Thursday, December 24, 2009

സാംസ്കാരിക സദാചാരം അനിവാര്യമോ?

ഈയടുത്തിടെ കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന് കേട്ട ഒരു പദമാണല്ലോ
സദാചാരം.പലപ്പോഴും ഒരു വിശേഷണം ഇല്ലാതെ സദാചാരം എന്ന
വാക്ക് ഉപയോഗിച്ച് കാണുന്നത് വളരെ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ്.
സര്‍വ്വ സാധാരണ യായി കാണാറുള്ളത് “കപടം,കള്ളം’ എന്നൊക്കെയുള്ള
വിശേഷണങ്ങള്‍ക്ക് ശേഷമാണ് എന്നത് രസാവഹമായിട്ടാണ്
നായര്‍ക്കും തോന്നുന്നത്. ഈ ഒരു തോന്നലാണ് സദാചാരത്തിന്റെ
പിന്നാമ്പുറങ്ങളിലേക്ക് നായരെ കൊണ്ട് ചെന്നെത്തിക്കുന്നത്.

മാന്യതയ്ക്ക് നിരക്കുന്ന,മറ്റുള്ളവര്‍ക്ക് മാത്യകയാകുന്ന,സത്പ്രവര്‍ത്തികള്‍,
സമൂഹത്തില്‍ സാമാന്യ ചിന്തയ്ക്ക് നിരക്കുന്നതും,സമൂഹത്തിന്റെ കാഴ്ചപ്പാടു
കള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കാതിരിക്കുന്നതുമെല്ലാം തന്നെ സദാചാര
ത്തിന്റെ കീഴില്‍ വരുമെന്നാണ് വെപ്പ്.ഒരു സമൂഹത്തില്‍ ഇന്നതേ ചെയ്യാവൂ,
ഇതാണ് ശരി, ഇതാണ് തെറ്റ് എന്ന് തീരുമാനിക്കപ്പെട്ടതിന്റെ അടിസ്ഥാനമാണ്
സദാചാരത്തോടൊപ്പം നമ്മള്‍ ചേര്‍ത്ത് വായിക്കേണ്ടത്. ആരാണ് നമ്മുടെ
സമൂഹത്തില്‍ തെറ്റും ശരിയും അല്ലെങ്കില്‍ സദാചാരവും അനാചാരവുമൊക്കെ
വ്യാഖ്യാനം ചെയ്തത്? ഒരു പ്രത്യേക വിഭാഗത്തിന്റെ സദാചാരം മറ്റുള്ളവരുടെ
അനാചാരമാകുന്ന പല സന്ദര്‍ഭങ്ങളും ഉണ്ടെന്ന് നിസ്സംശയം പറയാം.
അങ്ങിനെ വരുമ്പോള്‍ ആരാണ് സദാചാര മൂല്യങ്ങള്‍ എന്നൊന്ന് ഉണ്ട്
എന്ന് വാദിക്കുന്നത്? പലപ്പോഴും രഹസ്യമായി ചെയ്യുന്ന അരുതായ്കകള്‍
പരസ്യമാവുമ്പോള്‍ അല്ലെങ്കില്‍ മറ്റുള്ളവര്‍ കണ്ടെത്തുമ്പോഴാണ് ഇവിടെ
ഏറ്റവും അധികം സദാചാര വാദികള്‍ ഉണ്ടാകുന്നു എന്നത് ശ്രദ്ധേയമാണ്.
അപ്പോള്‍ സദാചാരത്തിന്റെ കാവല്‍ക്കാര്‍ എന്ന് വിശേഷിപ്പിക്കുന്നത് തന്നെ
വ്യര്‍ത്ഥവും ചിന്തയ്ക്ക് നിരക്കാത്തതുമാണ്.

