Saturday, January 2, 2010

നായര്‍ സംവരണം മാടമ്പികള്‍ക്ക് വേണ്ടി!

ഈ സംവരണം എന്ന് പറഞ്ഞാല് ചില പ്രത്യേക ജനങ്ങള്‍ക്ക് മാത്രമുള്ള ഒരു സമ്പ്രദായമാണെന്നല്ലേ നമ്മടെ സായിബ് പറയണത്. സായിബും സായിബിന്റെ ആള്‍ക്കാരും സംവരണം കൊണ്ട് കുറേ ഉണ്ടാക്കി എന്ന് പറയാനും പറ്റില്ല. കാരണം സംവരണത്തിന്റെ പേരും പറഞ്ഞ് ഉണ്ടാക്കിയത് മുഴുവന്‍ സമുദായ നേതാക്കള്‍!അവുന്നത്ര സംവരാണാനുകൂല്യം നേടിയിട്ടും,സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നാലും പിന്നേയും കണ്ണ് സംവരണക്കൂട്ടില്‍ തന്നെ.ഇങ്ങനെ മധുരമുള്ളൊരു ഹല്‍വ ഐസ്ക്രീമൊഴിച്ച് ഈ ദുനിയാവില് വേറെ ഇല്ലാന്നാണ് സായിബ് പറയുന്നത്.

ഇനി കാര്യത്തിലേക്ക് കടക്കാം.സാധാരണ മന്നം ജയന്തി ആഘോഷിക്കുന്ന സമയമായാല്‍ കാംഗ്രസ്സുകാരെ വിളിച്ചൊന്ന് സമദൂരത്തിന്റെ അളവ് പറഞ്ഞ് കൊടുക്കുന്ന ഒരു സ്ഥിരം പരിപാടിയുണ്ട് നായന്മാരുടെ ഹെഡാപ്പീസില്‍.ഇപ്രാവശ്യവും പതിവ് പോലെ അതൊക്കെ തന്നേയാണ് ഉദ്ദേശിച്ചിരുന്നുള്ളു താനും. എന്നാല്‍ കിടക്കട്ടെ ഓടുന്ന പട്ടിയ്ക്ക് ഒരു മുഴം മുന്‍പേ ഒരേറ് എന്ന നിലയില്‍ മൂത്ത നായര്‍ ഒരു കാച്ചങ്ങട് കാച്ചി, ന്താത്? സംവരണം വേണം ന്ന്. ഇമ്മിണി സുഖള്ള പരിപാട്യാന്ന് നായന്മാര്‍ക്കും വൈകിയാണെങ്കിലും മനസ്സിലായിന്ന് സാരം. പെരുന്നയില്‍ പൊരുന്നിരുന്ന് ബഡ്ജറ്റ് ഉണ്ടാക്കുമ്പോള്‍ ഇങ്ങനേം ചില സുഖങ്ങള്‍ നടക്കുന്നുണ്ടെന്ന് പാവം വൈകിയാണെങ്കിലും നായര്‍ക്ക് വേളിപാടുണ്ടായി. കാര്യം ഇത് നടക്കാത്ത മനോഹരമായ ഒരു സ്വപ്നമാണെങ്കിലും കേന്ദ്രത്തില് ഡെല്‍ഹീ നായരൊക്കെ ഉള്ള സ്ഥിതിയ്ക്ക് ഒരു പിടിയങ്ങട് പിടിച്ചാല്‍ നടക്കും എന്ന് നായര്‍ക്കൊരു തോന്നല്‍. അങ്ങിനെ തോന്നിയതിന്റെ ഒരു വെളിച്ചത്തിലാണ് കാംഗ്രസ്സിന്റെ രമേശന്‍ നായരേയും ചാണ്ടി നായര്‍ക്കും പതിവു പോലെ ഓല അയച്ചത്.

