Saturday, March 27, 2010

മലയാള സിനിമയില്‍ പ്രതിഭാദാരിദ്ര്യം

മലയാള സിനിമയുടെ നിലവാരത്തകര്‍ച്ചയുടെ യഥാര്‍ത്ഥ കാരണം പ്രതിഭാ ദാരിദ്ര്യം ഒന്ന് മാത്രമാണെന്നാണ് ഇപ്പോള്‍ ഇറങ്ങുന്ന സിനിമകളില്‍ നിന്നും മനസ്സിലാവുന്നത്.വിവാദങ്ങള്‍ ഉണ്ടാക്കാന്‍ മുന്‍പന്തിയില്‍ നിന്ന് താന്‍ വേട്ടയാടപ്പെടുന്നവനാണെന്ന് വിലപിച്ചിരുന്ന മാടമ്പി ഉണ്ണിക്യഷ്ണന്റെ പുതിയ മമ്മൂട്ടി ചിത്രമായ പ്രമാണിയും പ്രേക്ഷകനെ നിരാശപ്പെടുത്തുന്നു എന്നാണ് നായരുടെ അഭിപ്രായം. യുവ നടന്‍, ഭാവി സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ പറഞ്ഞ് വാനോളം പുകഴ്തിയ യുവ നടന്റെ താന്തോന്നി എന്ന ചിത്രം കണ്ട് മണ്ട കലങ്ങിയ പല ഹത ഭാഗ്യരേയും നായര്‍ കാണുകയുണ്ടായി.മൂന്നാം ഭാഗം കൊണ്ട് പ്രേക്ഷകരുടെ മുന്നിലെത്തിയ ലാലും ഏറെ നിരാശപ്പെടുത്തി.ഇനി ഒരു നാലാംഭാഗം അരുതേ എന്ന് പ്രേക്ഷകനെക്കൊണ്ട് ആണയിടീക്കുന്നുണ്ട് ഇന്‍ ഘോസ്റ്റ് ഹൌസ് ഇന്‍ എന്ന ചിത്രം. സിദ്ധിക്ക്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ നിത്യ ഹരിതങ്ങളായി നില്‍ക്കുമ്പോള്‍ ഇവര്‍ വേര്‍പിരിഞ്ഞപ്പോള്‍ അത്തരം നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നഷ്ടമായി എന്ന് വേണം കരുതാന്‍.സിദ്ധിക്കിന്റെ ബോഡി ഗാര്‍ഡ് വളരെ നിരാശാ ജനകമായിരുന്നു എന്ന് ദിലീപിന്റെ കോമാളിത്തരം കൊണ്ട് നാം മനസ്സിലാക്കി.

സിദ്ധീക്ക്-ലാലിന്റെ സിനിമകളില്‍ കോമഡിയ്ക്ക് വളരെ ഉന്നത നിലവാരം ഉണ്ടായിരുന്നെന്ന് നമ്മള്‍ കണ്ടതാണ്.എന്നാല്‍ ഇവരുടെ ഇപ്പോള്‍ ഇറങ്ങുന്ന ചിത്രങ്ങളിലെ കോമഡികള്‍ തീരെ തരം താണ തറ കോമഡികളാണെന്ന് പറയേണ്ടി വരുന്നതില്‍ നായര്‍ക്ക് വിഷമമുണ്ട്. ഘോസ്റ്റ് ഹൌസിലെ ഹരിശ്രീ അശോകന്റെ കോമഡി ലാല്‍ തന്നെയാണോ പടച്ച് വിട്ടത് എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം. അതിനേക്കാള്‍ തരം താഴ്ന്ന കോമഡിയാണ് ദിലീപിനെക്കൊണ്ട് സിദ്ധീക്ക് കാട്ടിക്കൂട്ടിച്ചത്!കോമഡിയുടെ രാജക്കന്മാര്‍ എന്ന് പറഞ്ഞ് പുകഴ് പെറ്റവര്‍ ഇത്തരം തരം താണ കോമഡിയുമായി അധഃപതിക്കുന്നത് കാണുമ്പോള്‍ മറ്റു ചിത്രങ്ങളുടെ കാര്യം പറയാനുണ്ടോ?