കേരളം സാംസ്കാരികമായി ഏറ്റവും ഉന്നത ശ്രേണിയിലാണെന്നാണ് ഓരോ
മലയാളിയും പരസ്യമായി അഹങ്കരിക്കുന്നത്. എന്നാല്‍ ഏറ്റവും അധികം
കപട സദാചാര വാദികള്‍ കേരളത്തിലാണെന്ന് അടിവരയിടും വിധം കാര്യങ്ങള്‍
പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. പെണ്‍ വാണിഭങ്ങളുടെ വാര്‍ത്തകള്‍ ഒരു
ആഘോഷമാക്കിയത് ഇവിടത്തെ മാദ്ധ്യമങ്ങളാണെന്ന് കണ്ടെത്താന്‍ വലിയ
പ്രയാസം കാണില്ല.മറ്റു സമൂഹങ്ങളില്‍ എന്തെല്ലാം നടക്കുന്നുണ്ടോ അതെല്ലാം
കേരളത്തിലെ സമൂഹത്തിലും നടക്കുന്നു.അല്ലാതെ ലോകത്ത് മറ്റെവിടേയും
സംഭവിക്കാത്ത ഒരു കാര്യവും കേരളത്തില്‍ മാത്രമായി നടക്കുന്നുണ്ടോ?
ഇല്ലെന്നാണ് നായര്‍ക്ക് തോന്നുന്നത്. കേരളത്തില്‍ നടത്തിയ പല സര്‍വ്വേ
ഫലങ്ങളും പല ഞെട്ടിക്കുന്ന സത്യങ്ങളും വിളിച്ച് പറഞ്ഞതാണ്. അതില്‍ ഏറെ
ചര്‍ച്ച ചെയ്യപ്പെട്ട സ്ത്രീകളുടെ മദ്യപാനവും പുകവലിയും ഏറി വരുന്നു എന്നുള്ള
വാര്‍ത്തകള്‍, വിവാഹേതര ബന്ധങ്ങള്‍,കോളെജ് ഹോസ്റ്റലുകളിലെയും മറുനാട്ടിലെ
മലയാളി പെണ്‍ കുട്ടികളുടേയും വഴിവിട്ട ലൈംഗിക കഥകള്‍,അപഥ സഞ്ചാരങ്ങള്‍,
എസ്കോര്‍ട്ട് പോകാന്‍ തയ്യാറായി വരുന്ന മലയാളി പെണ്‍കുട്ടികള്‍, സ്വന്തം
പിതാവിനാല്‍ ദിവസങ്ങളോളം പീഡിപ്പിക്കപ്പെടുന്ന പെണ്‍മക്കള്‍,അതില്‍ നിന്നും
ഗര്‍ഭം പേറുന്നവര്‍ എന്ന് തുടങ്ങി അവിഹിത അമ്മമാരുടേയും ഗര്‍ഭചിദ്രങ്ങളുടേയും
കഥകള്‍ ഏതൊരു സദാചാര വാദികളെയും ഞെട്ടിക്കുന്നതാണ്. ഇതെല്ലാം ഈ
സമൂഹത്തില്‍ ഈ അടുത്ത കാലത്ത് ഉണ്ടായതല്ല. കാലാകാലങ്ങളയി നടന്ന്
കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ ഈ വിഷയങ്ങള്‍ ഇവിടത്തെ
മാദ്ധ്യമങ്ങള്‍ സാമ്പത്തിക ലാഭങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോഴാണ്
ഇത്തരം വാര്‍ത്തകള്‍ക്ക് ‘മാര്‍ക്കറ്റ് വാല്യൂ‘ ഉണ്ടായത്. ഒരു രഹസ്യ കേസ്
പരസ്യമാകുമ്പോള്‍ അതിന് കിട്ടുന്ന മാദ്ധ്യമ ശ്രദ്ധ വാര്‍ത്താ ചാനലുകളുടെ
റേറ്റിങ്ങ് കൂടാന്‍ സഹായകമാവും എന്ന നിരീക്ഷണമാകണം ഇവിടെ സദാചാരവും
കപട സദാചാരവുമൊക്കെ ഇത്രമേല്‍ ചര്‍ച്ചയാകുന്നത്.

