Sunday, January 17, 2010

വിട്ടു പിടി തോമസ് മാഷേ...മതിയാക്ക്!

പിച്ചക്കാരന്‍ എത്ര ലക്ഷപ്രഭുവായാലും പിച്ചത്തരം അയാളെ വിട്ട് പോകില്ല എന്ന് പറഞ്ഞ പോലെയാണ് ചില കേന്ദ്ര മന്ത്രിമാരുടെ സ്വഭാവം! ചില സമയം ഇവര്‍ ഒരു കേന്ദ്രമന്ത്രിയാണെന്ന കാര്യം തന്നെ അങ്ങ് മറക്കും,വിനയം കൊണ്ടല്ലന്നേ,ശുദ്ധ വിവരക്കേട് കൊണ്ട് തന്നെ!ഹല്ല പിന്നെ!

പറഞ്ഞ് വന്നത് നമ്മുടേ കേന്ദ്ര സഹമന്ത്രി കുംബളങ്ങിയിലെ തോമസ് മാഷിനെ കുറിച്ച് തന്നെ! മാഷ് പറഞ്ഞത് കേരളത്തിലെ ഗവര്‍മേണ്ട് കേന്ദ്രം കൊടുത്ത ഗോതമ്പും അരിയുമെല്ലാം വിറ്റ് പുട്ടടിച്ചു എന്ന്! നായ നടുക്കടലില്‍ചെന്നാലും കന്നിമാസം മറക്കില്ല എന്ന് പറഞ്ഞ പോലെയാണ് മാഷിന്റെ ഈ പ്രസ്ഥാവന എന്ന് നായര്‍ക്ക് ഒരു സശയം.ഒരു മന്ത്രിയായാല്‍ പറയുന്ന വിഡ്ഡിത്തരങ്ങള്‍ ഏറ്റ് പിടിക്കാന്‍ ഇവിടെ വിഡ്ഡിപ്പെട്ടികളിലെ കോമാളികള്‍ ധാരാളമുള്ളപ്പോള്‍ പറയുന്നത് വിഡ്ഡിത്തരമാണെങ്കിലും പ്രചുരപ്രചാരം കിട്ടുക എന്നത് സ്വാഭാവികമാണല്ലോ. ഒരു മന്ത്രിക്ക് ഉദ്യോഗസ്ഥരെ വിളിച്ച് കണക്ക് കാണിക്കാന്‍ പറഞ്ഞാല്‍ തുറന്ന് കാണിക്കാവുന്ന ഒരു സംവിധാനമുള്ളപ്പോഴാണു കാടടച്ച് ഒരു വെടി മാഷ് കാച്ചിയത്. സംഗതി അതു തന്നെ. രാഷ്ട്രീയ കോമാളിത്തം!പഞ്ചായത്ത് ഇലക്ഷനൊക്കെയല്ലേ വരുന്നത് പാര്‍ട്ടിയുടെ പെട്ടീലു വോട്ട് വീഴാന്‍ ഇപ്പോഴേ കളികള്‍ തുടങ്ങണം. ഇപ്പോള്‍ എന്ത് പറഞ്ഞാലും വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കാന്‍ മുഖ്യധാരാമാദ്ധ്യമങ്ങളെല്ലാം ഇപ്പോള്‍ വലത് വശം ചേര്‍ന്നാണല്ലോ പോക്ക്. ആ വീരനേയും വലത്തോട്ട് കെട്ടിയെടുത്തപ്പോള്‍ ഇപ്പോള്‍ മാദ്ധ്യമത്തിന്റെ പരിപൂര്‍ണ്ണ മേധാവിത്വം വലതിനല്ലേ എന്ന് ആര്‍ക്കാ അറിയാത്തെ. പിന്നെ പിണറായി സഖാവ് പറയുമ്പോലെ നിഷ്പക്ഷമായ വാര്‍ത്ത പ്രചരിപ്പിക്കുന്ന ‘ദേശാഭിമാനിയുള്ളത് കൊണ്ട് ജനങ്ങള്‍ വാര്‍ത്തകളൊക്കെ വളരെ നിഷ്പക്ഷമായി കിറു ക്യത്യമായി അറിയുന്നുണ്ട്. 68, പട്ടിയെ തിന്ന വാര്‍ത്തയൊക്കെ വായിക്കണമെങ്കില്‍ ദോഷം പറയരുതല്ലോ അതിനു നിഷ്പക്ഷ ദേശാഭിമാനി തന്നെ വേണം!


