന്ന്!

താമരശേരി ചൊരം ന്ന് കേട്ടിട്ടുണ്ടാ,താമരശേരി ചൊരം! ഏതാണ്ടിപ്പോള്‍ അത് പോലെയാണ് സ്മാര്‍ട്ട് സിറ്റീടെ കാര്യം.സ്മാര്‍ട് സിറ്റീന്ന് കേട്ടാല്‍ ചിരിക്കണോ ന്നോ കരയണോ ന്നോ അതു വരുമെന്നോ വരുന്നില്ലേ എന്നോ ഒന്നും പറയാന്‍ വയ്യാത്ത അവസ്ഥ.നമ്മുടെ ചാണ്ടിയും ചെന്നിത്തലയും വിചാരിച്ചാല്‍ രണ്ട് സ്മാര്‍ട് സിറ്റി വരുമെന്നുണ്ടെങ്കില്‍ അവരുടെ ആ സ്വാധീനം വെച്ച് ഒരെണ്ണം ഇപ്പോള്‍ നടപ്പാക്കിക്കൂടെ അച്ചുമാമാ??

ഉടുതുണിയോട് കൂടി പെണ്ണിനെ കാമുകന്റെ കൂടെ പറഞ്ഞ് വിടുന്നത് പോലുള്ള ഒരു കരാറൊക്കെ ഉണ്ടാക്കി കഴിഞ്ഞ യു ഡി എഫ് സ്മാര്‍ട്ടാകാന്‍ ഒരു ശ്രമം നടത്തി.അന്ന് അച്ചുമാമന്‍ ഇട പെട്ടത് കൊണ്ട് ആ കരാറ് പൊളിച്ച് കയ്യില്‍ കൊടുത്തു.എന്നാല്‍ അച്ചുമാമന്‍ ഉണ്ടാക്കിയ കരാറാണെങ്കില്‍ നടപ്പിലാവുന്നുമില്ല.നോക്കണെ ഈ സ്മാര്‍ട് സിറ്റീടെ ഒരു ഗതി.പാവപ്പെട്ട കേരളത്തിലെ യുവാക്കള്‍ക്ക് സ്മാര്‍ട് സിറ്റീലൊരു പണി തരാവില്യാന്ന് വെച്ചാ ഇമ്മിണി കഷ്ടാണേ.കേരളത്തിന്റെ ഭൂമി അവര്‍ക്ക് ഇഷ്ടമ്പോലെ മറിച്ച് വില്‍ക്കാം എന്ന് സമ്മതിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ.അതൊന്നു കരാറില്‍ ഉറപ്പിച്ചാല്‍ സമയ ബന്ധിതമായി പണി തീര്‍ക്കാമെന്നല്ലേ ആ സി ഇ ഓ പറയുന്നത്.ആ അച്ചുമാമന് അതൊന്ന് സമ്മതിച്ചാലെന്താ? ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കിട്ടുന്ന ഒരു പരിപാടിയാണെങ്കില്‍ സ്വന്തം വീട്ടില്‍ നിന്ന് വരെ പുറത്തിറങ്ങി വീട് എഴുതിക്കൊടുക്കാമെന്നൊക്കെയല്ലേ ആ ഷാനവാസ് നായര് പ്രഖ്യാപിച്ചത്.ആത്മാര്‍ത്ഥത വേണം അച്ചു മാമാ ആത്മാര്‍ത്ഥത!ചുമ്മാതാണോ മാമനെ വികസന വിരോധി എന്ന് കാംഗ്രസ്കാര് വിളിക്കുന്നത്.

കാര്യം കേരളത്തിന്റെ ഭൂമി ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് മറിച്ച് വില്‍ക്കാന്‍ അവകാശം കൊടുക്കരുത് എന്ന് തന്നേയാണ് നായര്‍ക്കും പറയാനുള്ളത്. നാട്ടില്‍ സ്മാര്‍ട് സിറ്റി പണിയാന്‍ പറ്റിയ ആണുങ്ങള്‍ വേറെ ഉണ്ടെന്നും പറഞ്ഞ് ആ ദുഫായിക്കാരെ ഒഴിവാക്കുന്നതാണ് നല്ലത്. അതിനെങ്ങനാ പൂച്ചയെ തിരണ്ടി വാലു കൊണ്ട് അടിച്ച പോലെയല്ലെ ആ ദുഫായിക്കാര്‍ കാളേം വിടില്ല കയറും വിടില്ല എന്ന മട്ടില്‍ കൊച്ചീ കിടന്ന് കറങ്ങുന്നത്. അവരുടെ ഈ കറക്കത്തില്‍ നിന്നും ഏതൊരു നായര്‍ക്കും മനസ്സിലാകുന്ന ഒരു സാധാരണ വിഷയമുണ്ട്.സ്മാര്‍ട് സിറ്റിയ്ക്ക് പാര വെച്ച ചില ലീഗ് യുഡി എഫ് നേതാക്കള്‍ ടീക്കോമിന് പല വാഗ്ദാനങ്ങളും നല്‍കിയിട്ടുണ്ട്.ഈ ഭരണം ഒരു കൊല്ലം കൊണ്ട് തീരുമെന്നും അത് വരെ എന്തേങ്കിലും മുട്ട് ന്യായങ്ങള്‍ പറഞ്ഞ് പദ്ധതി നീട്ടി വെച്ചാല്‍ യു ഡി എഫ് അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ചിരിക്കുന്ന അവര്‍ 12 ശതമാനത്തിനു പകരം 30 ശതമാനം തന്നെ കൊടുക്കാന്‍ തയ്യാറാണേ എന്നതാണ് ആ രഹസ്യമെന്ന് അറിയുന്നു!അതില്‍ നിന്നും നിര്‍ഗ്ഗളിച്ച ചില അധോവായുവാണ് ഷാനവാസ് എം പീടെ വായിക്കൂടെ വന്നത്.മാത്രമല്ല കുഞ്ഞാലി സാഹിബിന്റേയും ചെന്നിത്തല നായരുടേയും ദുഫായിയിലെ ബിനാമി ബിസിനസ്സുകള്‍ ഒരു പരസ്പര സഹകരണത്തോടെ വളരുകയും,സ്മാര്‍ട് സിറ്റിക്കാര് മറിച്ച് വില്‍ക്കുന്ന സ്ഥലത്തിന്റെ കമ്മീഷന്‍ ദിര്‍ഹംസില്‍ ലഭിക്കുകയും ചെയ്യും! എന്തൊരു ദീര്‍ഘ വീക്ഷണം!

പണ്ടിത് പോലെ സ്വശ്രയ കാളേജുമായി ആന്റണി നായര് ഒണ്ടാക്കിയ ഒരു കരാറ് നമ്മള്‍ കണ്ടതാണ്. ഒടുക്കം സ്വാശ്രയക്കാരെന്നെ മൂഞ്ച്ചിച്ചു എന്ന് പറഞ്ഞ് കരഞ്ഞ ആ കണ്ണീര് ഇത് വരെ വറ്റിയിട്ടുണ്ടോ? അതിന്റെ വല്ല ഉളുപ്പും ആ ആന്റണി നായര്‍ക്കുണ്ടോ? അത് പോലെ ഈ സ്മാര്‍ട് സിറ്റീം കഴിഞ്ഞ ഭരണ സമയത്ത് ദുഫായിക്കാര്‍ക്ക് അങ്ങ് തള്ളിക്കൊടുക്കാമെന്നാണ് അവര്‍ കരുതിയിരുന്നത്. അത് നടക്കാതെ വന്നപ്പോള്‍ എന്നാല്‍ പിന്നെ അച്ചുമാമനൊന്ന് ഒലത്തട്ടെ എന്നായി! ഇവിടെ ആരും വികസന വിരോധികളായി ജനിക്കുന്നില്ലല്ലോ.സാഹചര്യമാണ് പലരേയും വികസന വിരോധികളാക്കുന്നതെന്ന് മാത്രം നായരിപ്പോള്‍ പറയുന്നു. ഹല്ല പിന്നെ!
*************************************************

ബച്ചനെ അപമാനിച്ചെന്നും പറഞ്ഞ് ആ ഉമ്മഞ്ചാണ്ടി നായര് എന്നാ ബഹളമായിരുന്നു.കൂട്ടക്കരച്ചിലില്‍ ദോഷം പറയരുതല്ലോ ആ ചെന്നിത്തലയും പങ്കെടുത്തു. കഷ്ടകാലം ബോംബേന്നും വരും എന്ന് പറഞ്ഞ പോലെ കരഞ്ഞ് കണ്ണീര് തുടയ്ക്കുന്നത് മുന്‍പ് തന്നെ ബച്ചനെ കാങ്രസ് തള്ളിപ്പറഞ്ഞ വാര്‍ത്ത ചൂടോറ്റെ എത്തിയത്. അതോടെ ചാണ്ടിയും ചെന്നിത്തലയും മുങ്ങി. ഇനി യൂത്ത് കോണ്‍ഗ്രസ്കാര് വയസന്മാര്‍ക്കെതിരെ തിരിഞ്ഞത് കൊണ്ട് പ്രായം കുറയ്ക്കാനുള്ള തിരുമ്മല്‍ ചികിത്സയ്ക്ക് പോയിരിക്കയാണെന്നാണ് നായരും ആദ്യം കരുതീത്.പണ്ടൊക്കെ ദൈവം പിന്നെപ്പിന്നെയായിരുന്നു ഇപ്പോഴത്തെ കാംഗ്രസിന് അപ്പഴക്കപ്പോഴല്ലേ.കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ആ കല്‍മാഡി നായര് വരെ ബച്ചനോട് ഈ വിധം ചതി ചെയ്യാമോ? ഒരു കണ്ണീചോരയുമില്ലാതെ ആ പാവം ബച്ചനെ അംബാസഡറാക്കാന്‍ പറ്റില്ലാന്ന് പറഞ്ഞില്ലേ? ഇതൊക്കെ ആ ഉമ്മഞ്ചാണ്ടി സാറ് സഹിക്കുമോ ആവോ? ചെന്നിത്തല യാത്ര തന്നെ അംബാസഡറില്‍ നിന്നും മാറ്റി എന്നാണ് കേള്‍ക്കുന്നത്.ഉദര നിമിത്തം....