നായരില്ലാതെ എന്താഘോഷം എന്ന മുരളീരവം മുഴക്കിക്കൊണ്ട് രമേശും ചാണ്ടിയും പെരുന്നയില്‍ ഹാജര്‍! മാധവന്‍ നായര്‍ ദര്‍ബ്ബാര്‍ രാഗത്തില്‍ ആ സംവരണ ഗാനം ആലപിച്ചു. ഒപ്പം ആലപ്പുഴ രാഗത്തിലും സ്താനാര്‍ത്ഥി രാഗത്തിലും മന്ത്രി രാഗത്തിലും വെവ്വേറെ ലളിത ഗാനങ്ങളും. എല്ലാം കേട്ട് കണ്ണ് തള്ളിയ രമേശന്‍ നായരും ചാണ്ടി നായരും ക മാ ന്നൊരക്ഷരം പത്രക്കാരോട് വരെ മിണ്ടാതെ സ്ഥലം വിട്ടു.അല്ലെങ്കില്‍ തന്നെ എന്ത് മിണ്ടാന്‍? ചോദിക്കുമ്പോ ചോദിക്കുമ്പോ കുപ്പീന്ന് വന്ന ഭൂതത്തെപ്പോലെ എല്ലാം കൊടുത്ത് കൊണ്ടിരുന്നതാ. എന്നാല്‍ ബി പി എല്‍ കാര്‍ഡുകാരോട് റേഷന്‍ പീടികക്കാര്‍ കാണിക്കുന്ന ഒരു മനോഭാവമായി മാറിയോ എന്നാണ് പെരുന്ന നായന്മാര്‍ക്കിപ്പോ സംശയം!എങ്ങനെ സംശയിക്കാണ്ടിരിക്കും പാലം കടക്കുവോളം നാരായണ പാലം കടന്നാല്‍ വെള്ളാപള്ളീ എന്നല്ലേ പുതിയ ചൊല്ല്!

ഈ സമുദായ നേതാക്കന്മാരെല്ലാം സമുദായത്തെ ഉദ്ധരിച്ച് ഉദ്ദരിച്ച് ഉദ്ധാരണം വരെ നഷ്ടപ്പെട്ട ഒരു സമൂഹത്തെ ഉണ്ടാക്കി എന്നല്ലാതെ ഇന്നത്തെ സമുദായ നേതാക്കള്‍ എന്ത് ഗുണമണ് സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്തത്? ഒരു സവര്‍ണ്ണനായി ജനിച്ചത് കൊണ്ട് പഠിക്കാന്‍ ഫീസ് വേണം,ജോലി സംവരണം ഇല്ലതന്നെ. വിരലിലെണ്ണാവുന്ന നായന്മാര്‍ സമ്പന്നതയുടെ മടിത്തട്ടില്‍ ജീവിക്കുന്നുണ്ട് എന്ന് കരുതി, ഒരു നേരം അടുപ്പ് പുകയാന്‍ വഴിയില്ലാത്ത നാലുകെട്ടുകള്‍ നേതാക്കന്മാര്‍ കാണാതെ പോകരുത്. സമുദായത്തിന്റെ പേരില്‍ നേടിയെടുത്ത സ്കൂളിലും കോളേജിലും എത്ര പാവപ്പെട്ട നായന്മാരുടെ മക്കള്‍ക്ക് സൌജന്യ വിദ്യഭ്യാസം നല്‍കുന്നുണ്ട്? ഡിഗ്രിയെടുത്ത് വരുന്ന ഒരു സവര്‍ണ്ണന്‍ ജോലിക്ക് ശ്രമിക്കുമ്പോള്‍ പത്താം ക്ലാസ് കഷ്ടിച്ച് പാസായ ഒരാള്‍ സംവരണത്തിന്റെ പേരില്‍ ജോലി നേടുന്നത് ഈ സംവരണം തുടങ്ങിയ കാലം മുതല്‍ ഈ സമുദായം അനുഭവിക്കുന്നതാണ്. അതിലൊരു മാറ്റം വേണം എന്ന് നായര്‍ ആവശ്യപ്പെട്ടപ്പോള്‍ ഏകപക്ഷീയമായി എതിര്‍ക്കുന്ന സായിബും തന്റെ സമുദായത്തിന് വേണ്ടി എന്ത് ചെയ്തു എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. സംവരാണാനുകൂല്യം നേടുന്ന ആ സമുദായം കേരളത്തില്‍ പണം കൊണ്ട് നടത്തുന്ന ആറാട്ടുകള്‍, ബംഗ്ലാവ് നിര്‍മ്മാണം,ഗള്‍ഫ് പണം കൊണ്ട് കാണിച്ച് കൂട്ടുന്ന തോന്യാസങ്ങള്‍, ഇതൊന്നും പോരാഞ്ഞ് സംവരണം കുത്തകയാണെന്ന് ധ്വനിപ്പിക്കുന്ന ആ സായിബ് എന്താണ് സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത്. സമുദായത്തെ പൊട്ടന്‍ കളിപ്പിച്ച് അധികാരം കിട്ടാന്‍ സ്ഥാനത്തും അസ്ഥാനത്തും സമുദായത്തോട് വിളിച്ച് പറയാനുള്ള ഒരു കാര്യമായി തുടര്‍ന്നും അങ്ങോട്ട് കൊണ്ട് നടന്നാല്‍ മതി.അതില്‍ കൂടുതല്‍ അഭിപ്രാമൊന്നും പറയാന്‍ സായിബിന് അര്‍ഹതയില്ല എന്ന് വല്ലപ്പോഴെങ്കിലും സ്വന്തം സമുദായത്തിലേക്ക് നോക്കി തീരുമാനമെടുത്താല്‍ ആ സമുദായം എന്നേ രക്ഷപ്പെട്ടേനെ!