അപ്പോ നായര്‍ പറഞ്ഞ് വന്നത് മാഷിന്റെ കാര്യം തന്നെ.മാഷേ ഈ മണിമാളികയില്‍ ഇരിക്കുമ്പോള്‍ ഇടയ്ക്കൊക്കെ ആ കുമ്പളങ്ങിയിലെ പാവപ്പെട്ട ജനങ്ങളുടെ ഇടയിലേക്കെങ്കിലും ഇറങ്ങിച്ചെല്ലണം. നാട്ടിലെ റേഷന്‍ കടകളുടെ അവസ്ഥ മനസ്സിലാക്കണം. റേഷന്‍ വാങ്ങുന്നവരെ കുറിച്ച് അല്‍പ്പമെങ്കിലും ധാരണ വേണം! നാട്ടില്‍ അരിയും ഗോതമ്പും നാട്ടുകാര്‍ വാങ്ങാത്തതിന്റെ കാരണം അറിയണം. ഇപ്പോഴും കുമ്പളങ്ങിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്തേഷ്യ നല്‍കാന്‍ റേഷന്‍ കടയിലെ അരി തന്നെയാണോ കൊണ്ട് പോകുന്നത് എന്നറിയാന്‍ കേന്ദ്രം അവന്റെ അമ്മേടെ അക്കൌണ്ടില്‍ നിന്നും എടുത്ത് പുളുത്തിത്തരുന്ന അരിയുടെ ഗുണനിലവാരമൊന്ന് അറിയണം! ഇത് തിന്നുന്ന ജനങ്ങളെ വല്ലപ്പോഴും ഫൈ കോര്‍സും സിക്സ് കോര്‍സും ഡിന്നര്‍ കഴിക്കുന്നതിനിടയില്‍ തോമസ് മാഷ് ഓര്‍ക്കണം. നിങ്ങള്‍ കേന്ദ്രത്തില്‍ നിന്നും ചക്കാത്തിന് എന്നും പറഞ്ഞ് പുളുത്തിത്തരുന്ന അരിയുടേയും ഗോതമ്പിന്റേയും അവസ്ഥ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കാനുള്ള ഒരു മനസ്സ് തോമസ് മാഷും മാഷിന്റെ മുകളിലുള്ളവരും മനസ്സിലാക്കണം.


കേരളത്തില്‍ ഇപ്പോഴും ഗോതമ്പ് റേഷന്‍ കടയില്‍ നിന്നും വാങ്ങി മില്ലില്‍ കൊണ്ട് പോയി പൊടിച്ച് ആട്ടയാക്കി ഉപയോഗിക്കുന്ന എത്ര കുടുംബങ്ങളുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മാത്രമല്ല അരിയുടെ അത്ര ഉപഭോഗം ഗോതമ്പിനില്ല എന്നതും വാസ്ഥവമാണ്. പിന്നെ അന്നപൂര്‍ണ്ണയുടെ ആട്ട ഉപയോഗിച്ചില്ലെങ്കില്‍ ബുദ്ധി വളരില്ല എന്നല്ലേ ചാനല്‍ പരസ്യങ്ങള്‍പറയുന്നത്. അപ്പോള്‍ പിന്നെ ആരോഗ്യത്തില്‍ ഇത്രയും ശ്രദ്ധാലുക്കളായ കേരളീയര്‍ മറിച്ച് ചിന്തിക്കാന്‍ ഒരു വകുപ്പും നായര്‍ നോക്കീട്ട് കാണുന്നുമില്ല. അപ്പോ തോമസ് മാഷ് പറയുന്നപോലെ ഇതൊക്കെ ആട്ടയാക്കി വിക്കുന്നവര്‍ക്ക് കൊടുക്കാതെ കെട്ടിക്കിടന്ന് നശിച്ച് പോകുമ്പോള്‍ അറബിക്കടലില്‍ കൊണ്ട് നിമഞ്ജനം ചെയ്താലേ മറ്റൊരു ആരോപണവുമായി മാഷിനെ പോലുള്ള ഷണ്ഡന്മാര്‍ക്ക് വരാന്‍ കഴിയുകയുള്ളൂ. പരസ്പരം ചെളിവാരി എറിഞ്ഞ് അത് ചാനലുകാര്‍ ഏറ്റ് പിടിച്ചാല്‍ പിന്നെ രക്ഷപ്പെട്ടു. പിന്നെ ജനങ്ങള്‍ ചാനല്‍ പറയുന്നത് കേട്ട് വിശ്വസിച്ചോളും. അവരാണല്ലോ ഇപ്പോള്‍ സമൂഹത്തെ ഉദ്ധരിപ്പിക്കുന്ന കൊച്ചാണന്മാര്‍!