അംബാസഡറിന്റെ കാര്യം പറഞ്ഞപ്പോഴാണ് നമ്മുടെ തൊഴിലാളികളുടെ മന്ത്രി സഭയിലെ പാവപ്പെട്ട മന്ത്രിമാര്‍ കോടിക്കണക്കിന് രൂപാ ചിലവഴിച്ച് ആഡംബര കാറ് വാങ്ങി പാവങ്ങളെ ഉദ്ദരിക്കാന്‍ കറങ്ങി നടക്കുവാണെന്ന വാര്‍ത്ത കണ്ടത്. ഈ വിഷയത്തില്‍ പ്രതിപക്ഷത്തുള്ള ആരും ഒന്നും മിണ്ടി കണ്ടില്ല. എന്താ കാര്യം? ഇന്നു നീ നാളെ ഞാന്‍..അതന്നെ!
കമ്യൂണിസ്റ്റ് മന്ത്രിമാര്‍ ആര്‍ഭാടത്തിന്റെ പിന്നാലെ പോകുന്നത് തെറ്റാണെന്ന് നായര്‍ക്ക് തോന്നുന്നില്ല, എന്നാല്‍ ഈ പാര്‍ട്ടി ഈ നിലയ്ക്ക് വളര്‍ത്തി വലുതാക്കാന്‍ വേണ്ടി രക്തസാക്ഷികളായവരും, കുടുംബം പട്ടിണി കിടന്നും കെട്ടിപ്പടുത്ത ഈ പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്ന് ആഡംബര ജീവിതം നയിക്കുന്ന ഈ മന്ത്രി പുങ്കവന്മാരെയാണ് നായര്‍ക്ക് പുച്ഛം!അല്ലെങ്കിലും ചായയും പരിപ്പ് വടയും കൊണ്ട് പാര്‍ട്ടിപ്രവര്‍ത്തനം നടത്താന്‍ പറ്റില്ലല്ലോ!ഹല്ല പിന്നെ!
************************************************

സാനിയ മിര്‍സയെ ആ പാകിസ്താനി ഷൊഅയ്ബ് മാലിക്ക് കെട്ടാന്‍ പോണൂന്ന് കേട്ടപ്പോള്‍ നായര്‍ക്കൊരു വിഷമം.ഇക്കണ്ട നാളത്രയും കയ്യാ വളരുന്നത് കാലാ വളരുന്നത് എന്ന് നോക്കി ഇവിടത്തെ യുവാക്കള്‍ വളര്‍ത്തിയുണ്ടാക്കിയ ആ കളിക്കാരി പാക്കിസ്താനിലേക്ക് പോകുന്നത് അവരെപ്പോലെ നായര്‍ക്കും അണ്‍സഹിക്കബിളായ കാര്യം തന്നെ.എങ്കിലും ഇത് വേണായിരുന്നോ സാനിയ മോളെ എന്നേ നായരും ചോദിക്കൂ.
ഇനി ഹണിമൂണ്‍ കഴിഞ്ഞ് സാനിയമോള്‍ അമ്മയ്ക്കുള്ള കത്തില്‍ ‘സര്‍ഫ് എക്സല്‍‘ എന്നോ മറ്റോ എഴുതുമോ എന്നാ? നായര്‍ക്ക് തോന്നുന്നത് ചെറുക്കന്‍ പാകിസ്താനിയായ സ്തിതിയ്ക്ക് “ഇത്തിഹാദ് എയര്‍വേസ്” ഫ്ലൈറ്റിന്റെ പരസ്യം എഴുതുമെന്നാ.ഹല്ല പിന്നെ!

അല്ലാ ഇത്തിഹാദ് എയര്‍വേസിന്റെ പരസ്യം എന്താന്ന് പറഞ്ഞില്ലല്ലോ അല്ലേ...
"Ten times a day, seven days a week, both ways."


എന്നാ നായരങ്ങട്.....

Saturday, March 27, 2010

മലയാള സിനിമയില്‍ പ്രതിഭാദാരിദ്ര്യം

മലയാള സിനിമയുടെ നിലവാരത്തകര്‍ച്ചയുടെ യഥാര്‍ത്ഥ കാരണം പ്രതിഭാ ദാരിദ്ര്യം ഒന്ന് മാത്രമാണെന്നാണ് ഇപ്പോള്‍ ഇറങ്ങുന്ന സിനിമകളില്‍ നിന്നും മനസ്സിലാവുന്നത്.വിവാദങ്ങള്‍ ഉണ്ടാക്കാന്‍ മുന്‍പന്തിയില്‍ നിന്ന് താന്‍ വേട്ടയാടപ്പെടുന്നവനാണെന്ന് വിലപിച്ചിരുന്ന മാടമ്പി ഉണ്ണിക്യഷ്ണന്റെ പുതിയ മമ്മൂട്ടി ചിത്രമായ പ്രമാണിയും പ്രേക്ഷകനെ നിരാശപ്പെടുത്തുന്നു എന്നാണ് നായരുടെ അഭിപ്രായം. യുവ നടന്‍, ഭാവി സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ പറഞ്ഞ് വാനോളം പുകഴ്തിയ യുവ നടന്റെ താന്തോന്നി എന്ന ചിത്രം കണ്ട് മണ്ട കലങ്ങിയ പല ഹത ഭാഗ്യരേയും നായര്‍ കാണുകയുണ്ടായി.മൂന്നാം ഭാഗം കൊണ്ട് പ്രേക്ഷകരുടെ മുന്നിലെത്തിയ ലാലും ഏറെ നിരാശപ്പെടുത്തി.ഇനി ഒരു നാലാംഭാഗം അരുതേ എന്ന് പ്രേക്ഷകനെക്കൊണ്ട് ആണയിടീക്കുന്നുണ്ട് ഇന്‍ ഘോസ്റ്റ് ഹൌസ് ഇന്‍ എന്ന ചിത്രം. സിദ്ധിക്ക്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ നിത്യ ഹരിതങ്ങളായി നില്‍ക്കുമ്പോള്‍ ഇവര്‍ വേര്‍പിരിഞ്ഞപ്പോള്‍ അത്തരം നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നഷ്ടമായി എന്ന് വേണം കരുതാന്‍.സിദ്ധിക്കിന്റെ ബോഡി ഗാര്‍ഡ് വളരെ നിരാശാ ജനകമായിരുന്നു എന്ന് ദിലീപിന്റെ കോമാളിത്തരം കൊണ്ട് നാം മനസ്സിലാക്കി.

സിദ്ധീക്ക്-ലാലിന്റെ സിനിമകളില്‍ കോമഡിയ്ക്ക് വളരെ ഉന്നത നിലവാരം ഉണ്ടായിരുന്നെന്ന് നമ്മള്‍ കണ്ടതാണ്.എന്നാല്‍ ഇവരുടെ ഇപ്പോള്‍ ഇറങ്ങുന്ന ചിത്രങ്ങളിലെ കോമഡികള്‍ തീരെ തരം താണ തറ കോമഡികളാണെന്ന് പറയേണ്ടി വരുന്നതില്‍ നായര്‍ക്ക് വിഷമമുണ്ട്. ഘോസ്റ്റ് ഹൌസിലെ ഹരിശ്രീ അശോകന്റെ കോമഡി ലാല്‍ തന്നെയാണോ പടച്ച് വിട്ടത് എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം. അതിനേക്കാള്‍ തരം താഴ്ന്ന കോമഡിയാണ് ദിലീപിനെക്കൊണ്ട് സിദ്ധീക്ക് കാട്ടിക്കൂട്ടിച്ചത്!കോമഡിയുടെ രാജക്കന്മാര്‍ എന്ന് പറഞ്ഞ് പുകഴ് പെറ്റവര്‍ ഇത്തരം തരം താണ കോമഡിയുമായി അധഃപതിക്കുന്നത് കാണുമ്പോള്‍ മറ്റു ചിത്രങ്ങളുടെ കാര്യം പറയാനുണ്ടോ?

സൂപ്പര്‍ താരങ്ങളാണ് മലയാള സിനിമയുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് പറയുന്നതില്‍ നായര്‍ക്ക് യോജിപ്പില്ല.സൂപ്പര്‍ താരങ്ങള്‍ ഫാന്‍സുകളെ നിയന്ത്രിക്കണമെന്ന് മുറവിളി കൂട്ടുന്നവരും കുറവല്ല. ഫാന്‍സുകള്‍ ഒരു സംഘടിത ശക്തിയായി വളര്‍ന്നുവരുന്നത് സിനിമയുടെ വളര്‍ച്ചയ്ക്ക് ഒരിക്കലും സഹായകമല്ല എന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു.തട്ട്പൊളിപ്പന്‍ ചിത്രങ്ങള്‍ക്ക് ജയ് വിളിക്കാന്‍ വേണ്ടി മാത്രമാണോ ഈ ഫാന്‍സുകള്‍ എന്നത് ഇതേ സ്റ്റാറുകളുടെ കലാമൂല്യമുള്ള ചിത്രങ്ങളുടെ വിജയത്തിനായി ഈ ഫാന്‍സുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് അത്തരം നല്ല ചിത്രങ്ങളുടെ പരാജയം തെളിയിക്കുന്നു.പരദേശിയും,പലേരി മാണിക്യവുമൊക്കെ ശ്രദ്ധിക്കാതെ പോകുന്നത് ഫാന്‍സുകാര്‍ എവിടെ നില്‍ക്കുന്നു എന്നതിനുള്ള തെളിവാണ്.അത് പോലെ ഫാന്‍സുകളുടെ ഒരു സഹായവുമില്ലാതെ വിജയിക്കുന്ന എത്രയോ ചിത്രങ്ങള്‍ നാം കണ്ടതാണ്.അപ്പോള്‍ ഫാന്‍സുകാര്‍ ഒരു ചിത്രത്തിന്റെ വിജയത്തിനെ കാര്യമായി സ്വാധീനിക്കുന്നില്ല എന്ന് വേണം കരുതാന്‍. സിനിമ റിലീസ് ചെയ്ത ആദ്യ നാളുകളില്‍ തീയറ്ററില്‍ ഒരു ഓളം തീര്‍ക്കാനും ഇനീഷ്യല്‍ കളക്ഷന്‍ നേടാനും സഹായിക്കുന്ന ഒരു കൂട്ടം മാത്രമാണ് ഫാന്‍സ് അസോസിയേഷന്‍ എന്ന് വേണമെങ്കില്‍ വിളിക്കാം.അതില്‍ കവിഞ്ഞൊന്നും ഒരു ഫാന്‍സിന്റെ സ്വാധീനം ഒരു സിനിമയ്ക്കും ഇല്ലെന്ന് അന്യഭാഷാ ചിത്രങ്ങളുടെ വിജയങ്ങളിലൂടേയും നമ്മള്‍ കണ്ടതാണ്.