ജാതിയുടേയും സമുദായത്തിന്റേയും പേരില്‍ ഇപ്പോഴും ജനങ്ങള്‍ വേര്‍തിരിക്കപ്പെടുന്നു. അര്‍ഹരും അനര്‍ഹരും സര്‍ക്കാറിന്റെ അനുകൂല്യങ്ങള്‍ പറ്റുന്നു. അര്‍ഹരായവര്‍ നേടുന്നതിനേക്കാള്‍ കൂടുതല്‍ അനര്‍ഹരായ സമുദായത്തിലെ പണക്കാരായ ആളുകള്‍ നേടുന്നു എന്നുള്ളത് ഒരു സത്യമാണ്. സമുദായം നോക്കുകയാണെങ്കില്‍ വെള്ളാപ്പള്ളി നടേശനും ഗോകുലം ഗോപാലനും സര്‍ക്കാര്‍ എന്ത് സംവരണമാണു നല്‍കേണ്ടത്?ആ സമുദായത്തിലെ പട്ടിണിപ്പാവങ്ങള്‍ക്ക് സംവരണങ്ങളുടെ എന്തേങ്കിലും ആനുകൂല്യം ലഭിക്കുന്നുണ്ടൊ? ഇവിടെ സമുദായ സംവരണമല്ല വേണ്ടത് മറിച്ച് സാമ്പത്തിക സംവരണം നടപ്പാക്കണം. എല്ലാ സമുദായത്തിലും ദരിദ്ര നാരായണന്മാര്‍ ഉണ്ട്. ഓരോ ദിവസം കഴിയും തോറും ഭരണങ്ങളുടെ മേന്മ കൊണ്ട് അവര്‍ കൂടുതല്‍ ദരിദ്രരായിക്കൊണ്ടിരിക്കുന്നു. സംവരണം കൊണ്ട് ജന സേവനമാണ് ഇവിടത്തെ സര്‍ക്കാരുകള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് തീര്‍ച്ചയായും സാമ്പത്തിക നിലയുടെ അടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തുക. സമുദായങ്ങളില്‍ സംവരണത്തിന്റെ ചോരകുടിച്ച് തടിച്ച് വീര്‍ത്ത പ്രമാണികള്‍ കൂടുതല്‍ ചീര്‍ക്കാന്‍ മാത്രമേ ഈ സമുദായ സംവരണം ഉപകരിക്കൂ. സംവരണത്തിന്റെ പേരില്‍ വിണ്ടും സ്കൂളുകളും കോളെജുകളും സാമ്പത്തിക സഹായങ്ങളും ഒരുളുപ്പുമിലാതെ വീണ്ടും അനര്‍ഹര്‍ നേടുന്നത് ഒഴിവാക്കാന്‍ ഒരു സമുദായവും പരിഗണിക്കാതെ സാമ്പത്തികമായി പരാദീനത അനുഭവിക്കുന്ന പാവം ജനങ്ങളില്‍ എത്തിക്കുകയാണു വേണ്ടത്. അല്ലാതെ ജനിച്ചത് ഒരു സവര്‍ണ്ണനായിട്ടോ അവര്‍ണ്ണനായിട്ടോ എന്ന് പരിഗണിക്കാതെ എല്ലാം മനുഷ്യരാണു എന്ന് കരുതിയിട്ടെങ്കിലും സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്.