ഈ രാഷ്ട്രീയ നപുംസകങ്ങളുടെ ഇടയില്പെട്ട് നഷ്ടമാകുന്ന ഒന്നുണ്ട്, വികസനം! അല്ലെങ്കിലും കാക്ക തിന്നുന്നത് കോഴിക്ക് കണ്ടൂടാ എന്ന് പറഞ്ഞ പോലെയാണു ഇവിടത്തെ അവസ്ഥകള്‍. ഇടതന്‍ ചെയ്താല്‍ വലതനു പിടിക്കില്ല വലതന്‍ ചെയ്താലിടതനും.നാട്ടില്‍ നാഴി അരിയ്ക്ക് മുട്ടു വന്നാലും നാലു വിവാദങ്ങള്‍ക്ക് ഒരിക്കലും പഞ്ഞമുണ്ടായിട്ടില്ല. ഇവിടെ വെറും ആരോപണപ്രത്യാരോപണങ്ങള്‍ നടത്തുന്ന രാഷ്ട്രീയ മേലാളന്മാര്‍ എന്താണ് ജനങ്ങളോട് സമര്‍ത്ഥികാന്‍ തുനിയുന്നത്? അവരാണ് കൂടുതല്‍ പാവങ്ങളെ സേവിക്കുന്നത് എന്നോ? ഇത് സമര്‍ത്ഥിക്കാനാണോ ഈ വക നാടകങ്ങള്‍ കളിക്കുന്നത്. അല്ലെങ്കിലും ഇവിടെ എല്ലാംനാടകങ്ങളാണ്. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനുള്ള ആവശ്യവുമായി ബസ് മുതലാളിമാര്‍ സമരം ചെയ്തപ്പോള്‍ ഒരു മുന്‍ മന്ത്രി പറഞ്ഞത് ഇതൊക്കെ നാടകമാണെന്നാണ്! അനുഭവം ഗുരു! സംഗതി ഒരു നിമിഷം താന്‍ ഒരു മുന്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു എന്ന കാര്യം മറന്ന് കൊണ്ടാണ് അദ്ദേഹം ആ പ്രസ്ഥാവന ഒരു ഉളുപ്പുമില്ലാതെ പറഞ്ഞത്. കഷ്ടം! എന്നല്ലാതെ നായര്‍ എന്ത് പറയാന്‍!


ഇതാണ് കേരളത്തിലെ അവസ്ഥ. എല്ലാം നാടകങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ വഹ നാടകം കേരള സര്‍ക്കാര്‍ വഹ നാടകം. ഈ നാടകങ്ങളൊക്കെ പ്രതികരണ ശേഷി നഷ്ടപ്പെട്ട കാണികളെപ്പോലെ ഇന്നും ജനങ്ങള്‍ കണ്ട് അന്തം വിട്ട് കയ്യടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം എഫ് സി ഐ ഗോഡൌണില്‍ നിന്നും കെട്ടിക്കിടന്ന് നശിച്ച അനേകം ടണ്‍ പുഴുത്ത് നാറിയ അരി അറബിക്കടലില്‍ തള്ളിയ വാര്‍ത്തയൊക്കെ നമ്മള്‍ കണ്ടതാണ്. ഇവിടെ ഇപ്പോഴും അരിയുടെ പേരില്‍ പൊറാട്ട് നാടകങ്ങള്‍. റേഷന്‍ കടയില്‍ മൂന്ന് രൂപയ്ക്ക് ബി പി എല്‍ കാര്‍ക്ക് നല്‍കുന്ന അതേ അരി പതിനാലു രൂപയ്ക്ക് എ പി എല്‍ കാര്‍ക്കും നല്‍കുമ്പോള്‍, എത്ര പേര്‍ അത് വാങ്ങാന്‍ തയ്യാറായി വരുന്നുണ്ടെന്ന് ആ അരിയുടെ ഗുണ നിലവാരം പരിശോധിച്ച് തോമാസ് മാഷ് അഭിപ്രായം പറയണം. അതാ പറഞ്ഞത് വല്ലപ്പോഴും തോമസ് മാഷ് കുമ്പളങ്ങിയിലെ റേഷന്‍ കടയിലൊക്കെ ഒന്ന് അന്വേഷിക്കണം അരി വിറ്റ് പോകാത്തതിന്റെ രഹസ്യം!