ഈ അടുത്തിടെ സാംസ്കാരിക മന്ത്രിയുടെ ഒരു തമാശ നിറഞ്ഞ പ്രസ്താവന കണ്ടു, അന്യ ഭാഷാ ചിത്രങ്ങള്‍ മലയാള സിനിമയുടെ വിജയത്തെ ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നു!നായര്‍ക്ക് പറയാനുള്ളത്, മലയാള സിനിമയുടെ നിലവാരത്തെ പറ്റി ഒരു പഠനം നടത്താനാണ് ഇപ്പോള്‍ സമിതിയെ നിയോഗിക്കേണ്ടത് എന്നാണ്. നാല്‍പ്പതും അന്‍പതും രൂപാ മുടക്കി തീയറ്ററില്‍ പോയി മലയള സിനിമ എന്നും പറഞ്ഞ് ഇറങ്ങുന്ന ചവറുകള്‍ കാണേണ്ടി വരുന്ന പ്രേക്ഷകന് നഷ്ടപരിഹാരം നല്‍കാനും ഒരു സമിതിയെ നിയോഗിക്കണം എന്നുമാണ് മന്ത്രിയോട് നായര്‍ക്കുള്ള അപേക്ഷ.

തിലകനെ പുറത്താക്കിയതോ,സംഘടനകള്‍ രൂപീകരിച്ചത് കൊണ്ടോ സിനിമയുടെ നിലവാരത്തെ ബാധിക്കാമോ? അപ്പോള്‍ മലയാള സിനിമയില്‍ പ്രതിഭകള്‍ ഉണ്ടാകുന്നില്ല അല്ലെങ്കില്‍ പുതിയ പ്രതിഭകള്‍ക്ക് അവസരം കിട്ടുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍.അപ്പോഴാണ് സിനിമാ രംഗത്തുള്ള ഗ്രൂപ്പിസവും കോക്കസുമൊക്കെ പുറത്ത് വരുന്നതും തിലകന്‍ പുറത്തായ കാരണങ്ങളും മറ്റും പുറത്ത് വരികയും ചെയ്യുക. ഇവിടെ സകല സിനിമാക്കാരും പ്രമാണികളാകാന്‍ ശ്രമിക്കുകയാണ്.പലരും തങ്ങളുടെ സ്ഥാനം ഉറപ്പിച്ച് നിര്‍ത്തി ഈ ഫീല്‍ഡില്‍ നിലനില്‍ക്കാന്‍ പല കൂട്ടിക്കൊടുപ്പുകളും കുതികാല്‍ വെട്ടും പാരകളുമൊക്കെയായി മുന്നോട്ട് പോകുന്നു. ചിലര്‍ നിസ്സഹായത കൊണ്ട് ചെയ്ത് പോകുന്നതാകാം, പക്ഷേ ഇവിടെ ഈ സകല ചെറ്റത്തരങ്ങളും മലയാളത്തിലെ നല്ല സിനിമകളെയാണ് പ്രേക്ഷകര്‍ക്ക് നഷ്ടമാക്കുന്നത് അല്ലെങ്കില്‍ നിഷേധിക്കുന്നത് എന്ന് പറയേണ്ടി വരും. തൊട്ടപ്പുറത്തെ തമിഴ്നാട്ടില്‍ നിന്നും വരുന്ന വ്യത്യസ്തമായ സിനിമകള്‍ കണ്ടാലെങ്കിലും നമ്മുടെ കുറസോവാ സംവിധായകര്‍ക്ക് അല്‍പ്പമെങ്കിലും മാറ്റമുണ്ടായെങ്കിലെന്ന് നായരും വെറുതെ ആശിക്കുന്നു.

സിനിമ വിജയിക്കാത്തതിനു പല കാരണങ്ങളും പലരും സന്ദര്‍ഭം പോലെ തട്ടി വിടുന്നുണ്ട്.ടി വി യെന്നും, ഐപി എല്‍ എന്നും പരീക്ഷകള്‍ എന്നും തുടങ്ങി നിര്‍മ്മാണ ചിലവേറിയത് വരേയുള്ള കണക്കുകള്‍ ബോധിപ്പിക്കും.എന്നാല്‍ ഇവര്‍ പടച്ച് വിടുന്ന സിനിമകള്‍ കാണാന്‍ കൊള്ളാവുന്നതാണോ അല്ലയോ എന്നത് ഇവര്‍ തന്നെ ഒന്ന് വിലയിരുത്തണം എന്നാണ് നായരുടെ അഭിപ്രായം.പല ഷൂട്ടിങ് റിപ്പോര്‍ട്ടും ഫിലിം റിവ്യൂകളിലും സംവിധായകനും അഭിനേതാക്കളും ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു പദമുണ്ട്,’വളരെ വ്യത്യസ്തമായ‘ കഥയും, തിരക്കഥയും കോപ്പുമൊക്കെയായാണ് ഇത് ഞങ്ങള്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുന്നതെന്നൊക്കെയുള്ള വീര വാദങ്ങള്‍.സിനിമ കണ്ടാലോ? ഹൊ പറയാനുണ്ടോ!ചിക്കന്‍ ചില്ലി കഴിച്ച് മലയാള സിനിമ കാണാന്‍ പോകാന്‍ പറ്റില്ല എന്നായിരിക്കുന്നു, കാരണം വയറ്റില്‍കിടക്കുന്ന ചിക്കന്‍ വരെ കൂവിപ്പോകും ചില സിനിമകള്‍ കണ്ടാല്‍.അത്രയ്ക്കും ഉദാത്തമായ സ്യഷ്ടികളാണ് ഒരോരുത്തരും പടച്ച് വിടുന്നത്!

മലയാള സിനിമയുടെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണം പ്രതിഭാ ദാരിദ്ര്യം ഒന്ന് മാത്രമാണ്. പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ പണ്ടെപ്പോഴോ എടുത്ത് വിജയിച്ച സിനിമകളുടെ റീമേക്കോ അല്ലെങ്കില്‍ രണ്ടാം ഭാഗമോ മൂന്നാം ഭാഗമോ ഒക്കെ എടുത്ത് സിനിമ എന്ന ഇരുപതാം നൂറ്റാണ്ടിന്റെ കലയെ ആ നൂറ്റാണ്ടില്‍ തന്നെ തളച്ചിടാനാണ് മലയാള സിനിമയുടെ സംഘടനാ പ്രവര്‍ത്തകര്‍ ചെയ്യുന്നത്.ഇവിടെ നഷ്ടം സഹിക്കുന്ന രണ്ടേ രണ്ട് കൂട്ടര്‍ മാത്രമാണ്, ഒന്ന് പ്രൊഡ്യൂസറും മറ്റൊന്ന് പ്രേക്ഷകരുമാണ്. ഇനിയും ഇത്തരം ചവറ് സിനിമകളുമായി വരുന്ന സംവിധായകര്‍ ഒരു കാര്യം ആലോചിക്കണം, സിനിമ കാണാന്‍ വരുന്നത് കേവലം ഫാന്‍സുകാര്‍ മാത്രമാകുന്ന ഒരു കാലം അതി വിദൂരമായിരിക്കില്ല.അന്യ ഭാഷാ ചിത്രങ്ങള്‍ നിരോധിച്ചത് കൊണ്ടോ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞത് കൊണ്ടോ മലയാള സിനിമ രക്ഷപ്പെടില്ല, അതിന് പ്രതിഭയുള്ളവര്‍ തന്നെ വേണം.പ്രതിഭയുള്ളവര്‍ക്ക് അവസരം കൊടുക്കാന്‍ നിങ്ങള്‍ തയ്യാറാവുക,പെരുന്തച്ചനിസം ഉപേക്ഷിക്കുക എന്നാല്‍ തീര്‍ച്ചയായും മലയാളത്തില്‍ നിന്നും നല്ല ചിത്രങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും.

“നായര് പിടിച്ച പുലിവാല്“ എന്ന ചിത്രം 50 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു.മലയാള സിനിമയില്‍ ഇറങ്ങുന്ന പ്രമാണിയുടേയും,താന്തോനിയുടേയുമൊക്കെ അവസ്ഥ ഇതാണെങ്കില്‍ ഇനിയും പൊടി തട്ടിയെടുക്കാന്‍ ഒരു പാട് നല്ല ചിത്രങ്ങള്‍ മലയാളത്തില്‍ 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോലും ഇറങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നത് ഒരു ഓര്‍മ്മപ്പെടുത്തലായെങ്കിലും കാണുമല്ലോ!

എന്നാ നായരങ്ങട്....

Friday, March 19, 2010

ആ‍ര്‍ക്കാണ് ബച്ചനില്ലാത്തതിന്റെ ഏനക്കേട്?

ഭൂലോക സ്പന്ധനത്തിന്റെ അടിസ്ഥാനം കണക്കാണെന്ന് പറഞ്ഞ ചാക്കോ മാഷിനെപ്പോലെയാണ് ചില അഭിനവ ചാക്കോ മാഷന്മാര്‍! ബച്ചന്‍ അംബാസഡറായാലെന്താ ആയില്ലെങ്കിലെന്താ? ബച്ചനെ വേണ്ടാ എന്ന് പറഞ്ഞാല്‍ അതൊരു കൊടിയ പാപമാണെന്ന് പറയുന്നതിന്റെ യുക്തി എന്താണെന്നാണ് നായര്‍ക്ക് മനസ്സിലാവാത്തത്! ഒരു തമ്പ്രാന്‍ ബ്ലോഗര്‍ കിടന്ന് അലറിവിളിക്കുന്നത് കേട്ടപ്പോള്‍ നായരു കരുതി ബച്ചനില്ലെങ്കില്‍ കേരളത്തിന്റെ ടൂറിസം മേഖല പാമ്പേര്‍സ് കെട്ടാത്ത ഉണ്ണിയെപ്പോലെയാകുമെന്ന്.ഇങ്ങനെ കരുതുന്ന ഇത്തരം നാണം കെട്ട ബ്ലോഗര്‍മാരെക്കുറിച്ച് നായര്‍ക്ക് സഹതാപമേയുള്ളൂ.

