Saturday, December 12, 2009

വിഭാഗീയത വളര്‍ത്താന്‍ ഒരു ബൂലോക അവാര്‍ഡ്!

നൊബേല്‍ പുരസ്കാരത്തിന്റെ സമ്മാനത്തുക വരെ സാമ്പത്തിക
മാന്ദ്യത്തില്‍ പെട്ട് കുറവു വരുത്തിയപ്പോള്‍ ബൂലോകത്ത് നിന്നും
ഇതാ കേള്‍ക്കുന്നു ഒരു അവാര്‍ഡ് വാര്‍ത്ത.അനോണി ബ്ലോഗര്‍ക്കും
അവാര്‍ഡുണ്ട് എന്ന സന്തോഷമാണ് നായര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്.
കഷ്ടകാലം നേരത്ത് നൂല്‍ക്കൊടി പാമ്പാകുന്നത് പോലെ അതെങ്ങാനും
നായര്‍ക്ക് കിട്ട്യാലോ?ഓര്‍ക്കുമ്പോ ഒരു കുളിരൊക്കെ ഉണ്ടായേനെ,
പക്ഷേ തിരഞ്ഞെടുക്കലിന്റെ രീതിയും മറ്റും കണ്ടിട്ട് എന്തോ
നായര്‍ക്ക് അത്രയ്ക്കങ്ങോട്ട് സുഖം വരുന്നില്ല.

ഒരു ബ്ലോഗ് എന്നത് ഒരു വ്യക്തിയുടെ സ്വതന്ത്രമായ ആവിഷ്കാരമാണ്.
അതില്‍ എന്തെഴുതണം എങ്ങിനെ എഴുതണം എന്ന് എഴുതണം എന്നതൊക്കെ
ഒരോ വ്യക്തിയുടേയും താല്പര്യമാണ്. ഒരു ബ്ലോഗ് തുടങ്ങാന്‍ കേവലം
ഒരു ഇ-മെയില്‍ ഐഡി മതി എന്നു വരുകില്‍ മറ്റു അച്ചടി മാദ്ധ്യമങ്ങളോ
സാംസ്കാരിക രംഗങ്ങളിലോ അനുവര്‍ത്തിച്ച് പോരുന്ന അവാര്‍ഡ്
പരിപാടികള്‍ ബ്ലോഗില്‍ പ്രായോഗികമാണോ എന്ന് വിലയിരുത്ത-
പ്പെടേണ്ടതുണ്ട്.

ബ്ലോഗുകളില്‍ നിന്നും നല്ല സ്യഷ്ടികള്‍ ഉണ്ടാകുന്നുണ്ട്.ചിലപ്പോഴൊക്കെ അച്ചടി
മാദ്ധ്യമത്തേക്കാള്‍ പ്രസക്തമായ രചനകളും ബ്ലോഗുകളില്‍ ഉണ്ടാകുന്നുണ്ട്.
ചിലത് മാത്യഭൂമി പോലുള്ള ആഴ്ചപ്പതിപ്പുകളില്‍ പുനഃപ്രസിദ്ധീകരിക്കുകയും
ചെയ്യുന്നത് കണ്ട് വരുന്നു.ഇത് ആ രചന നിര്‍വ്വഹിച്ച വ്യക്തിക്ക് വളരെയധികം
ആത്മവിശ്വാസവും കൂടുതല്‍ നല്ല സ്യഷ്ടികള്‍ക്കുള്ള പ്രചോദനവും ആവുന്നു.
ഇതെല്ലാം ബ്ലോഗിനെ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സഹായിക്കുന്നുണ്ട് എന്ന്
കാണാവുന്നതാണ്.ഇവിടെയെല്ലാം ഒരു പ്രത്യേകമായ ഒരു ബ്ലോഗ് പോസ്റ്റാണ്
തിരഞ്ഞെടുക്കപ്പെടുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ബൂലോകം ഓണ്‍ലൈന്‍ ഒരു അവാര്‍ഡ് പരിപാടി സംഘടിപ്പിച്ചതില്‍ നായര്‍ക്ക്
ഒരു എതിര്‍പ്പും ഇല്ലാത്തത് നായരുടെ ഇല്ലത്തീന്ന് ഒരു അണ പൈ ഇതിനു വേണ്ടി
ചിലവാക്കപ്പെടുന്നില്ല എന്ന സന്തോഷം ഒന്ന് കൊണ്ട് മാത്രമാണ്. ഒരു നല്ല ബ്ലോഗ്
പോസ്റ്റ് തിരഞ്ഞെടുക്കുന്ന ലാഘവത്തില്‍ ഒരു നല്ല ബ്ലോഗറെ എങ്ങിനെ
തിരഞ്ഞെടുക്കും? എന്താണ് അതിന്റെ മാനദണ്ടം?
സത്സ്വഭാവിയാവണോ? മദ്യപാനിയാകണോ? എന്നും ബ്ലോഗ് പോസ്റ്റ് ചെയ്യണോ?
അതോ ഒരു ജെ സി ബി ബ്ലോഗറാവണോ? (ജെ സി ബി ബ്ലോഗര്‍ = കുഴിയെടുക്കല്‍
കുന്നിടിക്കല്‍,കല്ലു മാന്തല്‍, നിരപ്പാക്കല്‍ തുടങ്ങീ ഒരു പാട് കാര്യങ്ങള്‍ ചെയ്യുന്ന
ബ്ലോഗര്‍) അതു പോലെ നല്ല കവിതാ ബ്ലോഗിനെ എങ്ങിനെ കണ്ടെത്തും? ആ
ബ്ലോഗില്‍ പോസ്റ്റുന്ന എല്ലാ കവിതയും ഉദാത്തവും മഹത്തരവുമാണെന്ന്
സമ്മതിച്ചാണോ നല്ല കവിതാ ബ്ലോഗ് നിശ്ചയിക്കുന്നത്? നായരുടെ അല്‍ഭുതം
ഇതൊക്കെ തിരഞ്ഞെടുക്കുന്ന ജൂറിയെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ്! അവര്‍ക്കും
അവാര്‍ഡ് കൊടുക്കുമല്ലോ!