ഇവിടത്തെ പൊതു വിതരണ സംവിധാനം തകിടം മറിച്ച കേന്ദ്ര സര്‍ക്കാറും,അരിവിഹിതം വെട്ടിക്കുറച്ചതും ഗുണനിലവാരമില്ലാത്ത അരി വിതരണം ചെയ്യുന്നതുമൊക്കെ ഈ തോമസ് മാഷും കൂടി അറിയുന്ന കാര്യങ്ങളാണെന്ന് നായര്‍ക്കറിയുന്ന പോലെ മാഷക്ക് അറിയില്ല എന്നുണ്ടോ? മാഷേ ഈ വക സര്‍ക്കസൊക്കെ നിര്‍ത്താനുള്ള സമയമായി. എ പി എല്‍ വിഭാഗവും ഇവിടെ റേഷന്‍ കടകളില്‍നിന്നും അരി വാങ്ങിക്കും ഇവിടെ ഗുണനിലവാരമുള്ള അരി വിതരണം ചെയ്യണം ! മാഷേ അതിന്റെ കാര്യമൊക്കെ ശ്രദ്ധിക്കാന്‍ എവിടേയാ സമയം അല്ലെ? ബി പി എല്‍ കാര്‍ക്ക് എന്ത് ചാണകം ഉരുട്ടിക്കൊടുത്താലും തോമസ് മാഷിനെന്നല്ല ഇവിടെ ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇലക്ഷനല്ലാത്ത സമയത്ത് ഒരു വിലയും ഇല്ലല്ലോ.ബി പി എല്‍ ആണെങ്കിലും എ പി എല്‍ ആണെങ്കിലും അവര്‍ക്ക് ഭക്ഷ്യ സുരക്ഷ നല്‍കാന്‍ ഇവിടത്തെ സര്‍ക്കാരുകള്‍ പ്രതിജ്ഞാ ബദ്ധരാണെന്ന് മാഷ് ഓര്‍ക്കണം, അല്ലാതെ ഇത് നിങ്ങളൊക്കെ വെച്ച് നീട്ടുന്ന ഔദാര്യമല്ല,മറിച്ച് അവകാശമാണ്.


വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത ഈ കേരളത്തില്‍ വിവാദങ്ങളുടെ പേരില്‍ ഇവിടത്തെ ജനങ്ങള്‍ക്ക് നഷ്ടമാവുന്ന വികസനങ്ങള്‍ ഇനിയെങ്കിലും നിങ്ങള്‍ കാണാതെ പോകരുത്. വികസനത്തിന്റെ കാഴ്ച്ചപ്പാടിലെങ്കിലും ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്. എച്ച് എം ടി ഭൂമി വിവാദം പോലെ എന്തിനും ഏതിനും വിവാദങ്ങളുണ്ടാക്കി ഇനിയും മുന്നോട്ട് പോയാല്‍ കേരളം മുന്നോട്ടല്ല ഗതി എന്നും പിന്നോട്ട് തന്നെ! ഹല്ല പിന്നെ!


എന്നാ നായരങ്ങട്....


18 comments:

അമ്മേടെ നായര് said...