ഒരു സ്വകാര്യ ചാനലിലെ സ്വകാര്യ സംഭാഷണ വേളയില്‍ കേരളത്തിനെ പ്രധിനിധീകരിക്കുന്ന പരിപാടികളില്‍ ഭാഗഭാക്കാവാന്‍ താല്പര്യമുണ്ടെന്നറിയിച്ച ബച്ചനെപ്പോലെയുള്ള ഒരു സെലിബ്രിറ്റിയെ ക്ഷണിക്കുക എന്ന ഒരു കുറ്റം മാത്രമേ കൊടിയേരി ബാലക്യഷ്ണന്‍ എന്ന ടൂറിസം മന്ത്രി ചെയ്തുള്ളൂ.ആ ക്ഷണം സ്വീകാര്യമാണെന്ന് ബച്ചന്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ബച്ചനെ അംബാസിഡറായി പ്രഖ്യാപിച്ചു പിന്നെ വേണ്ടെന്ന് വെച്ചു എന്ന രീതിയിലാണ് ചില മണ്ടന്‍ ബ്ലോഗര്‍മാര്‍ പോലും പ്രതികരിച്ചത്.അതിനു പറയുന്ന ഉദാഹരണങ്ങള്‍ വളരെ വിചിത്രവും.ഇന്ത്യയിലെ ഏത് സംസ്ഥാനത്തില്‍ ഭരണം നടത്തുന്ന സര്‍ക്കാരുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രധിനിധികളാണെന്ന കാര്യം മറക്കരുത്. ചില പാര്‍ട്ടികളില്‍ പ്രാദേശിക നേത്യത്വമാണ് ഭരണത്തെ സ്വാധീനിക്കുന്നത് എങ്കില്‍ നാഷണല്‍ പാര്‍ട്ടികളിലെ കാര്യങ്ങള്‍ ചിലപ്പോഴൊക്കെ കേന്ദ്ര നേത്യത്വത്തിന്റെ അറിവോടെയോ അംഗീകാരത്തേടെയോ ആയിരിക്കുന്നത് സ്വാഭാവികവും നാട്ടു നടപ്പുമാണ്. നമ്മുടെ മദാമ്മ സോണിയാജി വരെ കേരളത്തിലെ പ്രതിപക്ഷത്തെ സ്വാധീനിക്കുന്നുണ്ടെങ്കില്‍ സീതാറാം യച്ചൂരി എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയംഗം കേരളത്തില്‍ പാര്‍ട്ടി ഭരിക്കുമ്പോള്‍ അവരെടുത്ത തീരുമാനത്തില്‍ അഭിപ്രായം പറയുക എന്നത് എന്തിനാണ് ബ്ലോഗര്‍ തമ്പ്രാ ഇത്ര അസഹിഷ്ണുത?

എന്താണ് ബച്ചനില്‍ താങ്കള്‍ കാണുന്ന അതീവ സാംസ്കാരിക ടൂറിസ ഗുണങ്ങള്‍? നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ചത് മോഡിയുടെ കളി കണ്ടിട്ടാണ് അല്ലാതെ സാമാനം കണ്ടിട്ടല്ല എന്ന് പറയുന്ന രീതിയിലുള്ള പരട്ട് വാദങ്ങള്‍ നിങ്ങള്‍ ആരെയാണ് വിശ്വസിക്കാന്‍ ശ്രമിക്കുന്നത്? മോഡി നടത്തിയ കലാപങ്ങളുടെ കഥകള്‍ ഒരോന്നോരോന്നായി ഇപ്പോള്‍ നിയമത്തിന്റെ കണ്ണില്‍ പെട്ടുകൊണ്ടിരിക്കുന്നു. കലാപത്തില്‍ കൊന്നൊടുക്കിയത് മുസ്ലിമുകളെ ആയാലും ഹിന്ദുക്കളെ ആയാലും അവിടെ മരിച്ച് വീണത് മനുഷ്യരാണ്.അരപ്പട്ടിണിക്കാരായ പാവം ദരിദ്ര നാരായണന്മാരാണ്. ഇതിന് ഒരു അവസരം ഒരുക്കിക്കൊടുത്ത ഒരു നേതാവു എന്ന നിലയിലാണ് മോഡിയെ നായര്‍ എതിര്‍ക്കുന്നത്.മോഡിയില്‍ ഒരു മനുഷ്യസ്നേഹി ഇല്ല എന്ന സത്യം പകല്‍ പോലെ വ്യക്തമാണ്.അയാള്‍ മതഭ്രാന്തിനാല്‍ അന്ധനാണ്. അയാളെ ന്യായീകരിച്ചത് ബച്ചനാണെങ്കിലും അബ്ദുള്ളക്കുട്ടിയാണെങ്കിലും അയാളെ അംഗീകരിക്കാതിരിക്കുക എന്നത് ആ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്.ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളില്‍ അല്‍പ്പമെങ്കിലും ഇടപെടുന്ന ഒരു പാര്‍ട്ടിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് നായര്‍ വിശ്വസിക്കുന്നു.തമ്മില്‍ ഭേതം തൊമ്മന്‍ എന്ന ഒരു ലൈനില്‍!

ഇന്നത്തെ കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചുറ്റു പാടില്‍ ടൂറിസത്തിന്റെ അംബാസിഡറാക്കാന്‍ ഏറ്റവും യോഗ്യന്‍ നമ്മുടെ പ്രിയങ്കരനായ നായര്‍ രാജ്മോഹന്‍ ഉണ്ണിത്താനാണ്. അതാകുമ്പോള്‍ ഇവിടെ ഉഭയകഷി സമ്മത പ്രകാരം സെക്സ് ടൂറിസത്തിനും സ്കോപ്പുണ്ട് എന്ന ഒരു സന്ദേശം ലോകമൊട്ടുക്ക് വളരെ എളുപ്പം നല്‍കുകയുമാകാം.എന്ത് കൊണ്ടും മദനിയേക്കാള്‍ യോജിക്കുന്നത് ഉണ്ണിത്താന്‍ തന്നെ എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല. മദനിയെ അംബാസഡറാക്കിയാല്‍ വരുന്ന ടൂറിസ്റ്റുകളെ ഭയപ്പെടുത്തുകയല്ലാതെ മറ്റൊരു ഗുണവുമുണ്ടാകില്ല എന്നത് ആര്‍ക്കാണറിയാത്തത്? ഡേവിഡ് കോള്‍മാന്‍ ഹേഡ്ലിയെപ്പോലുള്ളവര്‍ വന്ന് രാജ്യത്തുടനീളം ബോംബ് പൊട്ടിച്ച് നടന്ന് അന്താരാഷ്ട്ര പ്രശസ്തി നേടി മുന്നിലുള്ളപ്പോള്‍ കേരളമെന്ന ഇട്ടാവട്ടത്തിലുള്ള മദനിയെപ്പോലുള്ളവര്‍ അംബാസഡര്‍ പോയിട്ട് ഒരു ഓട്ടോറിക്ഷ പോലുമാവാന്‍ വളര്‍ന്നിട്ടില്ല തമ്പ്രാ.

നരേന്ദ്രമോഡിയെ മാടപ്രാവിന്റെ ഹ്യദയമുള്ള ഒരു മാലാഖയായി വാഴിക്കാന്‍ പലരും കിണഞ്ഞ് ശ്രമിക്കുന്നുണ്ട്.ബച്ചനെപ്പോലെ പെട്ടെന്ന് ശ്രദ്ധിക്കാവുന്ന വ്യക്തിത്വങ്ങള്‍ അത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ അത് വളരെ വേഗം ശ്രദ്ധിക്കപ്പെടും എന്നത് വാസ്ഥവമാണ്.അത് കൊണ്ട് കൂടിയാണല്ലോ ഇത്തരം ആളുകളെ അംബാസിഡറാകാന്‍ പരിഗണിക്കുന്നതും.ബച്ചനെ സ്വീകാര്യനാക്കുന്നതും അദ്ധേഹത്തെ അസ്വീകാര്യനാക്കുന്നതും അയാളുടെ വാക്കും പ്രവര്‍ത്തിയുമൊക്കെ വിലയിരുത്തിക്കൊണ്ട് മാത്രമാണ്.അല്ലാതെ അയാള്‍ അഭിനയിച്ച സിനിമകളേയോ ആരാധകരെയോ വിലയിരുത്തിയല്ല. സിനിമയിലൂടെ നേടിയ പ്രശസ്തി വാണിജ്യവല്‍ക്കരിക്കപ്പെടുമ്പോള്‍ അതിലെ സമൂഹിക വ്യക്തി വീക്ഷണങ്ങളും പരിഗണിക്കുന്നതില്‍ തെറ്റില്ല എന്ന് തന്നെയാണ് നായര്‍ വിശ്വസിക്കുന്നത്. ഒരു അംബാസഡറിലല്ല കാര്യം അയാളുടെ വാക്കും പ്രവര്‍ത്തിയും വിലയിരുത്തുമ്പോള്‍ അതില്‍ നന്മയ്ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കുമാണ് സ്ഥാനം നല്‍കേണ്ടത്, അല്ലെങ്കില്‍ നളിനി ജമീലയും,മദനിയും,കുമ്മനവുമൊക്കെ വൈവിദ്യമാര്‍ന്ന ബ്രാന്‍ഡ് അംബാസഡറുകളായി പരിണമിക്കുന്ന കാലം അതി വിദൂരമല്ല!

കാര്യം എന്തൊക്കെ പറഞ്ഞാലും ഇനി സുകുമാര്‍ അഴീക്കോടിനെ പിടിച്ച് ബ്രാന്‍ഡ് അംബാസഡറാക്കുമോന്നാ നായര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.അഴീക്കോടാകുമ്പോള്‍ വിഗ് വെയ്ക്കാതെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടൂകയും ചെയ്യും.ഇതില്‍ കൂടുതല്‍ എന്ത് വേണം? ഇനി അംബാസഡറാകുന്നതില്‍ നിന്നും തന്നെ മോഹിപ്പിച്ച് അവസാനം ഒഴിവാക്കി എന്നും പറഞ്ഞ് തിലകനെപ്പോലെ ആ ബച്ചെനെങ്ങാന്‍ ധര്‍ണ്ണയിരിക്കാന്‍ വരുമോന്നാ നായരുടെ പേടി.ഇന്നസെന്റിന്റെ സാംസ്കാരിക പ്രവര്‍ത്തനം കണ്ട് കണ്ണ് തള്ളിയ മലയാളിക്ക് ഇനിയും എന്തൊക്കെ കാണേണ്ടി വരുമോ ആവോ?
എന്നാ നായരങ്ങട്.......