സമുദായത്തില്‍ എത്ര പേര്‍ അവശത അനുഭവിച്ചാലും സ്വന്തം കാര്യം മാത്രം നോക്കി ശീലിച്ച മത,സമുദായ നേതാക്കള്‍ ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന കാലത്തോളം അര്‍ഹരായ സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് ഒരിക്കലും നീതി കിട്ടുകയില്ല. ഈ സമുദായ വേര്‍തിരിവിനു വളം വെച്ച് കൊടുത്ത് അധികാരം കയ്യാളുന്ന രാഷ്ട്രീയ മേലാളന്മാരില്‍ നിന്നും പുതിയതായി ഒന്നും പ്രതീക്ഷിക്കാന്‍ ഇല്ലെങ്കിലും നന്മയുള്ള ആരെങ്കിലും സര്‍ക്കാറില്‍ കാണാതിരിക്കില്ല എന്ന് തന്നെയാണ് നായരുടെ വിശ്വാസം. ഇലക്ഷന്‍ വരുമ്പോള്‍ മാത്രം സമുദായ നേതാക്കളുടെ പാദ സേവ നടത്തി വാഗ്ദാനങ്ങള്‍ നല്‍കി അനുകൂല്യങ്ങള്‍ പറ്റുന്ന നേതാക്കളുടെ കപട മുഖം ഇനിയും സമുദായത്തിലെ പാവപ്പെട്ട ജനങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനി ഒരു സംവരണത്തിനും അവരെ രക്ഷിക്കാനാവില്ല എന്നാണു നായര്‍ക്ക് പറയാനുള്ളത്. അല്ലാതെ സംവരണം വേണം എന്ന് നായരുടെ നേതാക്കന്മാര്‍ പറയുന്നുണ്ടെങ്കില്‍ അത് സമുദായത്തിലെ മാടമ്പികള്‍ക്ക് വേണ്ടി മാത്രമാണ്.
എന്നാ നായരങ്ങട്....

11 comments:

അമ്മേടെ നായര് said...

ജനിച്ചത് ഒരു സവര്‍ണ്ണനായിട്ടോ അവര്‍ണ്ണനായിട്ടോ എന്ന് പരിഗണിക്കാതെ എല്ലാം മനുഷ്യരാണു എന്ന് കരുതിയിട്ടെങ്കിലും സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്.

ശ്രദ്ധേയന്‍ said...

പാലം കടക്കുവോളം നാരായണ പാലം കടന്നാല്‍ വെള്ളാപള്ളീ എന്നല്ലേ പുതിയ ചൊല്ല്!:)

ചാണക്യന്‍ said...

"ജനിച്ചത് ഒരു സവര്‍ണ്ണനായിട്ടോ അവര്‍ണ്ണനായിട്ടോ എന്ന് പരിഗണിക്കാതെ എല്ലാം മനുഷ്യരാണു എന്ന് കരുതിയിട്ടെങ്കിലും സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്...." -
ഹോ അപാരം....ഒരു ഇരുന്നൂറ് കൊല്ലം മുന്നെ ഇടേണ്ടിയിരുന്ന പോസ്റ്റാ ഇത്..ന്നാലും വൈകീട്ടില്ല....ആശംസകൾ,

എന്ന്

ചാണക്യ നായർ

noordheen said...

ഏത് മേഘല പരിശോധിച്ചാലും അവിടെ ഉയര്‍ന്ന നിലയില്‍ ജോലിയെടുക്കുന്നത് സവര്‍ണ്ണനാണ് എന്ന് കാണാം.നായര്‍ സമുദായത്തില്‍ അവശത അനുഭവിക്കുന്നവര്‍ വളരെ തുച്ഛമാണെന്ന് കാണാം. അത് പോലെ മുസ്ലിം സമുദായത്തില്‍ വളരെ ന്യൂനപക്ഷമായ ആളുകള്‍ സമ്പന്നരായിരിക്കാം,എന്നാല്‍ ഏറിയ കൂറും പട്ടിണിപ്പാവങ്ങള്‍ തന്നെ.കുറേ പേരെങ്കിലും ഈ സംവരണത്തിന്റെ ആനുകൂല്യം നേടി ചെറിയ ജോലികള്‍ കൈവരിക്കുന്നു. അവിടേയും പങ്ക് പറ്റാന്‍ നായര്‍സമുദായം വരുന്നത് കഷ്ടമെന്നല്ലാതെ എന്ത് പറയാന്‍.സാമ്പത്തിക സംവരണം വന്നാലും കാര്യങ്ങള്‍ ഇതുപോലെയൊക്കെത്തന്നെയാകില്ലെ നായരേ ??