വികസനത്തിന്റെ കാഴ്ച്ചപ്പാടിലെങ്കിലും ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്. എച്ച് എം ടി ഭൂമി വിവാദം പോലെ എന്തിനും ഏതിനും വിവാദങ്ങളുണ്ടാക്കി ഇനിയും മുന്നോട്ട് പോയാല്‍ കേരളം മുന്നോട്ടല്ല ഗതി എന്നും പിന്നോട്ട് തന്നെ! ഹല്ല പിന്നെ!

desertfox said...

സത്യം!

noordheen said...

"ഇപ്പോഴും കുമ്പളങ്ങിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്തേഷ്യ നല്‍കാന്‍ റേഷന്‍ കടയിലെ അരി തന്നെയാണോ കൊണ്ട് പോകുന്നത് എന്നറിയാന്‍ കേന്ദ്രം അവന്റെ അമ്മേടെ അക്കൌണ്ടില്‍ നിന്നും എടുത്ത് പുളുത്തിത്തരുന്ന അരിയുടെ ഗുണനിലവാരമൊന്ന് അറിയണം!"

ഹമ്മേ ഫീകരം!നായരേ കലക്കി.നായര്‍ക്കൊരു സലാം!

സച്ചിന്‍ // SachiN said...

നായരുടെ പല വീക്ഷണങ്ങളോടും ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു.പറഞ്ഞതത്രയും സത്യം തന്നെ നായരെ!
നല്ല പോസ്റ്റ്!

അമ്മേടെ നായര് said...

അഭിപ്രായങ്ങള്‍ ക്ക് നന്ദി അറിയിക്കുന്നു. ഇനിയും ഈ നാലുകെട്ടിലേക്കൊക്കെ വരാം ,,,,,എന്നാ നായരങ്ങട്....

yet anothr said...

കേന്ദ്രത്തില്‍ നിന്നു വരുന്നതോ കേരളത്തിനു നിന്നു വരുന്നതോ... അരി വളരെ ഗുണനിലവാരമുള്ളതാണ്... പക്ഷേ മറിമായം.. റേഷന്‍ കടയില്‍ എത്തുമ്പോള്‍ അതു അളിപിളിയാകുന്നു? എങ്ങിനെ? ഇതിന്റെ പിന്നില്‍ ഒരു മാഫിയ തന്നെയുണ്ട്. ഒരു ചാക്ക് ‘ഓറിജിനല്‍’ അരിക്കു പകരം ഒരു ചാക്ക് ‘അരി’ വച്ചാല്‍ മതിയല്ലോ?

അധാരം ചോദിക്കരുത്... ഫുഡ് കോര്‍പ്പറേഷനിലെ ഒരു ബന്ധുവും അരി കച്ചവടക്കാരനായ അയല്‍‌വാസിയുടെ മൊഴികള്‍ മാത്രം ആധാരം...

Take it or Leave it.

yet anothr said...
This comment has been removed by the author.
കൊട്ടോട്ടിക്കാരന്‍... said...

വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത ഈ കേരളത്തില്‍ വിവാദങ്ങളുടെ പേരില്‍ ഇവിടത്തെ ജനങ്ങള്‍ക്ക് നഷ്ടമാവുന്ന വികസനങ്ങള്‍ ഇനിയെങ്കിലും നിങ്ങള്‍ കാണാതെ പോകരുത്.

നായരേ, കേരളത്തിന്റെ വികസനം പടവലങ്ങാ പോലെ വളരുന്നതിന്റെ രഹസ്യം വിളിച്ചു പറയല്ലേ... കട്ടിങ്ങിനും ഷേവിങ്ങിനും പിന്നെ തലയുണ്ടാവില്ല! കേരളത്തിന്റെ വികസനത്തിനു വേണ്ടി ആത്മാര്‍ത്ഥമായി ഒരു നായ്ക്കളും പ്രവര്‍ത്തിയ്ക്കുന്നില്ല. ഇടതന്മാര്‍ ഭരിയ്ക്കുമ്പൊ വലതന്മാര്‍ എതിര്‍ക്കും അതുപോലെ തിരിച്ചും. ഇവിടെ പാര്‍ട്ടി നിലനിന്നാല്‍ മതി, പൊതുജനം വേണമെന്നില്ല. അഞ്ചുകൊല്ലം കൂടുമ്പൊ കുത്തുന്ന പോത്തുകളായി(പോത്തുകള്‍ ക്ഷമിയ്ക്കട്ടെ)കുറേയെണ്ണം നില്‍ക്കുന്നുണ്ടല്ലോ...