Monday, March 8, 2010

വനിതാ ബില്ലും പവനാഴിയും ശവമായോ??

എന്തൊക്കെ ബഹളമായിരുന്നു,മലപ്പുറം കത്തി കൊണ്ടോട്ടി മൂസ,എന്നിട്ടെന്തായി? പവനാഴി ശവമായി എന്ന് പറഞ്ഞ പോലായി കാര്യങ്ങള്‍? സോണിയാ ഗാന്ധീടെ പ്രത്യേക താല്പര്യ പ്രകാരം ലോക വനിതാ ദിനത്തില്‍ ഭാരതത്തിലെ വനിതകള്‍ക്കുള്ള സമ്മാനം,പ്രക്യതിയുടെ മിശ്രണം റ്റാറ്റയുടെ പാകിങ്ങ്! ഹോ എന്റമ്മോ അങ്ങിനെ വീണ്ടും വനിതാ ബില്ല് ഒരു ഗോസ്റ്റായി!

സത്യത്തില്‍ ഈ വനിതാ ബില്ലിന്റെ ഗുണങ്ങള്‍ നമ്മുടെ രാജ്യത്തെ താഴേക്കിടയിലുള്ള വനിതകള്‍ക്ക് ലഭ്യമാകുമോ? ദളിതരും താഴ്ന്ന ജാതിയില്‍ (ഇന്നും ജാതി വേര്‍ തിരിവു തുടരുന്നു! കഷ്ടം) പെട്ട വനിതകള്‍ക്കും ജീവിതത്തില്‍ എന്തെങ്കിലും ഗുണം ലഭിക്കുമോ? തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് ജയിച്ച് നിയമസഭയിലോ ലോകസഭയിലോ എത്തിയാല്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ തീരുമോ? അങ്ങിനെയെങ്കില്‍ ഇതിന് മുന്‍പ് അധികാരം കയ്യാളിയ സ്ത്രീ രത്നങ്ങള്‍ തികഞ്ഞ പരാജയമാണോ? സോണിയാ ഗാന്ധിയും,രാഷ്ട്രപതി പ്രതിഭാ പട്ടേലും,മമതാ ബാനര്‍ജിയുമൊക്കെ എന്തെങ്കിലും സംവരണം കൊണ്ട് ഉയര്‍ന്ന് വന്നവരാണോ? അപ്പോള്‍ ഉയര്‍ന്ന് വരണമെങ്കില്‍ ഒരു സംവരണം ആവശ്യമില്ല എന്നത് സത്യമാണ്.

സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത് ദാരിദ്ര്യത്തില്‍ നിന്നാണ്. പട്ടിണിയുടേയും പരിവട്ടത്തിന്റേയും ജീവിത ചുറ്റുപാടില്‍ നിന്നും അവളുടെ ദുരന്ത കഥ ആരംഭിക്കുകയായി. വീട്ടിലെ പണികള്‍ സ്ത്രീകള്‍ക്ക് മാത്രം ചെയ്യേണ്ട ഒന്നാണ് എന്ന ഒരു നാട്ടുനടപ്പ് പ്രകാരം പഠനം വളരെ നേരത്തെ ഉപേക്ഷിക്കേണ്ടി വരുന്നു. വിദ്യയില്ലാത്ത അവള്‍ പിന്നെ ഒരു കുടുമ്പത്തിന് വിളക്കാവാന്‍ തന്റെ വിദ്യകൊണ്ട് കഴിയാതെ വരുന്നിടത്താണ് അവളുടെ ജീവിതത്തില്‍ ഇരുട്ട് പരക്കുന്നത്. ഈ ഇരുട്ടില്‍ നിന്നും കണ്ണടച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അവര്‍ ഓട്ടത്തിനിടയില്‍ ചെന്ന് വീഴുന്നത് പല ചതിക്കുഴികളില്‍. ചിലര്‍ വേശ്യാവ്യത്തികളില്‍ ഏര്‍പ്പെട്ട് പട്ടിണി മാറ്റുന്നു,ശരീരം കൊണ്ട് പണം സമ്പാദിക്കാന്‍ കഴിയുമെന്ന തിരിച്ചറിവില്‍ ബന്ധങ്ങളും സംസ്കാരവും പിച്ചിച്ചീന്തി എറിയപ്പെടുന്നു.ചിലര്‍ മെച്ചപ്പെട്ട ജീവിത ചുറ്റുപാട് കാംക്ഷിച്ച് പ്രലോഭനങ്ങളിലും ജോലി വാഗ്ദാനങ്ങളിലും ചെന്ന് പെട്ട് നശിപ്പിക്കപ്പെടുന്നു. ഇതാണ് ഒരു സാധാരണ ദരിദ്ര കുടുമ്പത്തിലെ ഒരു സ്ത്രീയ്ക്ക് സംഭവിക്കുന്ന ഒരു ശരാശരി ജീവിത ക്രമം.ഈ ഒരു ജീവിത ചുറ്റുപാടിന് മാറ്റം വരും എന്നുണ്ടെങ്കില്‍ ഈ ബില്ലിനെ നായര്‍ അനുകൂലിക്കുന്നു!

സ്ത്രീ ഇന്ന് വിപണിയിലെ പൊന്മുട്ടയിടുന്ന താറാവണ്.ആണുങ്ങള്‍ ഇടുന്ന അടിവസ്ത്രത്തിന്റെ പരസ്യ ചിത്രമായാലും അതില്‍ സ്ത്രീ സാമീപ്യം ഒഴിച്ച് കൂടാനാവാത്തതാണ്.ഇവ്വിധം സ്ത്രീകള്‍ വിപണന തന്ത്രങ്ങളിലെ ഒഴിച്ച് കൂടാനാകാത്ത ഘടകമായി മാറിയിരിക്കുന്നു.തീര്‍ച്ചയായും ഉയര്‍ന്ന നിലയിലുള്ള ഒരു ജീവിത നിലവാരമുള്ളവരാണ് ഇത്തരത്തില്‍ മോഡലുകളായും സിനിമാ നടികളായും പരിണമിക്കുന്നത്.പലരും ആ നിലയില്‍ എത്തിപ്പെടാന്‍ പല വിധ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട് എന്നത് പകല്‍ പോലെ വ്യക്തമാണ്.സിനിമാ നടികളോ അതി പ്രശസ്തരോ ആയിക്കഴിഞ്ഞാല്‍ പിന്നെ ആ ജീവിത നിലവാരം തുടര്‍ന്ന് കൊണ്ടുപോകാനുള്ള ഭഗീരഥ പ്രയത്നത്തിലായിരിക്കും പിന്നീട് അത്തരം തരുണീ മണികള്‍. ഇന്ത്യാ ഗവര്‍മേന്റിന്റെ കമ്മട്ടത്തിലടിക്കുന്നതിനേക്കാള്‍ വേഗത്തില്‍ പണം അച്ചടിച്ചെടുക്കാന്‍ കഴിയുന്ന മെഷിനായി താന്‍ മാറിയെന്ന തിരിച്ചറിവ് ഇത്തരം ചില സ്ത്രീകളെ നക്ഷത്ര വേശ്യകളക്കുന്നു. ഇവിടേയും സ്ത്രീകള്‍ വേശ്യാവ്യത്തിയിലേക്ക് കടക്കുന്നത് സംസ്കാരം അറിയാഞ്ഞിട്ടോ വിദ്യഭ്യാസമില്ലാഞ്ഞിട്ടോ അല്ല എന്നത് പ്രസക്തമാണ്.പല റെയിഡുകളിലും മറ്റും പിടിക്കപ്പെടുന്ന പ്രശസ്ത സിനിമാ നടികള്‍ അഭിനയിച്ച് ഫലിപ്പിച്ച വേഷങ്ങള്‍ അവരുടെ പ്രവര്‍ത്തികളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് റെയിഡുകളില്‍ നിന്നും പിടിച്ച് മുഖം മറച്ച് പടിയിറങ്ങി വരുമ്പോള്‍ മാത്രമാണ് നമ്മള്‍ മനസ്സിലാക്കുന്നത്. ഇത്തരം സ്ത്രീകളുടെ ഈ ദുര്‍ന്നടപ്പിന് ഒരു പരിഹാരം ഉണ്ടാവുമെങ്കില്‍ നായര്‍ ഈ വനിതാ ബില്ലിനെ അനുകൂലിക്കുന്നു!

നാട്ടില്‍ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം നാള്‍ക്ക് നാള്‍ കൂടി വരുന്നു.ബ്ലൂ ടൂത്തിലും,ഇന്റര്‍ നെറ്റിലും സ്ത്രീകള്‍ പ്രധാന ശബ്ദത്തിലും വേഷത്തിലും അഭിനയിച്ച നീല ചിത്രങ്ങള്‍ പ്രചരിക്കുന്നു.വളര്‍ന്ന് വരുന്ന സ്ത്രീകള്‍ ആത്മഹത്യയിലേക്ക് നിര്‍ഭയമായി നടന്ന് കയറുന്നു.കുറ്റ ക്യത്യങ്ങളില്‍ സ്ത്രീകളുടെ പങ്ക് മുമ്പത്തേക്കാളേറെ വര്‍ദ്ധിച്ചിരിക്കുന്നു.സ്ത്രീകളിലെ അക്രമ വാസന ഭയാനകമാകും വിധം ഉയര്‍ന്നിരിക്കുന്നു.വിദ്യഭ്യാസ മേഖലയില്‍ വളരെയേറെ മുന്നിലായിരുന്ന സ്ത്രീകള്‍ ഇന്ന് ഏറെ പിന്നിലാണ് എന്ന് തന്നെ പറയാം.ഈ അവസ്ഥകള്‍ക്കൊക്കെ മാറ്റം വരുമെങ്കില്‍ നായര്‍ ഈ വനിതാ ബില്ലിനെ അനുകൂലിക്കുന്നു.