ഉണ്ണിത്താന്‍ എന്ന നേതാവിന്റെ ഒരു വഴിവിട്ട ബന്ധം,അല്ലെങ്കില്‍ ഒരു വിവാഹേതര
ബന്ധം പുറത്ത് വന്നപ്പോള്‍ ഇവിടെ രണ്ട് തരം അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്നു.
വിവാഹേതര ബന്ധങ്ങള്‍ ആവാമെന്നും,അതും നിയമം മൂലം നടപ്പിലാക്കണ
മെന്നൊക്കെ പലരും ചര്‍ച്ച ചെയ്തു. ആ ചര്‍ച്ചയില്‍ കിട്ടാത്ത മുന്തിരി പുളിക്കും
എന്നൊക്കെ പലരും എഴുതിക്കണ്ടപ്പോള്‍ സത്യം പറഞ്ഞാ നായര്‍ക്കും
അല്‍പ്പമൊക്കെ പുളിപ്പ് വന്നു.കേരളത്തില്‍ അങ്ങോളമിങ്ങോളം ‘സമ്മന്തം‘
എന്ന ഓമനപ്പേരില്‍ വ്യഭിചരിച്ച് നടന്ന നായരുടെ മുന്തലമുറക്കാര്‍ ചെയ്ത
ഒരു സാംസ്കാര ശൂന്യതയുടെ കൈപ്പുനീര്‍ ഇപ്പോഴും പേറുന്ന ഒരു സമൂഹമെന്ന
നിലയില്‍ അത്തരം സമ്മന്തങ്ങള്‍ എന്ത് സാംസ്കാരിക ഉന്നമനമാണ് ഈ
സമൂഹത്തില്‍ ഉണ്ടക്കിയതെന്ന് ആലോചിക്കേണ്ടതാണ്. ഒരു സവര്‍ണ്ണ
മേധാവിത്വത്തിന്റെ ധാര്‍ഷ്ട്യം പിന്നീട് ഒരാചാരമാക്കി മാറ്റിത്തീര്‍ക്കുക
യായിരുന്നു സമ്മന്തം എന്ന കര്‍മ്മത്തിലൂടെ സംഭവിച്ചത്.അടിയാളരെ വേഴ്ച്
വേഴ്ച് രതിസുഖം മതിയാകാതെവന്നപ്പോള്‍ ആ കണ്ണുകള്‍ സ്വന്തം
സമൂഹത്തിലേക്ക് തിരിക്കാന്‍ മടിക്കാത്ത ആ സമൂഹം എന്ത് സാമൂഹിക
പരിവര്‍ത്തനം നേടി എന്ന് പിന്നീട് കണ്ടു എന്ന് മാത്രമല്ല ഒരു സാമൂഹിക
പരിഷ്കരണവും സമ്മന്തം കൊണ്ട് നേടാനാവില്ല എന്ന തിരിച്ചറിവ് ഏറെ
വൈകിയാണെങ്കിലും ഉണ്ടായി എന്നത് നല്ല കാര്യമായി നായര്‍ക്കിപ്പോള്‍
തോന്നുന്നു. ആ നെറികേട് എന്നേ അവസാനിപ്പിച്ചിട്ടും ഇന്നും ആ ആരോപണം
ഇടയ്ക്കെങ്കിലും നായരുടെ സമൂഹം കേള്‍ക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം
നിര്‍ത്തിയത് അബദ്ധമായിപ്പോയി എന്ന മട്ടിലാണ് ഇപ്പോള്‍ നാട്ടില്‍ ഒരു
സമ്മന്ത വേഴ്ചയിലേക്ക് തന്നെ സമൂഹം തിരിച്ച് പോകണം എന്ന
ആഹ്വാനവുമായി ചാനലുകള്‍ മുന്നോട്ട് വരുന്നതെന്ന് നായര്‍
സംശയിക്കുന്നു.സത്യത്തില്‍ ചാനലുകാരും മറ്റും ഉപദേശിക്കുന്നതും പറയാന്‍
ശ്രമിക്കുന്നതും ഈ അര്‍ത്ഥത്തിലാണോ എന്നും അറിയാന്‍ നായര്‍ക്കും
ആഗ്രഹമുണ്ട്.

ഒരാളുടെ തെറ്റ് മറ്റൊരാളുടെ ശരിയാകാം. എന്നാല്‍ പൊതുവായി തെറ്റാണെന്ന്
തോന്നുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അതൊരു ഭരണ നേത്യത്വം നിയമം
മൂലംനിരോധിച്ചിട്ടുണ്ടെങ്കില്‍ നിയമത്തിന് അത് നടപ്പിലാക്കാന്‍ കഴിയും എന്ന്
തന്നെ നായര്‍ വിശ്വസിക്കുന്നു.സ്ത്രീധനം പോലുള്ള ചില കാര്യങ്ങളിലെങ്കിലും
നിയമം നോക്ക്കുത്തിയാണെന്ന് സമ്മതിക്കുമ്പോഴും!എന്നാല്‍ ചില തെറ്റുകളെ
ചാനല്‍ വിചാരണകളാക്കി വാര്‍ത്തകളാക്കുമ്പോള്‍ ഇവിടെ വളര്‍ന്ന് വരുന്ന
തലമുറ ഇതാണ് ഈ സമൂഹത്തിന്റെ സംസ്കാരമെന്ന് തെറ്റിദ്ധരിച്ച് പോകും
എന്നുള്ള ഒരു ചിന്ത ഉരുത്തിരിയുമെന്ന് നായര്‍ ഭയപ്പെടുന്നു.സദാചാരം അത്
ഓരോ വ്യക്തിക്കും സ്വയം തോന്നേണ്ട ഒന്നാണ്.ഒരു സമൂഹ ജീവിയായ
മനുഷ്യന്‍ ആ സമൂഹത്തോട് പാലിക്കേണ്ട മര്യാദ മറ്റുള്ളവരുടെ ശരി തെറ്റു
കള്‍ക്ക് വശംവദനായിട്ടല്ല തീരുമാനിക്കേണ്ടത്. അത് തെളിഞ്ഞ ഒരു മനസ്സില്‍
നിന്നും ഉണ്ടാകണം.നമുക്ക് ശേഷം ഇവിടെ മറ്റൊരു തലമുറ വളര്‍ന്ന് വരുന്നു
എന്ന് മനസ്സിലാക്കി നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്. സ്വയം നന്നായാലേ
മറ്റുള്ളവരെ നന്നാക്കാനും ഉപദേശിക്കാനും സദാചാര ബോധം വളര്‍ത്താനും
കഴിയൂ, അല്ലാതെ രണ്ട് മന്തുള്ള തന്റെ കാലുകള്‍ മണ്ണില്‍ പൂത്തി ഒരു
കാലില്‍ മന്തുള്ളവനെ മന്തുകാലാ എന്ന് വിളിക്കുന്നതിനു തുല്യമാണ്.