ഇനി വോട്ടിങ്ങിലൂടെ അവാര്‍ഡ് നിശ്ചയിക്കും എന്ന് കേള്‍ക്കുന്നു.ഒരു പ്രത്യേക
ബ്ലോഗര്‍ക്ക് വളരെ കൂടുതല്‍ ആളുകളെ അല്ലെങ്കില്‍ വോട്ടുകള്‍ സംഘടിപ്പിക്കാന്‍
കഴിയുമെങ്കില്‍ അയാള്‍ക്കായിക്കൂടെ അയാള്‍ ഉദ്ദേശിക്കുന്ന അവാര്‍ഡ് ലഭിക്കുക?
ഇവിടെ ഉപകാര സ്മരണയ്ക്കു കമന്റിടുന്നവരാണ് അധികവും. ഏത് ചവറ്
പോസ്റ്റിലും ചിരിച്ചോണ്ടിരിക്കുന്ന സ്ഥിരം കമന്റ് ദാദാക്കളുടെ പോസ്റ്റില്‍ കമന്റ്
സ്വീകരിച്ച എല്ലാവരും കൂട്ടത്തോടെ വന്ന് കമന്റ് ഇടുന്ന രീതി എല്ലാവര്‍ക്കും
സുപരിചിതമാണല്ലോ. അതായത് നായര് “കലക്കി, കൊള്ളാം“ എന്ന കമന്റ് ഒരു
ഇരുന്നൂറ് പോസ്റ്റില്‍ ദാനമായി നല്‍കിയാല്‍ ഒരു നൂറ് കമന്റെങ്കിലും തിരിച്ച്
കിട്ടില്ലേ?അപ്പോള്‍ നായരെഴുതുന്നത് ചവറായാലും നൂറ് കമന്റ് കിടക്കുന്നത്
കണ്ട് അത് വളരെ നല്ല പോസ്റ്റാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്നത് പോലെയല്ലേ
ഈ അവാര്‍ഡ് എന്ന് നായര്‍ക്കൊരു സംശയം!