ഉറുമ്പ്‌ /ANT said...

tracking.........

വാഴക്കോടന്‍ ‍// vazhakodan said...

വികസനത്തിന്റെ കാര്യത്തില്‍ തൊട്ട് കിടക്കുന്ന തമിഴ് നാടിനെ പോലും നമുക്ക് മാത്യകയാക്കാമെന്ന് തോന്നുന്നു, കാരണം വികസനത്തിന്റെ കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടായിട്ടാണ് നിലകൊള്ളുന്നത് എന്നാണു എനിക്ക് തോന്നുന്നത്.അത് പോലെ ഒരു പ്രശ്നത്തില്‍ നിന്നും എങ്ങിനെ രാഷ്ട്രീയ മുതലെടുപ്പ് നടത്താം എന്ന ചിന്ത കാരണമാകാം നമ്മുടെ നേതാക്കളുടെ മരണാനന്തരമുള്ള വിലാപ യാത്രകള്‍,ചിതാഭസ്മ-അസ്ഥി യാത്രകള്‍,അമ്മയുടെ കുഴിമാട സന്ദര്‍ശനങ്ങള്‍ വരെ ഇവിടെ വാര്‍ത്തകളാക്കി ആഘോഷിക്കപ്പെടുന്നത്.ഒരു രാഷ്ട്രീയ ലാഭത്തിന് ഇന്നതാണ് ചെയ്യേണ്ടത് എന്നതിന് ക്യത്യമായ ഒരു അവബോധം നമ്മുടെ രാഷ്ട്രീയക്കാര്‍ക്കും ജനങ്ങള്‍ക്കും ഇല്ല എന്നതും വസ്ഥുതയാണ്.ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നു എന്നതില്‍ കവിഞ്ഞ് അത് ജനങ്ങള്‍ക്ക് എന്ത് ഗുണമുണ്ടാക്കുന്നു എന്നാരും ചിന്തിക്കുന്നില്ല.

ഇവിടേയും അരി വിവാദത്തിന്റെ പേരില്‍ ജനങ്ങള്‍ക്ക് ഒരു ഗുണവുമില്ല.എല്ലാവരും ജനങ്ങളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നുണ്ട് എന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നു. ഒരുവേള അതാണ് ഉത്തമമായ രാഷ്ട്രീയ പ്രവര്‍ത്തനം എന്നായിരിക്കാം നമ്മുടെ നേതാക്കള്‍ മനസ്സിലാക്കി വെച്ചിരിക്കുന്നത്.

നായരുടെ ചില പരാമര്‍ശങ്ങളോട് യോജിക്കുന്നില്ലെങ്കിലും വികസന കാര്യത്തില്‍ ഒന്നിക്കണം എന്ന ചിന്തയോട് പരിപൂര്‍ണ്ണമായി യോജിക്കുന്നു.

വാഴക്കോടന്‍ ‍// vazhakodan said...

Tracking....

അമ്മേടെ നായര് said...

@yet anothr :

താങ്കള്‍ പറഞ്ഞത് എല്ലായ്പ്പോഴും ശരിയാവണമെന്നില്ല.ന്താച്ചാ അറബിക്കടലില്‍ കോണ്ട് തള്ളീത് എഫ് സി ഐ യുടെ ഗോഡൌണില്‍ കെട്ടിക്കിടന്ന് നശിച്ച അരിയാണ്.രാജ്യത്ത് ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍.. അരി, ഗോഡൌണുകളില്‍ കെട്ടിക്കിടന്ന് പഴകി നാശമായത് നമ്മുടെ ഭരണ സംവിധാനങ്ങളുടെ പിടിപ്പ് കേട് കൊണ്ട് തന്നെയാണ്.അഭിപ്രായത്തിനു നന്ദി.

അമ്മേടെ നായര് said...