ഭൂതത്താന്‍ said...

ജനിച്ചത് ഒരു സവര്‍ണ്ണനായിട്ടോ അവര്‍ണ്ണനായിട്ടോ എന്ന് പരിഗണിക്കാതെ എല്ലാം മനുഷ്യരാണു എന്ന് കരുതിയിട്ടെങ്കിലും സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്

ഇപ്പം പറഞ്ഞത് ഇരിക്കട്ടെ ഇനി മേലാല്‍ പറയരുത് ...കാരണം നായര്‍ക്കും മറ്റു സവര്‍ണ്ണര്‍ക്കും (ജാതി പേരില്‍ മാത്രേ ഉള്ളു കേട്ടോ ) മേലോട്ട് വായും പൊളിച്ചു നിന്നാല്‍ ഉടനെ ദൈവം കോരി വായില്‍ ഇട്ടു കൊടുക്കും ...അത് കിട്ടാത്തവര്‍ക്ക് സംവരണം എന്നാ പേരില്‍ കോരി കൊടുക്കുന്നതല്ലേ ...പിന്നെ നുരുദ്ദീന്‍ മാഷിന്റെ കണ്ടു പിടുത്തം പോലെ സാമ്പത്തിക സംവരണം ഉണ്ടായാലും ഇതൊക്കെ തന്നെ നടക്കും പോലും ..ഏതൊക്കെ കുഞ്ഞാലി കുട്ടി സാഹിബ്ബും മറ്റു സമ്പന്നരായ ആളുകളും ഇപ്പോള്‍ തിന്നുന്നത് പോലെ അങ്ങ് തിന്നോട്ടെ എന്നാണോ ...എന്‍ .എസ്.എസ് പറഞ്ഞതും ഇപ്പോള്‍ നായര്‍ പറഞ്ഞതും കേട്ടില്ലന്നാണോ ...പാവപ്പെട്ടവന്‍ ഏതു മതത്തില്‍ പെട്ടാലും അവനു സംവരണം വേണം ....അല്ലാതെ സായിബ് പറഞ്ഞപോലെ ഇതെന്റെ അവകാശം ആണ് ...ഞാന്‍ മാത്രേ തിന്നാവു എന്ന് പറഞ്ഞു പഠിക്കല്ലേ...ഈ സവര്‍ണ്ണന്‍ എന്ന് പറയുന്നവന്റെ പിച്ച ചട്ടിയാല്‍ കൈയ്യിട്ടു കൂടിയാണ് ബാക്കി പേര്‍ക്ക് സംവരണം നല്‍കുന്നത് എന്ന് കൂടി ഓര്‍ക്കുന്നത് നന്ന്

Anonymous said...

ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരനു കഞ്ഞി കുമ്പിളില്‍ തന്നെ! :)

പള്ളിക്കുളം.. said...