സ്ത്രീ സമത്വം എന്നൊരു ഉട്ടോപ്പിയന്‍ വാദമാണ് ഇന്നത്തെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം.സമസ്ത മേഖലകളിലും സ്ത്രീ തന്റെ കഴിവ് തെളിയിച്ചിട്ടും അവള്‍ അര്‍ഹിക്കുന്ന പ്രാധാന്യം അവള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് ഒരു പ്രധാന രോദനം.ഈ സമത്വം കൊണ്ട് ഒരു പുരുഷന്റെ തലയില്‍ കേറി ഇരിക്കണം എന്നാണോ സ്ത്രീ ഉദ്ദേശിക്കുന്നത്? അല്ലെങ്കില്‍ സമത്വത്തിന്റെ പേരില്‍ എന്ത് അവഗണനയാണ് അവര്‍ നേരിടുന്നത്? അല്ലെങ്കില്‍ സ്ത്രീകള്‍ വഴിപിഴയ്ക്കുന്നതിന്റെയൊക്കെ കാരണം പുരുഷന്മാര്‍ മാത്രമാണോ? വേശ്യ വ്യത്തി പിടിക്കപ്പെടുമ്പോള്‍ പീഡനമാകുന്നത് ഇന്ന് സര്‍വ്വ സാധാരണമാണ്. സകല പീഡനങ്ങള്‍ക്കും വാണിഭങ്ങള്‍ക്കും പിന്നില്‍ സ്ത്രീകള്‍ തന്നെയാണ് കൂട്ടിക്കൊടുപ്പ്കാരെന്ന് നാം കണ്ടതാണ്. എന്നിട്ടും സമത്വം കോപ്പ് മണ്ണാ‍ങ്കട്ട!

പുരോഗമനവാദികളായ കുറേ സ്ത്രീകളുണ്ട്, അവരെക്കുറിച്ച് നായര്‍ക്ക് സഹതാപം മാത്രമേയുള്ളൂ. കഴിഞ്ഞ ദിവസം ഒരു ടിവി ന്യൂസില്‍ ഒരു സ്ത്രീയെ പരിചയപ്പെടുത്തി, പേര് സുനില്‍!സുനില്‍ എന്ന പേരു സ്വീകരിച്ച ആ ഭയങ്കരി ഡോക്ട്രേറ്റ് ഉള്ളവരും ഒരു കോളെജിലെ വകുപ്പ്മേധാവിയുമാണ്! ഇത് കണ്ടപ്പോള്‍ നായര്‍ക്ക് ആ പഴയ പഴഞ്ചൊല്ലാണ് ഓര്‍മ്മ വന്നത്, “അമ്മായി മീശ വെച്ചാല്‍ അമ്മാവനാവില്ല” എന്ന് തന്നെ! നായര്‍ക്ക് ഈ മഹതി ഡോ.സുനില്‍ എന്ന സ്ത്രീയോട് ഒന്നേ പറയാനുള്ളൂ,പേരു മാത്രം പുരുഷന്റേതായത് കൊണ്ട് ഇവിടെ ഒരു വിപ്ലവവും ഉണ്ടാകുന്നില്ല,അത്രയ്ക്ക് സമത്വം വേണമെങ്കില്‍ പുരുഷന്റെ ഒരു “കിടുതാപ്പി” ഫിറ്റ് ചെയ്ത് ഒരു പുരുഷ വനിതയായി സമത്വം തെളിയിക്കാന്‍ ശ്രമിക്കൂ. ഇത്തരം അബദ്ധജടിലമായ കാട്ടിക്കൂട്ടലുകളണ് സ്ത്രീകളുടെ വില കുറച്ച് കാണിക്കാന്‍ ഇടവരുത്തുന്നത്. സ്ത്രീയ്ക്ക് ശാരീരികമായും മാനസികമായും പുരുഷന്മാരില്‍ നിന്നും വ്യക്തമായ അന്തരം ദൈവം തമ്പുരാന്‍ സ്യഷ്ടിപ്പില്‍ തന്നെ വരുത്തിയിട്ടുണ്ട്. ആ ഒരു വ്യത്യാസം മനസ്സിലാക്കി അവള്‍ ഇരിക്കേണ്ടിടത്ത് അവള്‍ ഇരുന്നാല്‍ അവിടെ വേറെ ആരും കയറി നിരങ്ങില്ല. ഇല്ലെങ്കില്‍ കുഞ്ഞാലി മുസ്ലിയാര്‍ വാ വട്ടം കുറഞ്ഞ കുടത്തിലേക്ക് ഒരു തുള്ളി പോലും തുളുമ്പാതെ മൂത്രമൊഴിക്കാന്‍ പറഞ്ഞപ്പോള്‍ നാണം കെട്ട് തോറ്റ് പോയ കഥ ഇവിടെ വീണ്ടും കേള്‍ക്കേണ്ടി വരും. ഒരു പക്ഷേ ഇപ്പോള്‍ ഒരു തുള്ളി പോലും തുളുമ്പാതെ മൂത്രമൊഴിക്കാനുള്ള സൂത്രം വിപണിയില്‍ ഉണ്ടെന്ന് സമര്‍ത്ഥിച്ചാലും സ്ത്രീകള്‍ ഇപ്പോഴും ആ കഥയുടെ പ്രേതാലയത്തില്‍ തന്നെയാണെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.

സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണ്.കേവലം ഭാര്യ ഭര്‍ത്താവു എന്ന സാമൂഹിക ബന്ധത്തില്‍ മാത്രമാണ് സ്ത്രീ ഈ സമത്വമില്ലായ്മ പ്രസംഗിച്ച് നടക്കുന്നത്. അതിനുത്തരവാദി സമൂഹമോ ചുറ്റ്പാടോ അല്ല, കേവലം രണ്ട് മനസ്സുകളുടെ “ഈഗോ”ഒന്ന് കൊണ്ട് മാത്രമാണ്. നായര്‍ പറഞ്ഞ് വന്നത്, വനിതാ സംവരണ ബില്ല് വരുന്ന പക്ഷം സ്ത്രീകള്‍ വീണ്ടും ഈ ഈഗോയ്ക്ക് അടിമപ്പെടുകയും കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ശിഥിലമാക്കപ്പെടുകയും ചെയ്യുമെന്ന് നായര്‍ ഭയപ്പെടുന്നു. സ്ത്രീകള്‍ ജോലി ചെയ്ത് കുടുംബം നടത്താന്‍ തുടങ്ങിയപ്പോള്‍ കുടുംബങ്ങളില്‍ വിവാഹ മോചനങ്ങളുടേയും പുരുഷ പീഡനങ്ങളുടേയും കണക്കുകള്‍ വര്‍ദ്ധിച്ച പോലെ ഈ ഒരു സംവരണം കൊണ്ടും അത്തരം വിപരീത ഫലങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ. അല്ലാതെ ഈ ബില്ലുകൊണ്ടെന്നല്ല വേറെ ഏതൊക്കെ തരം ബില്ല് വന്നാലും സ്ത്രീകളുടെ സ്വഭാവമോ മനോഭാവമോ മാറാന്‍ പോകുന്നില്ല! മറിച്ച് അധികാരത്തിന്റേയും അഹങ്കാരത്തിന്റേയും മൂര്‍ത്തീ ഭാവമായി മാറി കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്ന ഒരു കാഴ്ച അതി വിദൂരമല്ല എന്ന് തന്നെയാണ് നായരുടെ പക്ഷം.ഇനിയും എന്തൊക്കെ ബില്ല് കാണാന്‍ കിടക്കുന്നു!

ഈ വനിതാ സംവരണ ബില്ലു കൊണ്ട് സ്ത്രീകള്‍ അഹങ്കാരികളും സര്‍വ്വോപരി നിഷേധികളും ആവാന്‍ മാത്രമേ ഉപകരിക്കൂ എന്നുണ്ടെങ്കില്‍, നായര്‍ ഈ കടിക്കുന്ന പട്ടിയെ പേടിക്കുന്നു.ഈ ബില്ലിനെ എതിര്‍ക്കുന്നു!ഇത് ഈ ബില്ലിന്റെ ഒരു സാമൂഹിക വശം മാത്രമാണെന്ന് വിശ്വസിക്കുന്നുവെങ്കിലും! ഈ ബില്ലുകൊണ്ട് ഇവിടെ ഒരു മാറ്റവും നടക്കാന്‍ പോകുന്നില്ല.പട്ടിണിയും അടിസ്ഥാനപരമായ വിദ്യഭ്യാസവും ഇല്ലാത്തതാണ് നമ്മുടെ രാജ്യത്തിലെ സ്ത്രീകളുടെ ശാപം.സ്ത്രീകളെ ചൂഷണം ചെയ്യാന്‍ ഇടവരുന്ന എല്ലാ അവസ്ഥയിലും മേഖലകളിലും അത് ഒരു തടസവുമില്ലാതെ തുടരുന്നു.തടയേണ്ടവര്‍ തന്നെ അത്തരം ചൂഷണത്തിന്റെ ഭാഗഭാക്കാവുന്നു! വേലി തന്നെ വിളവു തിന്നുന്ന അവസ്ഥ. നമ്മുടെ രാജ്യത്തെ നൂറ് കോടി ജനങ്ങള്‍ക്ക് ഒരു കോടി രൂപാ വീതം നല്‍കിയാലും ബജറ്റില്‍ മറ്റു വകുപ്പുകള്‍ക്കും കോടിക്കണക്കിന് സമ്പാദിച്ച് കൂട്ടുന്ന സമ്പന്ന വര്‍ഗ്ഗത്തിനും പിന്നേയും അഴിമതി ചെയ്യാന്‍ പണം ബാക്കിയാണ്. രാജ്യത്തിന്റെ പ്രതിരോധത്തിനും ആയുധം വാങ്ങിക്കൂട്ടുന്നതിന്നും കോടാനു കോടി രൂപ ചിലവാക്കുമ്പോള്‍ ഒരു നേരത്തെ അന്നത്തിനു വേണ്ടി ക്യൂ നിന്ന് തിക്കിലും തിരക്കിലും പെട്ട് മരിക്കുന്ന പാവപ്പെട്ട പട്ടിണിപ്പാവങ്ങള്‍ക്ക് അതുണ്ടാക്കിക്കൊടുക്കാനുള്ള ബില്ലാണ് ഏറ്റവും ആദ്യം പാസാക്കേണ്ടത്.അതൊന്നും നടക്കാന്‍ പോകുന്നില്ല, കാരണം ജനങ്ങള്‍ക്ക് വിദ്യഭ്യാസവും അടിസ്ഥാന സൌകര്യങ്ങളും പണവും നല്‍കിയാല്‍ ഈ സാമാജികരെ തിരഞ്ഞെടുത്തയക്കാന്‍ ജനങ്ങള്‍ക്ക് ഒട്ടും താല്പര്യമുണ്ടാകില്ല എന്നത് കൊണ്ട് തന്നെ.