@കൊട്ടോട്ടിക്കാരന്‍ : അതന്നെ.രാഷ്ട്രീയക്കാര്‍ എന്ത് വിവാദം ഉണ്ടാക്കിയാലും ക്യത്യമായി വോട്ട് ചെയ്യാന്‍ പ്രബുദ്ധരായ കേരളീയര്‍ മടി കാണിക്കാറില്ല. അവരൊക്കെ കഴുതകാളാണെന്ന പ്രഖ്യാപിത നിലപാടില്‍ മാറ്റം വന്നതില്‍ ഖേദിക്കുന്നു. വെറുതെ പോത്തിന്റെ കുത്ത് കൊള്ളണ്ട :)

ഇനി നിര്‍ബന്ധ വോട്ടിങ് എന്നും പറഞ്ഞ് നിയമം പാസാക്കി ജയിലിലടച്ചാലോ. മോഡി നായര് അങ്ങ് ഗുജറത്തില്‍ നടപ്പില്‍ വരുത്തീട്ടുണ്ടേ..
എന്നാ നായരങ്ങട്...

അമ്മേടെ നായര് said...

@ ഉറുമ്പ് : ഇവിടെ വന്നതില്‍ സന്തോഷം! നോം പണ്ട് തന്റെ പോസ്റ്റിനെതിരെ ഒരു പോസ്റ്റിട്ടിരുന്നു.ഓര്‍ക്കുന്നുണ്ടാവും എന്ന് നിരീക്കണൂ.
അഭിപ്രായങ്ങള്‍ പറഞ്ഞോളൂ ട്ടോ.
ഇവിടെ വന്നതില്‍ സന്തോഷം തന്നെ! എന്നാ നായരങ്ങട്..

@ വാഴക്കോടന്‍ : ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നായര്‍ക്ക് സന്തോഷം.അസഹിഷ്ണുതകൊണ്ട് നായര് വല്ലതും പുലമ്പിയെങ്കില്‍ ക്ഷമിക്കുക.ഇതൊക്കെ കാണുമ്പോള്‍ പറയാതിരിക്കുന്നതെങ്ങിനെ? വികസനത്തിന്റെ കാര്യത്തില്‍ നായരോടുള്ള യോജിപ്പില്‍ അത്യധികം സന്തോഷം!
എന്നാ നായരങ്ങട്....

എന്‍റെ അമ്മ മലയാളം said...

നായരുടെ ചിന്തയോട് പരിപൂര്‍ണ്ണമായി യോജിക്കുന്നു.
എന്നാ നായരങ്ങട്....

yet anothr said...

[your comment] ന്താച്ചാ അറബിക്കടലില്‍ കോണ്ട് തള്ളീത് എഫ് സി ഐ യുടെ ഗോഡൌണില്‍ കെട്ടിക്കിടന്ന് നശിച്ച അരിയാണ്.[/comment]

ഇതു എന്റെ അഭിപ്രായം ശരിവെയ്ക്കുന്നു. കാരണം സര്‍ക്കാര്‍ ഈ വക മോശം അരി ജനങ്ങള്‍ക്കു കൊടുക്കാന്‍ താത്പര്യപ്പെടുന്നില്ല എന്നര്‍ത്ഥം. അതായത് വിതരണത്തിനായി നല്ല അരി മാത്രമേ അയയ്ക്കാറൂ എന്നര്‍ത്ഥം. പിന്നെങ്ങിനെ മോശം അരി ജനങ്ങളില്‍ എത്തുന്നു?

ഞാന്‍ സര്‍ക്കാറിനെ ന്യായീകരിക്കുകയല്ല. ഉം... സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ അറിയാതെ ഈ മറിമായം സംഭവിക്കുകയില്ല.

Arun said...

നല്ല പോസ്റ്റ് നായരേ,,,,,
പലര്‍ക്കും ഒരു പക്ഷമുള്ളത് കൊണ്ട് ആരും ഒരു അഭിപ്രായത്തിനു പോലും മുതിരുന്നില്ല എന്ന ഒരു കാരണവും ഇത്തരം വിവാദങ്ങള്‍ക്ക് വളമേകുന്നു. താന്‍ പിന്തുണക്കുന്നവര്‍ ചെറ്റത്തരം കാണിച്ചാലും മിണ്ടാതിരിക്കുന്ന ഒരു സമൂഹം ഉള്ളിടത്തോളം ഇതൊക്കെ തുടരും നായരെ...
നായരുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു.

krishnakumar513 said...

സത്യസന്ധമായ നിരീക്ഷണം...