സൂപ്പര്‍ താരങ്ങളാണ് മലയാള സിനിമയുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് പറയുന്നതില്‍ നായര്‍ക്ക് യോജിപ്പില്ല.സൂപ്പര്‍ താരങ്ങള്‍ ഫാന്‍സുകളെ നിയന്ത്രിക്കണമെന്ന് മുറവിളി കൂട്ടുന്നവരും കുറവല്ല. ഫാന്‍സുകള്‍ ഒരു സംഘടിത ശക്തിയായി വളര്‍ന്നുവരുന്നത് സിനിമയുടെ വളര്‍ച്ചയ്ക്ക് ഒരിക്കലും സഹായകമല്ല എന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു.തട്ട്പൊളിപ്പന്‍ ചിത്രങ്ങള്‍ക്ക് ജയ് വിളിക്കാന്‍ വേണ്ടി മാത്രമാണോ ഈ ഫാന്‍സുകള്‍ എന്നത് ഇതേ സ്റ്റാറുകളുടെ കലാമൂല്യമുള്ള ചിത്രങ്ങളുടെ വിജയത്തിനായി ഈ ഫാന്‍സുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് അത്തരം നല്ല ചിത്രങ്ങളുടെ പരാജയം തെളിയിക്കുന്നു.പരദേശിയും,പലേരി മാണിക്യവുമൊക്കെ ശ്രദ്ധിക്കാതെ പോകുന്നത് ഫാന്‍സുകാര്‍ എവിടെ നില്‍ക്കുന്നു എന്നതിനുള്ള തെളിവാണ്.അത് പോലെ ഫാന്‍സുകളുടെ ഒരു സഹായവുമില്ലാതെ വിജയിക്കുന്ന എത്രയോ ചിത്രങ്ങള്‍ നാം കണ്ടതാണ്.അപ്പോള്‍ ഫാന്‍സുകാര്‍ ഒരു ചിത്രത്തിന്റെ വിജയത്തിനെ കാര്യമായി സ്വാധീനിക്കുന്നില്ല എന്ന് വേണം കരുതാന്‍. സിനിമ റിലീസ് ചെയ്ത ആദ്യ നാളുകളില്‍ തീയറ്ററില്‍ ഒരു ഓളം തീര്‍ക്കാനും ഇനീഷ്യല്‍ കളക്ഷന്‍ നേടാനും സഹായിക്കുന്ന ഒരു കൂട്ടം മാത്രമാണ് ഫാന്‍സ് അസോസിയേഷന്‍ എന്ന് വേണമെങ്കില്‍ വിളിക്കാം.അതില്‍ കവിഞ്ഞൊന്നും ഒരു ഫാന്‍സിന്റെ സ്വാധീനം ഒരു സിനിമയ്ക്കും ഇല്ലെന്ന് അന്യഭാഷാ ചിത്രങ്ങളുടെ വിജയങ്ങളിലൂടേയും നമ്മള്‍ കണ്ടതാണ്.

ഈ അടുത്തിടെ സാംസ്കാരിക മന്ത്രിയുടെ ഒരു തമാശ നിറഞ്ഞ പ്രസ്താവന കണ്ടു, അന്യ ഭാഷാ ചിത്രങ്ങള്‍ മലയാള സിനിമയുടെ വിജയത്തെ ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നു!നായര്‍ക്ക് പറയാനുള്ളത്, മലയാള സിനിമയുടെ നിലവാരത്തെ പറ്റി ഒരു പഠനം നടത്താനാണ് ഇപ്പോള്‍ സമിതിയെ നിയോഗിക്കേണ്ടത് എന്നാണ്. നാല്‍പ്പതും അന്‍പതും രൂപാ മുടക്കി തീയറ്ററില്‍ പോയി മലയള സിനിമ എന്നും പറഞ്ഞ് ഇറങ്ങുന്ന ചവറുകള്‍ കാണേണ്ടി വരുന്ന പ്രേക്ഷകന് നഷ്ടപരിഹാരം നല്‍കാനും ഒരു സമിതിയെ നിയോഗിക്കണം എന്നുമാണ് മന്ത്രിയോട് നായര്‍ക്കുള്ള അപേക്ഷ.