ഒരു സമൂഹം സദാചാരം സൂക്ഷിക്കേണ്ടത് ആ സമൂഹത്തിനു വേണ്ടി മാത്രമല്ല.
വളര്‍ന്ന് വരുന്ന പുതിയ തലമുറ സാംസ്കാരിക മൂല്യങ്ങള്‍ക്ക് അധിഷ്ടിതമായി
ഒരു നല്ല സംസ്കാരം രൂപപ്പെടുത്തിയെടുക്കുമ്പോള്‍ അതിനെ സ്വാധീനിക്കാന്‍ ഏറെ
സാധ്യതയുള്ളതാണ് അവരുടെ മുന്നേ നടന്നവര്‍ ബാക്കി വെച്ച സംസ്കാരിക
മൂല്യങ്ങളും ചിന്തകളും പ്രവര്‍ത്തികളും എന്ന് ചിന്തിച്ചാല്‍ ഇവിടെ സാംസ്കാരിക
അച്ചടക്കം പാലിക്കപ്പെടും എന്ന് നായര്‍ ഉറച്ച് വിശ്വസിക്കുന്നു. ഒരു സമൂഹത്തിലെ
ഏറ്റവും വലിയ തെറ്റ് സ്ത്രീ പീഡനം മാത്രമാണെന്ന സന്ദേശം മാത്രമാണ് വളര്‍ന്ന്
വരുന്ന തലമുറയ്ക്ക് മുന്നില്‍ നിങ്ങള്‍ അവതരിപ്പിക്കുന്നത് എങ്കില്‍ അടുത്ത തലമുറ
ലൈംഗിക അരാജകത്വത്തില്‍ നിന്നും മോചനം നേടില്ല എന്ന് ഉറപ്പ്.നമുക്ക് ശേഷം
പ്രളയമല്ല, ഇനിയും സമൂഹങ്ങള്‍ വളര്‍ന്ന് വരുന്നുണ്ട് എന്ന ചിന്ത സാംസ്കാരിക
മായും സദാചാര മൂല്യങ്ങളോടെയും വര്‍ത്തിക്കാന്‍ നമ്മെ സഹായിക്കും എന്ന്
പ്രത്യാശിച്ച് കൊണ്ട് തല്‍ക്കാലം നിര്‍ത്തട്ടെ!നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്ന
സംസ്കാരം അധഃപതനത്തിലേക്ക് നീങ്ങിയാല്‍ നമ്മെ പിന്തുടരുന്നവരുടെ
കാര്യം പറയേണ്ടതുണ്ടോ??

എന്നാ നായരങ്ങട്.....


3 comments:

അമ്മേടെ നായര് said...

നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്ന
സംസ്കാരം അധഃപതനത്തിലേക്ക് നീങ്ങിയാല്‍ നമ്മെ പിന്തുടരുന്നവരുടെ
കാര്യം പറയേണ്ടതുണ്ടോ??

സച്ചിന്‍ // SachiN said...

ചില തെറ്റുകളെ
ചാനല്‍ വിചാരണകളാക്കി വാര്‍ത്തകളാക്കുമ്പോള്‍ ഇവിടെ വളര്‍ന്ന് വരുന്ന
തലമുറ ഇതാണ് ഈ സമൂഹത്തിന്റെ സംസ്കാരമെന്ന് തെറ്റിദ്ധരിച്ച് പോകും
എന്നുള്ള ഒരു ചിന്ത nannaayi !

Anonymous said...

നായരേ,
വളരെ നല്ല നിരീക്ഷണം തന്നെ, എന്നാല്‍ അല്‍പ്പമൊക്കെ മസാല ചേര്‍ത്താലേ ഒരു ഗുമ്മുള്ളൂ, എന്നാ ഉണ്ണിയങ്ങട്....