കാലാ കാലം രാജ്യത്ത് പട്ടിണിപ്പാവങ്ങള്‍ നില നില്‍ക്കേണ്ടത് നമ്മുടെ ഭരണ കര്‍ത്താക്കളുടെ ആവശ്യമാണ്. അധികാരം കിട്ടാനായി ചവിട്ടിക്കയറാനുള്ള കേവലം ചവിട്ട് പടികള്‍മാത്രമാണ് രാജ്യത്തെ ജനങ്ങള്‍ എന്ന് വിളിക്കുന്ന വോട്ടു ചെയ്യുന്ന കഴുതകള്‍. ഈ ജനങ്ങളുടെ കണ്ണീരൊപ്പാന്‍ തുടങ്ങിയിട്ട് വര്‍ഷമേറെ കഴിഞ്ഞെങ്കിലും കണ്ണീര്‍ ഇപ്പോഴും ബാക്കി.എന്നാലും പാവങ്ങള്‍ക്കും അശരണരായ സ്ത്രീകള്‍ക്കും വേണ്ടി അധികാര വര്‍ഗ്ഗം ബില്ലുകളും മറ്റും പാസാക്കാന്‍ ശ്രമിച്ച് കൊണ്ടേയിരിക്കും. ഇതൊക്കെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി മാത്രമാണെന്ന് ഈ കഴുതകള്‍ എന്നാണ് മനസ്സിലാക്കുക! അതിന്റെ ഭാഗമായി സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ വേണ്ടിയാണ് വനിതാ ബില്‍ പാസാക്കാന്‍ ആ പാവപ്പെട്ട ഭരണ കര്‍ത്താക്കള്‍ ഈ പെടാ പാടൊക്കെ പെടുന്നത്, അല്ലാതെ കേവലമൊരു വനിതാ ബില്ലിനോട് പോലും പ്രതിബദ്ധത ഇല്ലാഞ്ഞിട്ടല്ല അത് പാസാവാത്തത് എന്നൊന്നും ചിന്തിക്കുന്നത് പോലും പാപമാണ്!രാജ്യ ദ്രോഹമാണ്!ഹല്ല പിന്നെ.

എന്നാ നായരങ്ങട്....

Tuesday, March 2, 2010

എം എഫ് ഹുസൈനെ വാഴ്തുന്നവര്‍ ആര്?

ബൂലോകത്തിലെ ഒരു പ്രശസ്ത ബ്ലോഗറുടെ അനോണി ബ്ലോഗായ ‘ചക്രവ്യൂഹം‘ എന്ന ബ്ലോഗിന്റെ ജീവാത്മാവും പരാത്മാവും എഞ്ചിന്‍ ഡ്രൈവറുമായ അഭിമന്യു വന്ന് നായരുടെ പോസ്റ്റില്‍ വന്ന് നായരും പുലി ബ്ലോഗറല്ലെ എന്നൊക്കെ പറഞ്ഞ് കമന്റ് ചെയ്തപ്പോള്‍ കോള്‍മയിര്‍ കൊണ്ടാണ് ആ പോസ്റ്റ് വായിക്കാന്‍ ഓടിയെത്തിയത്.പിന്നീടാണ് ആ കമന്റ് മിക്കവാറും എല്ലാ ബ്ലോഗിലും ഇട്ടിട്ടുണ്ടെന്ന് മനസ്സിലായത്.അതെന്തോ ആവട്ടെ, വിഷയം എം എഫ് ഹുസൈനാണ്! ബൂലോകത്തെ പലരും അനോണികളായും സനോണികളായും അവിടെ ഘനഗംഭീരമായ അഭിപ്രായങ്ങള്‍ ഇട്ടിരിക്കുന്നത് കണ്ടപ്പോള്‍ നായര്‍ക്ക് വീണ്ടും കോള്‍മയിര്‍ കൊണ്ടു.അവരെയോര്‍ത്ത് സഹതപ്പിച്ച് കൊണ്ട് നായര്‍ വിഷയത്തിലേക്ക് വരാം!

എം എഫ് ഹുസൈന്‍ എന്ന അശ്ലീല ചിത്രകാരനെ ഇത്രയും മഹനീയമായ ഒരു പദവിയിലേക്ക് ഉയര്‍ത്താന്‍ ഇവിടത്തെ ഹിന്ദു വര്‍ഗീയ സംഘടനകള്‍ തന്നെയാണ് പ്രധാന പങ്ക് വഹിച്ചിരിക്കുന്നത് എന്നത് വസ്തുതാ പരമാണ്.നമ്മുടെ രാജ്യത്ത് നടക്കുന്ന എല്ലാ രാജ്യദ്രോഹ പരമായ നീക്കങ്ങള്‍ക്കും പ്രതിക്ഷേധിക്കാന്‍ കുത്തക അവകാശം നേടിയത് പോലെയാണ് ഇവിടെയുള്ള ഹിന്ദു വര്‍ഗ്ഗീയ സംഘടനകളുടെ പെരുമാറ്റം.ഹുസൈന്റെ കാര്യത്തിലും സംഭവിച്ചത് ഇതൊക്കെ തന്നെയാണ്. എന്നാല്‍ ഹുസ്സൈന്‍ കൂടുതല്‍ പ്രതിഷേധം അര്‍ഹിക്കുന്നത് അല്ലെങ്കില്‍ ആക്രമിക്കപ്പെടുന്നത് അയാള്‍ ഒരു മുസ്ലിം ആണ് എന്നത് കൊണ്ട് തന്നെയാണ്.ഒരു മുസ്ലിമായ ചിത്രകാരന്‍ ഹിന്ദു ദൈവങ്ങളുടെ അശ്ലീല ചിത്രം വരച്ചാല്‍ അതിന് ഗൌരവം വളരെ വളരെ കൂടുതലാണ്.അതാണ് ഇവിടേയും സംഭവിച്ചത്.

രാജ്യത്ത് കലാപങ്ങളില്‍ മരിച്ച സ്ത്രീകളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? അമ്മമാരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? പിച്ചിച്ചീന്തിയ സഹോദരിമാരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഓരോ കലാപത്തിന്റെ കണക്കെടുപ്പുകളിലും ഇത്ര മുസ്ലീംങ്ങള്‍ അല്ലെങ്കില്‍ ഇത്ര ഹിന്ദുക്കള്‍ മരിച്ചു അല്ലെങ്കില്‍ ആക്രമിക്കപ്പെട്ടു അല്ലെങ്കില്‍ ബലാത്സംഘം ചെയ്യപ്പെട്ടു എന്നു പറയുകയല്ലാതെ ഇത്ര മനുഷ്യര്‍ മരിച്ചുവെന്നോ ഇത്ര ഇന്ത്യക്കാര്‍ ആക്രമിക്കപ്പെട്ടെന്നോ നാം വാര്‍ത്തകളില്‍ നിന്നു പോലും കേള്‍ക്കുന്നില്ല. ഇവിടെ മനുഷ്യരില്ല,ഹിന്ദുവും മുസ്ലിമും ക്യസ്ത്യനും ബുദ്ധനുമൊക്കെ മാത്രം.തമിഴനും തെലുങ്കനും,മറാത്തിയും അങ്ങിനെ പോകുന്നു തരം തിരിവുകള്‍.ഒരു സ്ത്രീ ബലാത്സംഘം ചെയ്യപ്പെടുമ്പോള്‍ അല്ലെങ്കില്‍ ആക്രമിക്കപ്പെടുമ്പോള്‍ അത് തന്റെ ശത്രു പക്ഷ മതത്തില്‍ പെട്ടവളല്ലെ എന്ന് ആശ്വാസം കൊള്ളുന്നവരാണ് ഇന്നത്തെ സമൂഹം. ഒരു അപകടം നടന്നാല്‍ പോലും അതില്‍ ഇത്ര ഹിന്ദു ഇത്ര മുസ്ലിം എന്ന് കണക്ക് തിരിച്ച്, ഹിന്ദുക്കള്‍ അധികമാണെങ്കില്‍,ഭാഗ്യം അത്രയും ഹിന്ദുക്കള്‍ മരിച്ചത് നന്നായി എന്നും അതല്ല മുസ്ലിംങ്ങളാണ് കൂടുതല്‍മരിച്ചതെങ്കില്‍ നന്നായിപ്പോയെന്നും കരുതുന്ന ഹിന്ദുവും മുസല്‍മാനുമൊക്കെയാണ് ഇന്ന് നമ്മുടെ നാട്ടില്‍ ജീവിച്ചിരിക്കുന്നത്.അത്രയ്ക്കും മനുഷ്യര്‍ സങ്കുചിതരായിപ്പോയി എന്ന് വളരെ വേദനയോടെയാണ് നിങ്ങളില്‍ പലരില്‍ പോലെയും നായരും മനസ്സിലാക്കുന്നത്.