തിലകനെ പുറത്താക്കിയതോ,സംഘടനകള്‍ രൂപീകരിച്ചത് കൊണ്ടോ സിനിമയുടെ നിലവാരത്തെ ബാധിക്കാമോ? അപ്പോള്‍ മലയാള സിനിമയില്‍ പ്രതിഭകള്‍ ഉണ്ടാകുന്നില്ല അല്ലെങ്കില്‍ പുതിയ പ്രതിഭകള്‍ക്ക് അവസരം കിട്ടുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍.അപ്പോഴാണ് സിനിമാ രംഗത്തുള്ള ഗ്രൂപ്പിസവും കോക്കസുമൊക്കെ പുറത്ത് വരുന്നതും തിലകന്‍ പുറത്തായ കാരണങ്ങളും മറ്റും പുറത്ത് വരികയും ചെയ്യുക. ഇവിടെ സകല സിനിമാക്കാരും പ്രമാണികളാകാന്‍ ശ്രമിക്കുകയാണ്.പലരും തങ്ങളുടെ സ്ഥാനം ഉറപ്പിച്ച് നിര്‍ത്തി ഈ ഫീല്‍ഡില്‍ നിലനില്‍ക്കാന്‍ പല കൂട്ടിക്കൊടുപ്പുകളും കുതികാല്‍ വെട്ടും പാരകളുമൊക്കെയായി മുന്നോട്ട് പോകുന്നു. ചിലര്‍ നിസ്സഹായത കൊണ്ട് ചെയ്ത് പോകുന്നതാകാം, പക്ഷേ ഇവിടെ ഈ സകല ചെറ്റത്തരങ്ങളും മലയാളത്തിലെ നല്ല സിനിമകളെയാണ് പ്രേക്ഷകര്‍ക്ക് നഷ്ടമാക്കുന്നത് അല്ലെങ്കില്‍ നിഷേധിക്കുന്നത് എന്ന് പറയേണ്ടി വരും. തൊട്ടപ്പുറത്തെ തമിഴ്നാട്ടില്‍ നിന്നും വരുന്ന വ്യത്യസ്തമായ സിനിമകള്‍ കണ്ടാലെങ്കിലും നമ്മുടെ കുറസോവാ സംവിധായകര്‍ക്ക് അല്‍പ്പമെങ്കിലും മാറ്റമുണ്ടായെങ്കിലെന്ന് നായരും വെറുതെ ആശിക്കുന്നു.

സിനിമ വിജയിക്കാത്തതിനു പല കാരണങ്ങളും പലരും സന്ദര്‍ഭം പോലെ തട്ടി വിടുന്നുണ്ട്.ടി വി യെന്നും, ഐപി എല്‍ എന്നും പരീക്ഷകള്‍ എന്നും തുടങ്ങി നിര്‍മ്മാണ ചിലവേറിയത് വരേയുള്ള കണക്കുകള്‍ ബോധിപ്പിക്കും.എന്നാല്‍ ഇവര്‍ പടച്ച് വിടുന്ന സിനിമകള്‍ കാണാന്‍ കൊള്ളാവുന്നതാണോ അല്ലയോ എന്നത് ഇവര്‍ തന്നെ ഒന്ന് വിലയിരുത്തണം എന്നാണ് നായരുടെ അഭിപ്രായം.പല ഷൂട്ടിങ് റിപ്പോര്‍ട്ടും ഫിലിം റിവ്യൂകളിലും സംവിധായകനും അഭിനേതാക്കളും ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു പദമുണ്ട്,’വളരെ വ്യത്യസ്തമായ‘ കഥയും, തിരക്കഥയും കോപ്പുമൊക്കെയായാണ് ഇത് ഞങ്ങള്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുന്നതെന്നൊക്കെയുള്ള വീര വാദങ്ങള്‍.സിനിമ കണ്ടാലോ? ഹൊ പറയാനുണ്ടോ!ചിക്കന്‍ ചില്ലി കഴിച്ച് മലയാള സിനിമ കാണാന്‍ പോകാന്‍ പറ്റില്ല എന്നായിരിക്കുന്നു, കാരണം വയറ്റില്‍കിടക്കുന്ന ചിക്കന്‍ വരെ കൂവിപ്പോകും ചില സിനിമകള്‍ കണ്ടാല്‍.അത്രയ്ക്കും ഉദാത്തമായ സ്യഷ്ടികളാണ് ഒരോരുത്തരും പടച്ച് വിടുന്നത്!