അമ്മേടെ നായർക്കിട്ടൊരു ചവിട്ടു ഞാൻ വെച്ചു തരും. :)
സമുദായ സംവരണം തന്നെയാണ് വേണ്ടത്. ഈ രാജ്യത്തിന്റെ ഭരണയന്ത്രം തിരിക്കുന്നതിൽ അവശ വിഭാഗങ്ങൾക്കു കൂടി പങ്കാളിത്തം നൽകുന്നതിനാണിത്. ഇന്ന് പല തസ്തികകളിലേക്കും യോഗ്യരായിട്ടുള്ളവർ അവശരിലെ തന്നെ അല്പം സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരാണ്. മറ്റുള്ളവർ സാമ്പത്തിക പരാധീനതകൾകൊണ്ടോ മറ്റോ കഷ്ടപ്പെടുന്നവരും അത്യാവശ്യം വിദ്യാഭ്യാസത്തിനപ്പുറം പോകാത്തവരുമാണ്. സാമ്പത്തിക സംവരണം വരുമ്പോൾ നല്ല തസ്തികകളിൽ സാമ്പത്തിക അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ പാവപ്പെട്ടവരും പിന്നാക്കക്കാരുമായവർ ഇല്ലാതെ വരും. ആ ഇടങ്ങളിലേക്ക് ഇടിച്ചു കേറാനുള്ള പൂതിയാണ് സാമ്പത്തിക സംവരണ വാദികൾക്കുള്ളത്.
ഇത് സവർണ്ണന്റെ സ്വവർഗ്ഗാനുരാഗമാണ്. ഏക്കറുകണക്കിന് കൃഷിയുള്ളവന്റെയും വാർഷിക വരുമാനം 120 രൂപ എന്ന് സർക്കാർ രേഖകളിൽ എഴുതിവെക്കുന്ന ഒരു രാജ്യത്താണ് നാം ജീവിക്കുന്നതെന്ന് പ്രാഥമികമായി ഓർക്കുക.

ഈ സെന്റിമെൻസിലും അപാരമായ വിവേചനം നിലനിൽക്കുന്നു. സവർണ്ണൻ വിശന്നാൽ കൂടെ വിശക്കാനും ആശ്വസിപ്പിക്കാനും സിനിമയെടുക്കാനും നാടകം ഉണ്ടാക്കാനും കഥയെഴുതാനുമൊക്കെ എത്രയാളാണ്? കാലങ്ങളായി പട്ടിണി കിടക്കുന്നവന്റെ കഥ എന്നിനി ഒരു സിനിമയാകും?

പള്ളിക്കുളം.. said...

ബ്രാഹ്മണത്തറവാടുകൾ മുടിയാൻ കാരണം അവരുടെ മുടിഞ്ഞ ദുരഭിമാനമാണ്. മരം കയറാൻ പോവുകയോ, വാർക്കപ്പണിക്ക് പോവുകയോ, മീൻപിടിക്കുകയോ, മീൻകച്ചവടം ചെയ്യുകയോ, അലക്കുകയോ, കെളക്കാൻ പോവുകയോ ഒക്കെ ചെയ്തിരുന്നെങ്കിൽ അത്യാവശ്യം പട്ടിണി അകറ്റാമായിരുന്നു ഇവർക്ക്. നമ്മുടെ ചില സിനിമകളിലെ തണ്ടും തടിയുമുള്ള നായകന്മാർ പൂണൂലുമിട്ട് ‘ വെശക്കുന്നേ വെശക്കുന്നേ’ എന്ന് നിലവിളിക്കുന്നതു കാണുമ്പോൾ, സത്യം പറയാലോ മോന്തക്കൊരു തേപ്പ് കൊടുക്കാൻ തോന്നും.
മേൽ‌പ്പറഞ്ഞ ജോലികളൊക്കെ മറ്റുള്ളവർക്ക് വീതിച്ച് കൊടുത്ത് സർക്കാർ ഉദ്യോഗത്തിൽ മാത്രം വെശപ്പെടക്കാൻ പാടുപെടുന്ന അവർക്കു വേണ്ടി നമ്മുടെ സർക്കാർ അടിയന്തിരമായി എന്തെങ്കിലും ചെയ്തേ മതിയാവൂ..

Sachin said...

ബ്രാഹ്മണത്തറവാടുകൾ മുടിയാൻ കാരണം അവരുടെ മുടിഞ്ഞ ദുരഭിമാനമാണ്. മരം കയറാൻ പോവുകയോ, വാർക്കപ്പണിക്ക് പോവുകയോ, മീൻപിടിക്കുകയോ, മീൻകച്ചവടം ചെയ്യുകയോ, അലക്കുകയോ, കെളക്കാൻ പോവുകയോ ഒക്കെ ചെയ്തിരുന്നെങ്കിൽ അത്യാവശ്യം പട്ടിണി അകറ്റാമായിരുന്നു ഇവർക്ക്.
Very correct!

ദീപക് -:-Deepak said...

(അ)സമത്വസുന്ദരമായ കേരളഭൂവില്‍ ഇനിയൊരു വിപ്ലവം വിരിയില്ല എന്നാ പൂര്‍ണബോധ്യമുള്ളത് കൊണ്ട് അഭിപ്രായപ്രകടനത്ത്തില്‍ ഒതുക്കുന്നു.