കുറച്ച് കാലമായി ബൂലോകത്ത് ഒരു ഗ്രൂപ്പിസം വളര്‍ന്ന് വരുന്നുണ്ട്. കൂട്ടമായുള്ള
ആക്രമണങ്ങള്‍ അതിന് തെളിവാണ്.അത് പോലെ ഒരു ഗ്രൂപ്പ് വിചാരിച്ചാല്‍
അട്ടിമറിക്കപ്പെടാവുന്ന ഈ അവാര്‍ഡ് പ്രഹസനം തുടരണോ എന്ന് ഒരു വട്ടം കൂടി
ആലോചിക്കേണ്ടതാണ്. അതല്ല നല്ല ഒരു പിടി സ്യഷ്ടികള്‍ തിരഞ്ഞെടുക്കുന്ന
രീതിയിലേക്ക് ഇത് മാറ്റിയാല്‍ നന്നാകുമായിരുന്നു എന്നാണ് നായരുടെ ഒരെളിയ
അഭിപ്രായം!അവാര്‍ഡ് കിട്ടിയാല്‍ ഈ നായര്‍ക്കും പുളിക്കില്ല എന്നാല്‍ നായര്‍ക്ക്
ചവറെന്ന് കരുതുന്ന ഒരു ബ്ലോഗ് അവാര്‍ഡ് നേടി എന്ന് കാണുമ്പോള്‍ അര്‍ഹതപ്പെട്ട
ആളിനുണ്ടാകുന്ന ഒരു മനോ വിഷമം അവാര്‍ഡ് കമ്മറ്റി കാണാതെ പോകരുത്.
വോട്ടിങ്ങും കോപ്പുമൊക്കെ ഇവിടെ അപ്രായോഗികമാണെന്ന് തിരിച്ചറിയാന്‍
ബൂലോകം ഓണ്‍ലൈനിന് ബുദ്ധിമുട്ടുണ്ടാവില്ല എന്ന് കരുതട്ടെ. നിങ്ങള്‍
ബ്ലോഗര്‍മാരെ അംഗീകരിക്കാന്‍ വേണ്ടിയാണ് അവാര്‍ഡ് സംഘടിപ്പിക്കുന്നത്
എങ്കില്‍ അല്ലെങ്കില്‍ ഏകപക്ഷീയമായ അവാര്‍ഡുകളല്ല കൊടുക്കാന്‍
ഉദ്ദേശിക്കുന്നതെങ്കില്‍, ഒരു നല്ല ജൂറിയെ നിശ്ചയിച്ച് അര്‍ഹിക്കുന്നവരെ
തിരഞ്ഞെടുത്ത് പ്രഖ്യാപിക്കുക. അല്ലാതെ വോട്ടെടുപ്പും റിസല്‍റ്റും ബൂലോകത്ത്
മറ്റൊരു വിവാദത്തിനും വിഭാഗിയതയ്ക്കും മാത്രമേ ഉപകരിക്കൂ എന്നാണ്
നായര്‍ക്ക് പറയാനുള്ളത്!

നായരുടെ ഈ അഭിപ്രായം വേണെല്‍ പരിഗണിക്കാം തള്ളിക്കളയാം.രണ്ടായാലും
നായര്‍ക്ക് ഒരു ചുക്കുമില്ല. പക്ഷേ ഒരു കാര്യം നായര്‍ അന്തസ്സോടെ പറയട്ടെ
ഈ അവാര്‍ഡിലേക്ക് അമ്മേടെ നായരെ നോമിനേറ്റ് ചെയ്ത് അപമാനിക്കരുത്...പ്ലീസ്,
അപേക്ഷയാണ്! അല്ല പിന്നെ!
എന്നാ നായരങ്ങട്...

7 comments:

അമ്മേടെ നായര് said...

നായരുടെ ഈ അഭിപ്രായം വേണെല്‍ പരിഗണിക്കാം തള്ളിക്കളയാം.രണ്ടായാലും നായര്‍ക്ക് ഒരു ചുക്കുമില്ല. പക്ഷേ ഒരു കാര്യം നായര്‍ അന്തസ്സോടെ പറയട്ടെ ഈ അവാര്‍ഡിലേക്ക് അമ്മേടെ നായരെ നോമിനേറ്റ് ചെയ്ത് അപമാനിക്കരുത്...പ്ലീസ്,അപേക്ഷയാണ്!

Anonymous said...

ഹിറ്റ് ധാന്യം കിട്ടാന്‍ ഒരോരൊ അങ്കക്കെട്ടുകള്‍ ! അല്ലാതെന്നാ പറയാനാ നായരേ! ഒരു അവാര്‍ ഡും കോപ്പും !
നായര് പറഞ്ഞത് സത്യം !

Arun said...

നായരേ പറഞ്ഞത് സത്യം തന്നെ പക്ഷേ അതിലെവിടെ ന്യായം !:)
ഈ അഭിപ്രായത്തോട് യോജിക്കുന്നു കാരണം എനിക്കൊരു നോമിനേഷനും കിട്ടിയില്ലേ. :)

ജോ l JOE said...

കൊള്ളാം. നല്ല പോസ്റ്റ്‌.

Sabu Kottotty said...

നായരു പുലിവാലു പിടിയ്ക്കുമോ...?

സച്ചിന്‍ // SachiN said...

നായരേ ഇതൊരു നല്ല പോസ്റ്റാണെന്ന് പറഞ്ഞാല്‍ അവാര്‍ ഡ് കിട്ടിയില്ലെങ്കിലോ എന്ന് പേടിച്ചാണു ആരും ഒന്നും മിണ്ടാത്തത് നായരേ......നായരു പറഞ്ഞത് സത്യം , പ്രസക്തം !

പാവപ്പെട്ടവൻ said...

നായര് പറഞ്ഞത് ശരിയാണ് കാശിനും കര്‍മ്മത്തിനും കൊള്ളാത്ത വായിച്ചാല്‍ മനസിലാകാത്ത ചില പോസ്റ്റുകളില്‍ കുമിഞ്ഞു കൂടുന്ന കമ്മന്റ്സ് നായര് പറഞ്ഞതിന് ഒരു തെളിവാണ് .
എന്തെരോ....വരട്ടു