മലയാള സിനിമയുടെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണം പ്രതിഭാ ദാരിദ്ര്യം ഒന്ന് മാത്രമാണ്. പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ പണ്ടെപ്പോഴോ എടുത്ത് വിജയിച്ച സിനിമകളുടെ റീമേക്കോ അല്ലെങ്കില്‍ രണ്ടാം ഭാഗമോ മൂന്നാം ഭാഗമോ ഒക്കെ എടുത്ത് സിനിമ എന്ന ഇരുപതാം നൂറ്റാണ്ടിന്റെ കലയെ ആ നൂറ്റാണ്ടില്‍ തന്നെ തളച്ചിടാനാണ് മലയാള സിനിമയുടെ സംഘടനാ പ്രവര്‍ത്തകര്‍ ചെയ്യുന്നത്.ഇവിടെ നഷ്ടം സഹിക്കുന്ന രണ്ടേ രണ്ട് കൂട്ടര്‍ മാത്രമാണ്, ഒന്ന് പ്രൊഡ്യൂസറും മറ്റൊന്ന് പ്രേക്ഷകരുമാണ്. ഇനിയും ഇത്തരം ചവറ് സിനിമകളുമായി വരുന്ന സംവിധായകര്‍ ഒരു കാര്യം ആലോചിക്കണം, സിനിമ കാണാന്‍ വരുന്നത് കേവലം ഫാന്‍സുകാര്‍ മാത്രമാകുന്ന ഒരു കാലം അതി വിദൂരമായിരിക്കില്ല.അന്യ ഭാഷാ ചിത്രങ്ങള്‍ നിരോധിച്ചത് കൊണ്ടോ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞത് കൊണ്ടോ മലയാള സിനിമ രക്ഷപ്പെടില്ല, അതിന് പ്രതിഭയുള്ളവര്‍ തന്നെ വേണം.പ്രതിഭയുള്ളവര്‍ക്ക് അവസരം കൊടുക്കാന്‍ നിങ്ങള്‍ തയ്യാറാവുക,പെരുന്തച്ചനിസം ഉപേക്ഷിക്കുക എന്നാല്‍ തീര്‍ച്ചയായും മലയാളത്തില്‍ നിന്നും നല്ല ചിത്രങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും.

“നായര് പിടിച്ച പുലിവാല്“ എന്ന ചിത്രം 50 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു.മലയാള സിനിമയില്‍ ഇറങ്ങുന്ന പ്രമാണിയുടേയും,താന്തോനിയുടേയുമൊക്കെ അവസ്ഥ ഇതാണെങ്കില്‍ ഇനിയും പൊടി തട്ടിയെടുക്കാന്‍ ഒരു പാട് നല്ല ചിത്രങ്ങള്‍ മലയാളത്തില്‍ 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോലും ഇറങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നത് ഒരു ഓര്‍മ്മപ്പെടുത്തലായെങ്കിലും കാണുമല്ലോ!

എന്നാ നായരങ്ങട്....