മതമാണ് ഇന്നത്തെ യഥാര്‍ത്ത പ്രശ്നം.പറയുമ്പോള്‍ എല്ലാ മതങ്ങളും മനുഷ്യ നന്മയ്ക്കും മനസ്സിന്റെ ശുദ്ധിയുമാണ് കാംഷിക്കുന്നതെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്നു.രാജ്യത്ത് അരങ്ങേറുന്ന കലാപങ്ങളുടെ മൂല കാരണങ്ങളും മതങ്ങളാണ് താനും!അപ്പോള്‍ മതങ്ങളാണോ ഇവിടെ തെറ്റ് ചെയ്യുന്നത്? അതോ മതത്തിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ച് വിടുന്ന മത അനുയായികളോ? മതം മനുഷ്യ നന്മയ്ക്കാണെങ്കില്‍ എന്തുകൊണ്ട് ഇവിടെ മത സംഘട്ടനങ്ങള്‍ ഉണ്ടാകുന്നു? കലാപങ്ങള്‍ ഉണ്ടാകുന്നു? ഈ മതങ്ങള്‍ പറയുന്ന ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവത്തെ ക്രിമി കീടമായ മനുഷ്യന് തോല്‍പ്പിക്കാന്‍ കഴിയുമോ? ദൈവത്തിന്റെ നില നില്‍പ്പ് ദൈവം സ്യഷ്ടിച്ച മനുഷ്യരിലാണോ നിക്ഷിപ്തമായിരിക്കുന്നത്? ഒരു മൂന്നാം കിട ചിത്രകാരന്‍ സരസ്വതീ ദേവിയെ നഗ്നയായി വരച്ചത് കൊണ്ട് സരസ്വതീ ദേവിയിലുള്ള അചഞ്ചലമായ വിശ്വാസത്തിന് എങ്ങിനെയാണ് കോട്ടം തട്ടുന്നത്? എന്തിനാണ് അത്തരം ചിത്രങ്ങള്‍ക്ക് ഇത്ര അമിത പ്രാധാന്യം നല്‍കുന്നത്?അത് കൊണ്ട് നിങ്ങള്‍ ആ നിക്യഷ്ട കലാകാരന് എന്ത് മാത്രം പ്രശസ്തിയാണ് നേടിക്കൊടുത്തത്? അയാള്‍ വരയ്ക്കുന്ന മൂന്നാം കിട ചിത്രത്തേക്കാള്‍ മനോഹരമായി ചിത്രം വരയ്ക്കുന്ന കുട്ടികള്‍ വരെയുണ്ട്. അവരില്‍ നിന്നും ഹുസ്സൈനു പ്രാധാന്യം കല്‍പ്പിച്ച് നല്‍കിയെങ്കില്‍ അതിന് ആരാണ് ഉത്തരവാദി എന്നും നാം പരിശോധിക്കണം. ഒരിക്കല്‍ മുസ്ലിംങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ‘കുറാന്‍‘ കത്തിച്ചെന്നും പറഞ്ഞ് കലാപമുണ്ടായില്ലെ? ഒരു കുറാന്റെ പ്രതി കത്തിച്ചത് കൊണ്ട് ഇവിടത്തെ മുസ്ലീംങ്ങള്‍ക്ക് നാശം സംഭവിക്കുമെന്ന് കരുതി കലാപം നടത്തിയവര്‍ ‘കുറാന്റെ’ അദ്ധ്യാപനം എന്താണെന്ന് അറിഞ്ഞവരാണോ? അത് പോലെ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ചെന്നും പറഞ്ഞ് കാട്ടിക്കൂട്ടിയ കോലാഹലങ്ങള്‍ ആരും മറന്ന് കാണില്ല.മുഹമ്മദ് നബിയുടെ അദ്ധ്യാപനങ്ങള്‍ ഒന്ന് പോലും ശിരസ്സാവഹിക്കാത്ത പലരും ആ പ്രതിഷേധത്തില്‍ മുന്‍ നിരയിലുണ്ടായിരുന്നു. എന്നാല്‍ നായര്‍ക്ക് പറയാനുള്ളത് ആ മഹാന്റെ അദ്ധ്യാപനം അനുസരിച്ച് ജീവിക്കുകയാണ് മുഹമ്മദ് നബിയെ സ്നേഹിക്കുന്ന മുസ്ലിംങ്ങള്‍ ചെയ്യേണ്ടത്. ഇവിടെ ആള്‍ക്കൂട്ടമാണ് സത്യമെന്ന് വരുത്തിത്തീര്‍ക്കുന്നു.സ്വന്തം അമ്മ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ പട്ടിണി കിടക്കുമ്പോള്‍ തോക്കും ബോംബുമായി ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ഇറങ്ങുന്ന മുസ്ലിം യുവാക്കള്‍ മതത്തിനു വേണ്ടിയല്ല നേരെ മറിച്ച് ശത്രുവിനെ നശിപ്പിക്കുക എന്ന് മാത്രമാണ് ചിന്തിക്കുന്നത്.ശത്രുക്കളും അതേ കണക്ക് കൂട്ടലില്‍ ആയുധം കയ്യിലേന്തുന്നു.അവിടേയും മതത്തിന്റെ പേരു പറയുന്നു. മതങ്ങള്‍ മനുഷ്യ നമയ്ക്കാണെന്ന് പലവട്ടം പറഞ്ഞ് കൊണ്ട് തന്നെ. ഇവിടെയാണ് മതത്തിന്റെയും മതം നടപ്പാക്കുന്നവരുടേയും ഉദ്ദേശ ശുദ്ധി നാം മനസ്സിലാക്കേണ്ടത്.

ഇന്ന് മതങ്ങളെല്ലാം കോര്‍പ്പറേറ്റ് ബിസിനസ് പോലെ തഴച്ച് വളര്‍ന്നിരിക്കുന്നു.പള്ളികളും ചര്‍ച്ചുകളും ക്ഷേത്രങ്ങളും മത്സര ബുദ്ധിയോടെ പണിതുയര്‍ത്തുന്നു.മതങ്ങളിലേക്ക് വിശ്വാസികള്‍ അടുത്ത് കൊണ്ടേയിരിക്കുന്നു. ശബരിമലയിലേക്കായാലും ഹജ്ജ് കര്‍മ്മത്തിനായാലും വിശ്വാസികള്‍ കൂട്ടത്തോടെ എത്തുന്നു.സംഭാവനകളും വഴിപാടുകളും കാണിക്കകളും കൂമ്പാരമായിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ മതങ്ങളിലേക്കുള്ള മനുഷ്യരുടെ മടക്കം കൊണ്ട് ആത്മസംസ്കരണമാണ് നടക്കുന്നതെങ്കില്‍ ഇവിടെ ഒരു കലാപവും ഒരു മത ഭ്രാന്തന്മാരുടെ തോന്യാസവും, ഭീകരാക്രമണവും ഒന്നും ഉണ്ടാകില്ല.അപ്പോള്‍ മതങ്ങളിലേക്കുള്ള ഈ മടക്കം കൊണ്ട് എന്താണ് മനുഷ്യരില്‍ സംഭവിക്കുന്നത്? മതങ്ങളിലേക്കുള്ള മടക്കം കൊണ്ട് മനുഷ്യര്‍ക്ക് ആത്മ സംസ്കരണം നടക്കുന്നില്ലെങ്കില്പിന്നെ എന്താണ് മനുഷ്യരില്‍ സംഭവിക്കുന്നത്? നായരുടെ അഭിപ്രായത്തില്‍’കാര്യസാധ്യം’എന്നാണ് നായര്‍ക്ക് തോന്നുന്നത്.പ്രാര്‍ത്ഥിക്കലും കാണിക്കയിടലുമെല്ലാം കേവലം കാര്യ സാധ്യത്തിനു വേണ്ടി മാത്രമാണെന്ന് പറയേണ്ടി വരും. പരീക്ഷകളില്‍ വിജയിക്കാന്‍,വിവാഹം നടക്കാന്‍,ധനം ഉണ്ടാകാന്‍,ശത്രുവിനെ നിഗ്രഹിക്കാന്‍ തുടങ്ങി സകല ആവശ്യങ്ങളുടേയും കാര്യസാധ്യം ഒന്ന് മാത്രം!ഈ കാര്യ സാധ്യത്തെ വാണിജ്യവല്‍ക്കരിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കുകയാണ് ഇവിടത്തെ അമ്പളങ്ങളും പള്ളികളും ചര്‍ച്ചുകളും ജാറങ്ങളും എന്ന് നാം മനസ്സിലാക്കണം.
അതവിടെ നില്‍ക്കട്ടെ ആ വിഷയത്തിലേക്ക് നായര്‍ പിന്നീട് വരാം!

സരസ്വതീദേവിയെ അപമാനിച്ച് പോസ്റ്റിട്ട ചിത്രകാരന്‍, ബൂലോകത്ത് ഇപ്പോഴും ആരാധ്യനാണ് എന്നത് തന്നെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് വളരെ വേഗം ജനങ്ങളുടെ ശ്രദ്ധ നേടിയെടുക്കാന്‍ കഴിയും എന്നതിനു ഒരു ബൂലോക തെളിവാണ്.അത് ബൂലോകത്തായാലും ഭൂലോകത്തായാലും അമ്മയെ തല്ലിയാലും രണ്ടാണല്ലോ പക്ഷം. ഇപ്പോള്‍ മൂന്ന് പക്ഷം ഉണ്ടെന്ന് കേള്‍ക്കുന്നു. അത്തരത്തില്‍ ശ്രദ്ധ നേടിയവരായ സല്‍മാന്‍ റുഷ്ദി,തസ്ലീമ തുടങ്ങിയ പട്ടികയില്‍ ഇനിയും ധാരാളം പേര്‍.ഇവരൊക്കെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി സ്വന്തം അമ്മയെ വരെ കൂട്ടിക്കൊടുക്കാന്‍ ഉളുപ്പില്ലാത്തവരാണ്.ഇത്തരക്കാരെ ഉപയോഗിച്ച് ശത്രുവിനെ നേരിടാമെന്ന് കരുതിയ കുരുട്ടു ബുദ്ധികളുടെ ബാക്കിപത്രമാണ് ഇത്തരം നിക്യഷ്ട ജീവികള്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണം.ഇത്തരം പ്രവര്‍ത്തനങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞിരുന്നെങ്കില്‍ ഈ വക ഒരു പൊല്ലാപ്പും ഉണ്ടാകുമായിരുന്നില്ല.ചെറിയൊരു വ്രണം ചൊറിഞ്ഞ് ചൊറിഞ്ഞ് വലിയൊരു വ്രണമാക്കി എന്നതാണ് നായര്‍ക്കീ വിഷയത്തെ പറ്റി പറയാനുള്ളത്. മാധുരീ ദീക്ഷിത്തിനെ ആരാധിക്കുന്ന ഹുസൈന്‍ മാധുരിയുടെ ഒരു നഗ്ന ചിത്രം വരച്ചില്ലല്ലോ!
ഇവനൊക്കെ ആദ്യം പോയി വരക്കാന്‍ പഠിക്കട്ടെ! ഹല്ല പിന്നെ!

എന്നാ നായരങ്ങട്..