നൂറുദ്ദീന്‍ മാഷേ.. സംവരണം നായന്മാര്‍ക്ക് മാത്രം വേണം എന്ന് നായര്‍ പറഞ്ഞു കണ്ടില്ല.

സവരിക്കാന്‍ ഏറ്റവും എളുപ്പമുള്ള രീതി ആയതുകൊണ്ടാണോ പള്ളിക്കുളം ജാതി നോക്കിയാല്‍ മതി എന്ന് പറഞ്ഞത്? വരുമാന certificate തിരുത്തുന്ന പോലെ ജാതി certificate തിരുത്തലും നടക്കാരുന്റെന്നു ഓര്‍ക്കുക. അപ്പോള്‍ കണക്ക് കൂട്ടാന്‍ ഇത്തിരി മിനക്കെടായാലും സാമുദായിക നീതി ഉറപ്പാക്കുന്ന ഒരു weighted/points-based രീതി അല്ലെ ബുദ്ധിമാന്മാര്‍ എന്ന് സ്വയം സമാധാനിക്കുന്ന നമുക്ക് നല്ലത്?

സാമ്പത്തികം നോക്കാം, ഭുവിഭാഗം നോക്കാം, മതാപിതാക്കളുടെ വിദ്യാഭ്യാസം നോക്കാം അവര്‍ക്ക് സംവരണം ലഭിച്ചോ എന്ന് നോക്കാം. അങ്ങനെ വിവരമുള്ളവര്‍ പറയുന്നതെന്തും നോക്കാം. ഇതെല്ലാം വച്ച് യോഗ്യത തീരുമാനിക്കുന്ന ഒരു formula കണ്ടുപിടിക്കാന്‍ കഴിവുള്ളവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടാവില്ലേ?

വിദ്യാഭ്യാസ കാലഘട്ടം വരെയുള്ള സംവരണം ആവശ്യമെന്നു മാത്രമല്ല അത് മുഴുവനും സര്‍ക്കാരിന്റെ സഹായത്തില്‍ ആവണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഖജനാവ് കാലിയാനെങ്കില്‍ PPP മോഡല്‍ ആവാം. അതിനു ശേഷം സവരിക്കണം എന്ന് പറയുന്നത് മിനക്കെട്ടു പഠിച്ചു വരുന്നവനോടു കൊഞ്ഞനം കുത്തുന്ന പോലെ അല്ലെ?

നായരുടെ simple തിയരിയോടു പൂര്‍ണമായും യോജിക്കുന്നു. അതില്‍ ഇത്തിരി കൂടി complexity ഇരിക്കട്ടെ എന്ന് കരുതി. ചര്‍ച്ച തുടരാം.

പള്ളിക്കുളം.. said...

സംവരിക്കാൻ ഏറ്റവും എളുപ്പമുള്ള രീതിയായതുകൊണ്ടല്ല എന്ന് എന്റെ കമന്റിൽ നിന്നും വ്യക്തമാണല്ലോ ദീപക്കേ.. മറ്റുകാര്യങ്ങളിൽ എന്തെങ്കിലും പറയാനുണ്ടോ.. മറ്റുള്ളവരൊക്കെ വിറകുവെട്ടികളും വെള്ളംകോരികളുമായി തുടരുകയും തങ്ങൾ സർക്കാർ ജോലികൊണ്ടേ വിശപ്പടക്കൂ എന്ന് വാശിപിടിക്കുകയും ചെയ്യുന്നതെന്തിനാണ് മേലേക്കിടക്കാരേ.. നിങ്ങളും വരൂ മീൻ‌കച്ചവടത്തിനും വിറകുവെട്ടുവാനും വാർക്കപ്പണിക്കുമൊക്കെ.. സാധിക്കുമെങ്കിൽ സംവരണം തരാം. സർക്കാർ സീറ്റുകളിൽ ആവശ്യത്തിലധികം നായർ-നമ്പൂരിമാരെ ഇനി എടുക്കേണ്ടതില്ല. ‘അമ്മേടെ നായർക്ക് വിരോധന്നുല്ല്യാലോ അല്ലേ?