7 comments:

അമ്മേടെ നായര് said...

“നായര് പിടിച്ച പുലിവാല്“ എന്ന ചിത്രം 50 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു.

മലയാളത്തില്‍ ഇനിയും ചവറുകളിറങ്ങുകയാണെങ്കില്‍ പൊടി തട്ടിയെടുക്കാന്‍ ഒരു പാട് നല്ല ചിത്രങ്ങള്‍ പെട്ടിയിലുണ്ട്.അത് ഇന്നത്തെ കുറസോവ സംവിധായകര്‍ മനസ്സിലാക്കുന്നത് നന്ന്!
എന്നാ നായരങ്ങട്....

വാഴക്കോടന്‍ ‍// vazhakodan said...

ഈശ്വരാ പ്രമാ‍ണിയും കട്ടപ്പുകയാണോ? ആ സുരാജിനെ കണ്ടപ്പോള്‍ തോന്നി ഒരു അലന്ന പടമാകുമെന്ന്.ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ മലയാള സിനിമ കാണുന്നതല്ല! ഒപ്പ്

★ Shine said...

അവസാനം കണ്ട മലയാള പടങ്ങള്‍ കേരള കഫെയും , പാലേരി മാനിക്യവുമാണ്...അത് ഇഷ്ടപ്പെട്ടു..ഒരു പുതുമയെങ്കിലുമുണ്ട്...

എന്തായാലും വാഴക്കോടന്‍ പറഞ്ഞതുപോലെ ഇനി മലയാളം പടം കാണുന്നത് ഒത്തിരി ആലോചിച്ചേ ഉള്ളൂ..

ബിനോയ്//HariNav said...

"..ഇവിടെ നഷ്ടം സഹിക്കുന്ന രണ്ടേ രണ്ട് കൂട്ടര്‍ മാത്രമാണ്, ഒന്ന് പ്രൊഡ്യൂസറും മറ്റൊന്ന് പ്രേക്ഷകരുമാണ്.."

Correct :)

noordheen said...

മലയാള സിനിമയൊന്നും ഒരിക്കലും രക്ഷപ്പെടാന്‍ പോകുന്നില്ല. ഇവിടെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് വേണ്ടി കഥകള്‍ മാറ്റി എഴുതപ്പെടുകയാണ്.അവരുടെ സ്റ്റാര്‍ഡം കാണിക്കാന്‍ തിരക്കഥകള്‍ പൊളിച്ചെഴുതപ്പെടുകയാണ്. ആ രീതിയ്ക്ക് മാറ്റം വരാത്തിടത്തോളം മലയാള സിനിമ ഇത് പോലെ ചവറ് സ്ര്യഷ്ടികളായി പ്രേക്ഷകരിലേക്ക് വന്നുകൊണ്ടേയിരിക്കും.

വളരെ നല്ല ലേഖനം നായരേ... അഭിനന്ദനങ്ങള്‍...

Anonymous said...

പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ പണ്ടെപ്പോഴോ എടുത്ത് വിജയിച്ച സിനിമകളുടെ റീമേക്കോ അല്ലെങ്കില്‍ രണ്ടാം ഭാഗമോ മൂന്നാം ഭാഗമോ ഒക്കെ എടുത്ത് സിനിമ എന്ന ഇരുപതാം നൂറ്റാണ്ടിന്റെ കലയെ ആ നൂറ്റാണ്ടില്‍ തന്നെ തളച്ചിടാനാണ് മലയാള സിനിമയുടെ സംഘടനാ പ്രവര്‍ത്തകര്‍ ചെയ്യുന്നത്.

Very very correct Naayar! This is 100% True.

ഒഴാക്കന്‍. said...

നായരെ, പറഞ്ഞത് നന്നായി കുറച്ച് കാഷ് ലാഭം കിട്ടി ഇല്ലെങ്കില്‍ പ്രമാണിയും താന്തോനിയും ഒക്കെ കൊണ്ടുപോയേനെ